ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനെ അതിജീവിച്ചവര്‍ മറ്റൊരു കൊലയാളിയുടെ പിടിയിലാണ്. വ്യത്യസ്തമായ രോഗങ്ങളാണ് ആ കൊലയാളികള്‍. അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കാതെ ആളുകള്‍ രോഗത്തിന് അടിമപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ ആവശ്യമായ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഗാസയിലെ ആരോഗ്യസംവിധാനം മുഴുവന്‍ മുട്ടിലിഴയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പകര്‍ച്ചവ്യാധികളുടെ വലിയ വ്യാപനമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.
യുദ്ധം തുടങ്ങിയതിന് ശേഷം കുട്ടികളിലെ വയറിളക്കത്തിന് 66 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ 55 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ സംഖ്യകള്‍ ഇതിനേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന ഭയപ്പെടുന്നു.
കടുത്ത നിര്‍ജലീകരണം അനുഭവിക്കുന്ന കുട്ടികളെക്കൊണ്ട് തന്റെ വാര്‍ഡ് നിറഞ്ഞിരുന്നതായും ഇതുമൂലം വൃക്കകള്‍ തകരാറിലായ സംഭവങ്ങള്‍ വരെയുണ്ടെന്നും ഡോ. അഹമ്മദ് അല്‍ഫറ പറഞ്ഞു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ സ്ഥിതി ചെയ്യുന്ന നാസര്‍ ഹോസ്പിറ്റലിലെ കുട്ടികളുടെ വാര്‍ഡിലെ തലവനാണ് അദ്ദേഹം. കഴിഞ്ഞ 14 ദിവസത്തിനിടെ ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട 15 മുതല്‍ 30 കേസുകള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈറസുകളുടെ ഇന്‍കുബേഷന്‍ കാലം മൂന്ന് ആഴ്ച മുതല്‍ ഒരു മാസം വരെയാണ്. അതിനാല്‍, ഒരു മാസത്തിന് ശേഷം ഹെപ്പറ്റൈറ്റിസ് എയുടെ വളരെ വലിയൊരു പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയുണ്ട്, അദ്ദേഹം വ്യക്തമാക്കി.
ഗാസ മുനമ്പിലെ 36 ആശുപത്രികളില്‍ 21 എണ്ണവും അടച്ചുപൂട്ടിയിരിക്കുകയാണ്. 11 എണ്ണം ഭാഗികമായി പ്രവര്‍ത്തിക്കുമ്പോള്‍ നാലെണ്ണം ചെറിയ തോതില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നു. ”പ്രധാനപ്പെട്ട ഒരു കാര്യം ഗാസയിലുടനീളം ഛര്‍ദിപോലുള്ള പകര്‍ച്ചവ്യാധി പടരുന്നു എന്നതാണ്. മറ്റൊന്ന് ആ പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യമന്ത്രാലയത്തിനോ മാനുഷിക സംഘടനകള്‍ക്കോ കഴിയില്ലെന്നതാണ്,” ഗാസയിലെ എംഎസ്എഫിന്റെ എമര്‍ജന്‍സി മെഡിക്കല്‍ കോഡിനേറ്ററായ മേരി-ഓറെ പിയറോട്ട് പറഞ്ഞു.
യുദ്ധം മൂലമുള്ള പരോക്ഷമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ കാലക്രമേണ കൂടുതല്‍ വഷളാകുമെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഭക്ഷണവും പരിചരണവും ലഭിക്കാത്തതും അമ്മമാര്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതും നിമിത്തം നവജാത ശിശുക്കളിലെ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം കൊന്ന അത്രയും കുട്ടികള്‍ രോഗം മൂലവും മരണപ്പെടുമെന്നും അവര്‍ ഭയപ്പെടുന്നു.
അഭയാര്‍ഥികേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ആളുകളാല്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മിക്കവയിലും ടോയിലറ്റ് സൗകര്യങ്ങലും ശുദ്ധജലവും ഇല്ല, യുഎന്‍ആര്‍ഡബ്ല്യുഎയുടെ കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ജൂലിയറ്റ് ടൗമ പറഞ്ഞു. യുദ്ധത്തില്‍ തങ്ങളുടേയും 135 ജീവനക്കാര്‍ കൊല്ലപ്പെട്ടതിനാല്‍ തങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയുടെ കീഴിലുള്ള 70 ശതമാനം ആളുകളും ഗാസയില്‍ നിന്ന് പോയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.