Monday, November 25, 2024

എന്നുമുതലാണ് കരിങ്കൊടി പ്രതിഷേധത്തിന്റെ ചിഹ്നമായി മാറിയത്? കരിങ്കൊടി വീശി പ്രതിഷേധിച്ചാല്‍ എന്താണ് ശിക്ഷ?

മുഖ്യമന്ത്രിയ്ക്കും സംഘത്തിനും നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു…ഗവര്‍ണര്‍ക്കു നേരെ ഡിവൈഎഫ്‌ഐ കരിങ്കൊടി കാണിക്കുന്നു…കരിങ്കൊടി കാണിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നു, പാര്‍ട്ടി ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നു…അങ്ങനെയങ്ങനെ കുറച്ച് നാളുകളായി കരിങ്കൊടിയാണ് വാര്‍ത്തകളിലെ താരം. എന്തുകൊണ്ടാണ് പ്രതിഷേധിക്കാന്‍ കറുപ്പ് തിരഞ്ഞെടുക്കുന്നത്? കരിങ്കൊടി വീശി പ്രതിഷേധിച്ചാല്‍ എന്താണ് സംഭവിക്കുക?

പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിക്കുക എന്നത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. 18 ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് കറുപ്പിന് പ്രതിഷേധത്തിന്റെ നിറം ലഭിച്ചത്. അക്കാലത്ത് നടന്ന സ്പാനിഷ് പിന്തുടര്‍ച്ചാ യുദ്ധത്തില്‍ കാറ്റലോണിയന്‍ സാന്യം വീ ലിവ് ഫ്രീ ഓര്‍ വീ വില്‍ ഡൈ എന്നെഴുതിയ കറുത്ത പതാക കയ്യിലേന്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രങ്ങളും കൊടിയും പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ ആരംഭിച്ചത്.

ഇന്ത്യയിലും ചരിത്രത്തില്‍ ഇടം നേടിയ കരിങ്കൊടി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈമണ്‍ കമ്മീഷനെതിരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ നടന്ന കരിങ്കൊടി പ്രതിഷേധം അവസാനിച്ചത് രൂക്ഷമായ ലാത്തിച്ചാര്‍ജിലും അദ്ദേഹത്തിന്റെ മരണത്തിലുമാണ്.

കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 144, 145 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുക. നിയമ വിരുദ്ധമായി സംഘം ചേരലാണ് ഈ രണ്ട് വകുപ്പുകളും സൂചിപ്പിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നാല്‍ രണ്ട് വര്‍ഷം വരെയോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിച്ചേക്കാം. വഴിയോരത്ത് നിന്ന് കരിങ്കൊടി കാണിക്കുന്നവര്‍ക്കാണ് മേല്‍പറഞ്ഞ ശിക്ഷകള്‍ ലഭിക്കുക.

അതേസമയം വഴി തടഞ്ഞും വാഹനത്തിന് മുന്‍പിലേക്ക് ചാടിയും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ വകുപ്പും മാറും. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341 പ്രകാരമാണ് കേസ് എടുക്കുക. മറ്റൊരു വ്യക്തിയെ തടഞ്ഞുവയ്ക്കുന്ന കുറ്റമാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഐപിസി 151 കൂടി ചുമത്തിയേക്കാം. പൊതുസമാധാനം സംഘം ചേര്‍ന്ന് തടസപ്പെടുത്തിയാല്‍ ചുമത്തുന്ന കുറ്റമാണ് ഇത്.

Latest News