Sunday, November 24, 2024

ഹമാസില്‍ നിന്ന് മോചിതരായവര്‍ക്ക് പറയാനുള്ളത് ഭീകരാനുഭവങ്ങള്‍

ഹമാസ് ബന്ദികളാക്കിയ 240 പേരില്‍ 60-ലധികം പേരെ ഇപ്പോള്‍ ഇസ്രായേല്‍-ഹമാസ് സന്ധി കരാര്‍ പ്രകാരം മോചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗാസയില്‍ നിന്ന് മോചിതരായവരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. അനിശ്ചിതത്വവും ഭയവും നിറഞ്ഞ ആ ദിവസങ്ങളിലെ ഓര്‍മ്മകളാണ് ബന്ദികളാക്കപ്പെട്ടവരില്‍ ഓരോരുത്തരും വിവരിക്കുന്നത്.

തങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് നേരിട്ട് സംസാരിച്ചവര്‍ ചുരുക്കമാണ്. ബന്ദികള്‍ നേരിട്ട വൈകാരികവും ശാരീരികവുമായ മുറിവുകളെക്കുറിച്ച് അവരുടെ ബന്ധുക്കളാണ് വിവരങ്ങള്‍ നല്‍കുന്നത്. ഹമാസിന്റെ ബന്ദികളില്‍ ഒരാളായ 78 കാരിയായ റുതി മുണ്ടര്‍ പറഞ്ഞത്, തന്റെ മകന്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടതായി താന്‍ അറിഞ്ഞത് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്ന റേഡിയോ കേട്ടാണാണെന്നാണ്. 78 കാരിയായ റുതി മുണ്ടര്‍, മകള്‍ കെറന്‍ (54), ഒമ്പത് വയസ്സുള്ള ചെറുമകന്‍ ഒഹാദ് മുണ്ടര്‍-സിക്രി എന്നിവരോടൊപ്പം വെള്ളിയാഴ്ചയാണ് മോചിതയായത്.

ഫ്രഞ്ച് ടെലിവിഷന്‍ ചാനലായ BFMന് നല്‍കിയ അഭിമുഖത്തില്‍, മിസിസ് കോഹന്‍ തന്റെ പന്ത്രണ്ട് വയസുകാരനായ അനന്തരവന്‍, എയ്തന്‍, കഴിഞ്ഞ 52 ദിവസങ്ങളില്‍ ബന്ദിയായി കഴിഞ്ഞ അവസ്ഥകള്‍ വിവരിച്ചു. ‘അവന്‍ ഗാസയില്‍ എത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് അവനെ മര്‍ദിച്ചു. അവന്‍ 12 വയസ്സുള്ള കുട്ടിയാണ് എന്നു പോലും പരിഗണിച്ചില്ല. കരയുന്നവരെ റൈഫിള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി’. അവര്‍ പറഞ്ഞു. കൂടാതെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പകര്‍ത്തിയത് കാണാന്‍ തന്നെ ഹമാസ് നിര്‍ബന്ധിച്ചതായും എയ്തന്‍ തന്നോട് പറഞ്ഞതായി കോഹന്‍ പറഞ്ഞു.

‘എയ്തന്‍ പുറത്തെത്തിയപ്പോള്‍ ഞാന്‍ അതിയായി സന്തോഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ ഞാന്‍ വിഷമിക്കുന്നു. ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ആര്‍ക്കാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുക എന്ന് എനിക്കറിയില്ല. എയ്തന്റെ പിതാവ് ഒഹാദും വെടിയേറ്റ് ഗസ്സയില്‍ തടവില്‍ കഴിയുകയാണ്’. കോഹന്‍ പറയുന്നു.

ആളുകള്‍ തിങ്ങിനിറഞ്ഞ ഭൂഗര്‍ഭ ഇടനാഴികളിലും വായു സഞ്ചാരമില്ലാത്ത ഇരുട്ടു മുറികളിലും താമസിപ്പിച്ചതായി മറ്റ് ബന്ദികള്‍ പറഞ്ഞു. വെറും ബെഞ്ചുകളിലാണ് പലരും ഉറങ്ങിയിരുന്നത്. ആണ്‍കുട്ടികള്‍ നിലത്ത് ബെഞ്ചുകള്‍ക്ക് താഴെയാണ് ഉറങ്ങിയത്. ഗാര്‍ഡുകള്‍ കര്‍ശനമായി എല്ലാകാര്യങ്ങളും നിയന്ത്രിക്കുമായിരുന്നെന്നും പരസ്പരം സംസാരിക്കാനോ ഏതെങ്കിലും തരത്തില്‍ ആശയവിനിമയത്തിന് ശ്രമിക്കാനോ അവര്‍ സമ്മതിച്ചില്ലെന്നും ബന്ദികള്‍ പറയുന്നു. പലരുടേയും ശരീരഭാരം അപകടകരമാം വിധം കുറഞ്ഞു. മോചിതരായ കുട്ടികളെ പരിപാലിക്കുന്നവര്‍ പറയുന്നത്, പലരും മാനസിക പിരിമുറുക്കത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ്.

84 കാരിയായ എല്‍മ അവ്രഹാമിനെ ഞായറാഴ്ച മോചിപ്പിച്ച ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ ബീര്‍ഷെബയിലെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിനോടകം അനുഭവിച്ച അമ്മയെ ഹമാസ് ഭയാനകമായ അവസ്ഥയില്‍ ബന്ദിയാക്കുകയായിരുന്നുവെന്ന് മകള്‍ താലി അമാനോ പറഞ്ഞു. 50 ദിവസത്തോളം അവര്‍ക്ക് സുപ്രധാന ദൈനംദിന മരുന്നുകളും നിഷേധിക്കപ്പെട്ടു.

ഒക്ടോബര്‍ 23-ന് മോചിപ്പിക്കപ്പെട്ട 85 വയസ്സുള്ള ബന്ദിയായ യോചെവെഡ് ലിഫ്ഷിറ്റ്‌സ് പറഞ്ഞത് ഇക്കഴിഞ്ഞ നാളുകളില്‍ അവര്‍ കടന്നുപോയത് നരകത്തിലൂടെയായിരുന്നുവെന്നാണ്. ഹമാസ് പ്രവര്‍ത്തകര്‍ തന്നെ വടികൊണ്ട് അടിക്കുകയും ഗാസയിലെ തുരങ്കങ്ങളില്‍ താമസിപ്പിക്കുകയും ചെയ്‌തെന്നാണ്.

സമാനമായ അനുഭവങ്ങളാണ് ഹമാസില്‍ നിന്ന് മോചനം നേടിയ ഓരോരുത്തര്‍ക്കും പറയാനുള്ളത്. മേലില്‍ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത കാര്യങ്ങള്‍.

Latest News