Sunday, November 24, 2024

വെള്ളവും ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ പാക്കിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികള്‍

അറസ്റ്റും നാടുകടത്തലും ഒഴിവാക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് സ്വന്തം നാട്ടിലെത്തുന്ന അഫ്ഗാന്‍ കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും കുടിവെള്ളവും ടോയ്ലറ്റ് സൗകര്യങ്ങളും ഇല്ലെന്നും അതിര്‍ത്തികളില്‍, തുറസ്സായ സ്ഥലത്താണ് അവര്‍ ഉറങ്ങുന്നതെന്നും എയ്ഡ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടുതോറും കയറിയിറങ്ങി കുടിയേറ്റക്കാരുടെ ഡോക്യുമെന്റേഷന്‍ പരിശോധിച്ച്, അനധികൃതമായി രാജ്യത്ത് നിലനില്‍ക്കുന്ന വിദേശികളോട് മടങ്ങി പോകണമെന്ന് പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍പ്രകാരം ലക്ഷക്കണക്കിന് അഫ്ഗാനികള്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ പാക്കിസ്ഥാന്‍ വിട്ടു.

ടോര്‍ഖാം, ചമന്‍ എന്നീ രണ്ട് പ്രധാന അതിര്‍ത്തി ക്രോസിംഗുകളില്‍ നിന്നാണ് അഫ്ഗാന്‍കാര്‍ പാക്കിസ്ഥാന്‍ വിടുന്നത്. ആളുകള്‍ക്ക് താമസിക്കാന്‍ ഭരണകക്ഷിയായ താലിബാന്‍ ചില അതിര്‍ത്തികളില്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാനിലെ അവരുടെ സ്വന്തം ജന്മസ്ഥലത്തേക്ക് തിരിച്ചു പോകാനാണ് ആളുകള്‍ കാത്തിരിക്കുന്നത്.

കുടിവെള്ളം, ചൂട്, വെളിച്ചം, ശുചിമുറി എന്നിവ ക്യാമ്പുകളിലില്ല. അതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനവും ശുചിത്വമില്ലായ്മയും പതിവായിരിക്കുന്നു. യുഎന്‍ ഏജന്‍സികളും സഹായ സംഘങ്ങളും ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

17 വര്‍ഷമായി വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ താമസിച്ചിരുന്ന കായല്‍ മുഹമ്മദിനേയും കുടുംബത്തേയും പാക്കിസ്ഥാന്‍ തിരിച്ചയച്ചു. അഞ്ച് കുട്ടികളോടൊപ്പം അദ്ദേഹം നാടുകടത്തപ്പെട്ടു. വീട്ടുസാധനങ്ങളൊന്നും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും സ്വന്തമായുള്ളതെല്ലാം പാക്കിസ്ഥാനില്‍ അവശേഷിക്കുകയാണ്.

അന്താരാഷ്ട്ര സമൂഹത്തോട് സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ് മുഹമ്മദ്. ‘ഞങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാരിനോട് ഒന്നും ചോദിക്കാന്‍ കഴിയില്ല, അവര്‍ക്ക് ഒന്നുമില്ല, കാരണം അവര്‍ ഇതുവരെ ഒരു സര്‍ക്കാരായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവിടെ ഒന്നുമില്ലാത്ത, ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുണ്ട്. അവര്‍ ആകാശത്തിന്‍ കീഴില്‍ ജീവിക്കുന്നു. ആരും സഹായിക്കുന്നില്ല’.

അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നാടുവിടാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ധാരാളം അഫ്ഗാന്‍ അഭയാര്‍ഥികള്‍ ടോര്‍ഖാം അതിര്‍ത്തിയില്‍ പ്രവേശിച്ചു. മടങ്ങിയെത്തുന്ന കുട്ടികളില്‍ പലര്‍ക്കും വിദ്യാഭ്യാസ രേഖകളില്ലാത്തതിനാല്‍ പഠനം തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഉറുദു പഠിച്ചതിനാല്‍ പ്രാദേശിക അഫ്ഗാന്‍ ഭാഷകളായ ദാരി, പാഷ്‌തോ എന്നിവ അറിയില്ലെന്നും സേവ് ദി ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ കണ്‍ട്രി ഡയറക്ടര്‍ അര്‍ഷാദ് മാലിക് പറഞ്ഞു.

വിദ്യാഭ്യാസം ശരിയായി ലഭിക്കാതെ വന്നാല്‍ കള്ളക്കടത്തിലും അനധികൃത ചരക്ക് കൈമാറ്റത്തിലും കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തിയതോടെ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ വെല്ലുവിളികളാല്‍ ഞെരുങ്ങുകയാണ്.

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 31 ന് മുമ്പ് രാജ്യത്ത് ഏകദേശം 4 ദശലക്ഷം വിദേശികള്‍ ഉണ്ടായിരുന്നു. അവരില്‍ ഏകദേശം 3.8 ദശലക്ഷം അഫ്ഗാനികളാണ്. ഇവരില്‍ 2.2 ദശലക്ഷം അഫ്ഗാനികള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ച രേഖ കൈവശം വയ്ക്കുന്നത്. അതുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്ത് താമസിക്കാന്‍ അര്‍ഹതയുള്ളത്.

Latest News