പ്രഭാതത്തിൽ ഒരുപാട് തിരക്കുകളെ അഭിമുഖീകരിക്കേണ്ടിവരുന്നവരാണ് നമ്മൾ ഓരോരുത്തരും. ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കുകയും ഒപ്പം ജോലിക്കുപോകുകയും ചെയ്യേണ്ടിവരുന്ന മാതാപിതാക്കൾ പ്രഭാതത്തിലെ തിരക്കുകളെ അതിജീവിക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരാണ്. ഭക്ഷണം തയ്യാറാക്കുക, കുഞ്ഞുങ്ങളെ ഉണർത്തി ഒരുക്കിയിറക്കുക തുടങ്ങി ചെയ്തുതീർക്കേണ്ട കാര്യങ്ങളെ കൃത്യമായും സമാധാനപരമായും ക്രമീകരിക്കാനും മാനസികപിരിമുറുക്കങ്ങളില്ലാതെ മുന്നേറാനും സഹായകരമായ മൂന്നു മാർഗങ്ങൾ മനസ്സിലാക്കാം.
1. കുഞ്ഞുങ്ങളോടൊപ്പം ചർച്ചകൾ നടത്തുക
നമ്മുടെ അധ്വാനങ്ങളിൽ കുഞ്ഞുങ്ങളെക്കൂടി പങ്കുകാരാക്കിക്കൊണ്ട് നമ്മുടെ തിരക്കുകളെ ക്രമീകരിക്കാം. പഠനവും ജോലിയുംകഴിഞ്ഞ് തിരിച്ചെത്തി രാത്രി ഒന്നിച്ച് സമയം പങ്കുവയ്ക്കുന്ന സമയങ്ങളിൽ, പ്രഭാതത്തിലെ ജോലികളെ ക്രമീകരിക്കാം. ജീവിതപങ്കാളിയെയും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രഭാതജോലികളെ ക്രമീകരിക്കാം.
ഇളയകുഞ്ഞുങ്ങളെ വസ്ത്രങ്ങൾ ധരിപ്പിക്കാനും ഷൂസ് ധരിപ്പിക്കാനും അവരുടെ ബാഗിൽ പുസ്തകങ്ങൾ എടുത്തുവയ്ക്കാനും മുതിർന്ന കുഞ്ഞുങ്ങളെ ചുമതലപ്പെടുത്താം. കുഞ്ഞുങ്ങൾ അവരുടെ കാര്യങ്ങൾ കൃത്യമായി ചെയ്യുമ്പോൾ അവർക്ക് പാരിതോഷികങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാം. ഒന്നിച്ചിരുന്ന് ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ഓരോ ഉത്തരവാദിത്വങ്ങളും ചുമതലപ്പെടുത്തുകയും ചെയ്യണം.
2. തലേദിവസം ക്രമീകരിക്കാവുന്നവ രാത്രിയിൽ തന്നെ ചെയ്യാൻ ശ്രമിക്കുക
തലേദിവസം ക്രമീകരിക്കാവുന്ന കാര്യങ്ങൾ രാത്രിയിൽതന്നെ ചെയ്തുവയ്ക്കുന്നതിലൂടെ പ്രഭാതത്തിലെ തിരക്കുകൾ ഒരുപരിധി വരെ ലഘൂകരിക്കാം.
ഭക്ഷണത്തിനാവശ്യമായ പദാർഥങ്ങൾ ഒരുക്കിവയ്ക്കുകയും കറികൾക്കാവശ്യമായ പച്ചക്കറികളും മറ്റും അരിഞ്ഞ് ക്രമപ്പെടുത്തുകയും ചെയ്യാം. പെട്ടന്ന് തയ്യാറാക്കാവുന്ന ഭക്ഷണപദാർഥങ്ങൾ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങളുടെ പഠനത്തിനൊടുവിൽ, സ്കൂൾബാഗിൽ പുസ്തകങ്ങൾ ക്രമീകരിക്കുന്നതും പിറ്റേദിവസം ധരിക്കേണ്ട അവരുടെ വസ്ത്രങ്ങൾ എടുത്തുവയ്ക്കുന്നതും ജോലികളെ ലഘൂകരിക്കും.
3. യാത്രാസമയങ്ങൾ നേരത്തെ ക്രമീകരിച്ചിറങ്ങുക
കുഞ്ഞുങ്ങളെ സ്കൂളിലെത്തിക്കാനും ജോലിയിൽ കയറാനുമുള്ള കൃത്യസമയം കണക്കാക്കിപ്പോകുന്നതിനേക്കാൾ, അല്പം നേരത്തെ ഇറങ്ങുന്നത് നല്ലതായിരിക്കും. വാഹനങ്ങളുടെ തിരക്കിൽപെട്ടും അപ്രതീക്ഷിതമായ മറ്റുകാരണങ്ങളാലും സമയത്തിനെത്താൻ സാധിക്കാതെവരുന്നത് മാനസികപിരിമുറുക്കങ്ങൾക്ക് കാരണമാകാം. ഇത് ഒഴിവാക്കാൻ സമയവും കാര്യങ്ങളും കൃത്യമായി ക്രമീകരിക്കാം.