Sunday, November 24, 2024

‘നിങ്ങളുടെ തെറ്റല്ല’: അബദ്ധത്തില്‍ മകനെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈനികര്‍ക്ക് സ്‌നേഹവും പിന്തുണയുമായി ഒരമ്മ

വടക്കന്‍ ഗാസയില്‍ വച്ച് ഹമാസിന്റെ ബന്ദിയായിരുന്ന തന്റെ മകനെ അബദ്ധത്തില്‍ വെടിവച്ച് കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈനികര്‍ക്ക് മാപ്പു നല്‍കി ഐറിസ് ഹൈം എന്ന ഇസ്രായേല്‍ക്കാരിയായ അമ്മ. തന്റെ മകനെ കൊന്ന സൈനികര്‍ക്കായി അവര്‍ ഒരു സന്ദേശവും എഴുതിയയച്ചു. താനും തന്റെ കുടുംബവും നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും തങ്ങളുടെ മകന്റെ മരണത്തിന് ഇസ്രായേല്‍ സൈനികരെ ഇനിയും ആരും കുറ്റപ്പെടുത്തരുതെന്നും അവര്‍ കത്തില്‍ പറഞ്ഞു.

‘സംഭവിച്ചതൊന്നും നിങ്ങളുടെ തെറ്റല്ല. ഹമാസിന്റെയല്ലാതെ മറ്റാരുടെയും തെറ്റല്ലെന്ന് എനിക്കറിയാം, ഭീകരരുടെ പേര് തുടച്ചുനീക്കപ്പെടട്ടെ, അവരുടെ ഓര്‍മ്മ പോലും ഭൂമിയില്‍ നിന്ന് മായ്ക്കപ്പെടട്ടെ. അതിനായുള്ള പോരാട്ടത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇസ്രായേലിലെ എല്ലാ ജനങ്ങള്‍ക്കും, ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളെ ആരോഗ്യത്തോടെ ആവശ്യമുണ്ട്’. ഹൈം തന്റെ കത്തില്‍ പറഞ്ഞു.

‘ഒരു തീവ്രവാദിയെ കണ്ടാല്‍ ഒരു നിമിഷം പോലും മടിക്കരുത്. ഒരാളെ ബോധപൂര്‍വ്വം കൊന്നുവെന്ന് മനസ്തപിക്കുകയും ചെയ്യരുത്. കാരണം അങ്ങനെ മാത്രമേ നിങ്ങള്‍ക്ക് ഞങ്ങളെ പരിപാലിക്കാന്‍ കഴിയൂ’. ആ അമ്മ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 7-ന് കിബ്ബത്ത്‌സ് കഫാര്‍ ആസയില്‍ നിന്നാണ് ഹമാസ് ഭീകരര്‍ ഐറിസ് ഹൈമിന്റെ മകന്‍ യോതാമിനെ (28) തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ 15-നാണ് തങ്ങളുടെ ഭീകരര്‍ക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള തിരച്ചിലില്‍ ഹമാസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് യോതോമിനേയും അലോണ്‍ ഷംരിസ്, സമര്‍ തലാല്‍ക്ക എന്നീ മറ്റ് രണ്ട് യുവാക്കളേയും ഐഡിഎഫ് സേന വെടിവച്ചു കൊന്നത്. പ്രസ്തുത പ്രദേശം മുഴുവന്‍ ഒരു യുദ്ധ മേഖലയായിരുന്നതിനാലും സംശയാസ്പദമായി കാണുന്ന ആര്‍ക്കും നേരെ വെടിയുതിര്‍ക്കാന്‍ അനുവാദമുണ്ടായിരുന്നതിനാലും ഹമാസിന്റെ ചാവേറുകളാണെന്ന് തെറ്റിദ്ധരിച്ചാണ് സ്വന്തം പൗരനായ യോതാമിനെയും മറ്റ് രണ്ടുപേരെയും ഐഡിഎഫ് അംഗങ്ങള്‍ വെടിവച്ചത്.

ദാരണുമായ സംഭവത്തില്‍ പശ്ചാത്തപിക്കുന്നുവെന്നറിയിച്ച ഇസ്രയേല്‍ സൈന്യം, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. സഹിക്കാനാവാത്ത ദുരന്തമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹു സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. ‘ഈ ദുഷ്‌കരമായ സാഹചര്യത്തിലും ഞങ്ങള്‍ നിങ്ങളുടെ മുറിവുകള്‍ മായ്ക്കാന്‍ ശ്രമിക്കുകയും സംഭവിച്ച അബദ്ധത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും തട്ടിക്കൊണ്ടുപോയ എല്ലാവരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള പരിശ്രമം തുടരുകയും ചെയ്യും’, നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനിടെ പിടിയിലായ നൂറോളം പേര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളായി തുടരുന്നുണ്ട്.

ഇസ്രയേല്‍ സൈന്യത്തിനെതിരെ ചാവേറാക്രമണം അടക്കം ഒട്ടേറെ ഭീഷണികള്‍ നേരിട്ടിരുന്ന ഒരു പ്രദേശത്തുവെച്ചാണ് അബദ്ധത്തിലുള്ള വെടിവെയ്പ്പുണ്ടായതെന്ന് ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിറല്‍ റിയല്‍ ഹഗാരി പറഞ്ഞു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.

വടക്കന്‍ ഗാസയിലെ ഷെജയ്യ ഹമാസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ നേരത്തെ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

 

 

 

Latest News