Sunday, November 24, 2024

ഒക്ടോബര്‍ ഏഴിലെ ആക്രമണം; ഇസ്രായേലിലെ സ്ത്രീകളോട് ഹമാസ് ചെയ്തത് മാപ്പര്‍ഹിക്കാത്ത ക്രൂരതയെന്ന് ദൃക്‌സാക്ഷികള്‍

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തിയതി ഹമാസ് ഇസ്രായേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങി സ്ത്രീകള്‍ക്ക് നേരെയും ധാരാളം അതിക്രമങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് തെളിവുകള്‍ സഹിതം പുറത്തുവരുന്നത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശേഖരിക്കുകയും തിരിച്ചറിയാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന ആളുകളാണ് അവര്‍ മനസിലാക്കിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ സമൂഹത്തോട് പങ്കുവയ്ക്കുന്നത്. പല മൃതശരീരങ്ങളിലും അസ്ഥികള്‍ പലതും ഒടിഞ്ഞതായും ചതവുകളും മുറിവുകളും കൊണ്ട് വികൃതമായതായും കാണാമെന്ന് അവര്‍ പറയുന്നു. ബലാത്സംഗത്തിന്റെ ഇരകളില്‍ കുട്ടികളും കൗമാരക്കാരും മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്നത്.

സമാനമായ ഒരു അതിക്രമത്തിന്റെ ദൃക്സാക്ഷിയുടെ വീഡിയോ ഇസ്രായേല്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. അതില്‍ അയാള്‍ വെളിപ്പെടുത്തിയത്, ഹമാസ് പോരാളികള്‍ ഇരയെ കൂട്ടബലാത്സംഗം ചെയ്യുകയും അംഗഭംഗം വരുത്തിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ്.

ആക്രമണം നടന്ന ദിവസം ഹമാസ് തന്നെ ചിത്രീകരിച്ച വീഡിയോകള്‍ പിന്നീട് വിവിധ സൈറ്റുകളിലൂടെ പുറത്തു വന്നിരുന്നു. അതില്‍ നഗ്‌നരായി, രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന സ്ത്രീകളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കാണാമായിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന വീഡിയോകളും ഫോട്ടോകളും സൂചിപ്പിക്കുന്നത് ഹമാസ് അക്രമികള്‍ സ്ത്രീകളെ ലൈംഗികമായും ലക്ഷ്യം വച്ചിരുന്നു എന്നാണ്. ഒന്നിലധികം ഫോട്ടോഗ്രാഫുകളില്‍ സ്ത്രീകളുടെ ശരീരം അരയില്‍ നിന്ന് താഴേയ്ക്ക് നഗ്‌നമായിരിക്കുന്നതോ അല്ലെങ്കില്‍ അവരുടെ അടിവസ്ത്രങ്ങള്‍ വലിച്ചുകീറിയതായോ കാണപ്പെടുന്നു.

ആക്രമണസമയത്ത് നോവ ഫെസ്റ്റിവല്‍ സൈറ്റിലുണ്ടായിരുന്ന ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയത്, ഹമാസ് പോരാളികള്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ശരീരം വികൃതമാക്കുകയും ചെയ്യുന്നത് താന്‍ കണ്ടുവെന്നാണ്. അവസാനം അവളെ ബലാത്സംഗം ചെയ്തയാള്‍ അതിനിടെ അവളുടെ തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആക്രമണത്തിനിടെ അവര്‍ ഇരയുടെ ശരീരഭാഗങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റിയെന്നും ആ സ്ത്രീ വിശദമായി പറഞ്ഞു. ‘അവര്‍ അവളുടെ സ്തനങ്ങള്‍ മുറിച്ച് എറിഞ്ഞ് കളിക്കുകയായിരുന്നു’. ദൃക്‌സാക്ഷിയായ സ്ത്രീ വിറയലോടെ പറയുന്നു.

ഫെസ്റ്റിവല്‍ സൈറ്റില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പറഞ്ഞത്, കൊലപ്പെടുത്തപ്പെടുത്തലിന്റേയും ബലാത്സംഗത്തിന്റേയും ശിരഛേദം ചെയ്യുന്നതിന്റേയും ആക്രോശങ്ങളും ഇരകളുടെ കരച്ചിലും നിലവിളികളും കൊണ്ട് ഇവിടമെല്ലാം നിറഞ്ഞിരുന്നു എന്നാണ്. അതേസമയം, താന്‍ കേട്ട നിലവിളികളില്‍ പലതും മറ്റ് തരത്തിലുള്ള അക്രമങ്ങളേക്കാള്‍ ലൈംഗികാതിക്രമത്തെയാണ് സൂചിപ്പിക്കുന്നതെന്നും അയാള്‍ പറഞ്ഞു. തീര്‍ത്തും മനുഷ്യത്വരഹിതം എന്നാണ് ആ വ്യക്തി അന്നു നടന്ന സംഭവങ്ങളെ വിശേഷിപ്പിച്ചത്. ‘ചില സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടു, ചിലരെ പരിക്കുകളോടെ ബലാത്സംഗത്തിന് വിധേയരാക്കി എന്തിനേറെ, നിര്‍ജീവ ശരീരങ്ങളെ പോലും ഭീകരര്‍ ബലാത്സംഗം ചെയ്തു. എല്ലാവരേയും സഹായിക്കാന്‍ തീവ്രമായി ആഗ്രഹിച്ചെങ്കിലും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല’. അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഇസ്രായേലിന്റെ ആരോപണം ഹമാസ് തള്ളുകയാണ് ചെയ്തത്. ലൈംഗികാതിക്രമത്തിന്റെ ദൃക്സാക്ഷികള്‍ പലരേയും കണ്ടുകിട്ടെയെങ്കിലും അതിജീവിച്ച ഇരകളെയൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായ ഏതാനും പേര്‍ ആക്രമണത്തെ അതിജീവിച്ചെങ്കിലും അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവരെല്ലാം ഇപ്പോള്‍ മാനസികാഘാതത്തിന് ചികിത്സയിലാണെന്നും ഇസ്രായേല്‍ വനിതാ ശാക്തീകരണ മന്ത്രി മേ ഗോലന്‍ പറഞ്ഞു. ഇത്തരത്തില്‍ ഹമാസിന്റെ ക്രൂരതയ്ക്ക് വിധേയരായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest News