ഹമാസിനെതിരായ ഇസ്രായേലിന്റെ പോരാട്ടം രണ്ട് മാസം പിന്നിടുമ്പോള്‍ യുദ്ധത്തിന് വഴിവച്ച ഒക്ടോബര്‍ ഏഴാം തിയതിയിലെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും വിവരണങ്ങളും സാക്ഷിമൊഴികളുമാണ് ഒന്നൊന്നായി പുറത്തു വരുന്നത്. ഹമാസ് ഇസ്രായേല്‍ ജനതയ്ക്കു മേല്‍ നടത്തിയ നടുക്കുന്ന ആക്രമണത്തിന്റെ വിവരങ്ങള്‍, എന്തുകൊണ്ട് ഇസ്രായേല്‍ ഇപ്പോഴും പോരാട്ടം തുടരുന്നു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാവുകയാണ്.
ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ തെളിവായി പുറത്തുവന്ന ഒരു ഫോട്ടോയില്‍, കത്തിക്കരിഞ്ഞ ഒരു സ്ത്രീ ശരീരം വേദനകൊണ്ട് പുളയുന്നതായി കാണാം. മറ്റൊന്നില്‍, ഒരു സ്ത്രീ അര്‍ദ്ധനഗ്‌നയായി നിലത്തു കിടക്കുന്നു, അവളുടെ അടിവസ്ത്രം കാലില്‍ തൂങ്ങിക്കിടക്കുന്നു. കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ നിരവധി സ്ത്രീകളുടെ നഗ്നശരീരങ്ങള്‍ കണ്ടെത്തിയതായി ദൃക്‌സാക്ഷികളും പോലീസും വെളിപ്പെടുത്തി. ആക്രമണങ്ങളെ അതിജീവിച്ചവരില്‍ പല സ്ത്രീകളും തങ്ങള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും തുറന്നുപറയുന്നു. പിടിക്കപ്പെട്ട ഹമാസ് പോരാളികളെ ചോദ്യം ചെയ്തപ്പോള്‍ അവരും ഈ കുറ്റങ്ങള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നത് ഹമാസിന്റെ യുദ്ധതന്ത്രമാണെന്നും അവര്‍ വെളിപ്പെടുത്തി.
ഒക്ടോബര്‍ 7-ലെ ഭീകരാക്രമണത്തിനിടെ നിരവധി ഇസ്രായേലി സ്ത്രീകള്‍ ബലാത്സംഗത്തിനോ ലൈംഗികമായ ദുരുപയോഗത്തിനോ വിധേയരായതായി ഇസ്രായേല്‍ പ്രതിരോധ സേനയും ഇസ്രായേലി ഉദ്യോഗസ്ഥരും തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു. കത്രിക കൊണ്ട് ശരീരത്തില്‍ കുത്തുകയും കത്തി ഉപയോഗിച്ച് വരയുകയും ചില പുരുഷന്മാരുടെ ജനനേന്ദ്രിയത്തില്‍ മുറിവുണ്ടാക്കുകയുമെല്ലാം ചെയ്തതായി തെളിവുകളുണ്ട്.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ഈ ഭീകരാക്രമണത്തില്‍ 1,200-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. അവരുടെ ആക്രമണം സംബന്ധിച്ച തെളിവുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുവെന്നും അന്വേഷണം മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രായേലില്‍ ഞങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു അന്വേഷണത്തെ നേരിട്ടിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവ് മിരിത് ബാര്‍ മോറന്‍ പറഞ്ഞു. എന്തൊക്കെയാണ് അന്ന് സംഭവിച്ചത് എന്നതിന്റെ പൂര്‍ണ്ണ ചിത്രം ലഭിക്കാന്‍ അന്വേഷകര്‍ ദിവസവും മണിക്കൂറുകളോളം സാക്ഷിമൊഴികളും ചിത്രങ്ങളും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബാര്‍ മോറാന്‍ പറഞ്ഞു.
ഹമാസ് ഇസ്രായേലില്‍ ലൈംഗികാതിക്രമവും ലിംഗാധിഷ്ഠിത അക്രമവും നടത്തിയെന്ന് വിശ്വസിക്കുന്നതായി മനുഷ്യാവകാശ അന്വേഷകര്‍ പറയുന്നു. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വെടിയുണ്ടയോ കത്തിയോ കത്രികയോ ഉപയോഗിച്ച് സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങളെ അക്രമികള്‍ വികൃതമാക്കിയതായി വിവിധ മാധ്യമങ്ങളും ശരിവയ്ക്കുന്നു. ഹമാസ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലും സ്ത്രീകള്‍ക്കു നേരെ നടന്ന ക്രൂരവും പൈശാചികവുമായ ആക്രമണങ്ങളുടെ ദൃശ്യങ്ങളുണ്ടായിരുന്നു.
ആക്രമണത്തിന് ഇരകളായവരില്‍ പലരും മരിച്ചതിനാലും അതിജീവിച്ചവര്‍ സംസാരിക്കാന്‍ പോലുമാകാത്ത വിധം മാനസികമായി തളര്‍ന്നിരിക്കുന്നതിനാലും അന്ന് നടന്ന സംഭവങ്ങളുടെമേല്‍ വ്യക്തവും സമഗ്രവുമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.