മത്സരപരീക്ഷകള്‍ക്കായി ഒരുങ്ങുന്ന വിദ്യാർഥികളുടെ പൊതുവായ പരാതിയും ആശങ്കയുമാണ്, ആവശ്യത്തിനു സമയം ലഭിക്കുന്നില്ല എന്നത്. അറിയാവുന്ന ഉത്തരങ്ങള്‍പോലും നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവരുമ്പോഴും സമയത്തിനെ കുറ്റപ്പെടുത്താനാണ് പലപ്പോഴും വിദ്യാർഥികള്‍ താല്പര്യപ്പെടുന്നത്. എന്നാല്‍ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ തിരിച്ചറിയേണ്ടുന്ന പ്രധാനകാര്യം, സമയമല്ല എഴുത്തിന്റെ വേഗതയാണ് യഥാര്‍ഥ പ്രശ്‍നം എന്നുള്ളതാണ്. അതിനാല്‍ പരീക്ഷകളെ സമീപിക്കുമ്പോള്‍ നിങ്ങളുടെ എഴുത്തിന്റെ വേഗതയെ സഹായിക്കാനുതകുന്ന ചില ഘടകങ്ങള്‍ പരിശോധിക്കാം.
1, നിങ്ങളുടെ എഴുത്തിന്റെ വേഗത കൂട്ടുന്നതിന് മത്സരപരീക്ഷയുടെ അതേ പ്രാധാന്യത്തോടെ മോക് ടെസ്റ്റുകള്‍ നടത്തുന്നത് ശീലമാക്കുക.
2, ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരപേപ്പറില്‍ എഴുതാന്‍പോകുന്ന ആശയം അഥവാ ഉള്ളടക്കം ആസൂത്രണം ചെയ്യുക. ഇത് നിങ്ങളുടെ എഴുത്തിന് സുഗമമായ തുടര്‍ച്ച നല്‍കുകയും നിഷ്പ്രയാസം ഉത്തരം പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുകായും ചെയ്യും.
3, എഴുത്തിന്റെ പൂര്‍ണ്ണത നോക്കിപ്പോകുന്നത് നിങ്ങളുടെ സമയം നഷ്ടമാക്കും. അതിനാല്‍, പരീക്ഷ എഴുതുമ്പോള്‍ വിട്ടുപോയ ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ച് സമയം കളയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4, പരീക്ഷയില്‍ വലിയ സെക്ഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഉചിതം. ചെറിയ സെക്ഷനുകള്‍ക്കായി ഒരുപാട് സമയം കളയുന്നത് ഒഴിവാക്കുക. ഇത് മത്സരപരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നതിനു സഹായിക്കുന്നു.
5, ഉത്തരത്തില്‍ ബുള്ളറ്റ് പോയിന്‍റുകള്‍ ഉപയോഗിച്ച് ആശയങ്ങളെ ചുരുക്കുക. ഇത് സമയലാഭത്തിനും ഉത്തരക്കടലാസ് നോക്കുന്ന വ്യക്തികള്‍ക്ക് പ്രധാന പോയിന്‍റുകള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു.
6, ആശയങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നതിനായി ഫ്ലോ ചാർട്ടുകൾ, പട്ടികകള്‍, ഇൻഫോഗ്രാഫിക്സ് എന്നിവ ഉപയോഗിക്കാം. ഇത് സമയലാഭത്തിനും കൂടുതല്‍ ഉത്തരങ്ങള്‍ പൂര്‍ത്തിയാക്കാനും സഹായിക്കുന്നു.
7, എഴുത്തിന്റെ വേഗതയെ എങ്ങനെ പരമാവധിയാക്കാം എന്നു മനസ്സിലാക്കി പേപ്പറിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ സമയം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക.