Monday, November 25, 2024

ഹിജാബ് ധരിക്കാത്തതിന് കുര്‍ദിഷ്-ഇറാന്‍ യുവതിക്ക് 74 തവണ ചാട്ടവാറടി

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹിജാബ് ധരിക്കാത്ത ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത റോയ ഹെഷ്മതി എന്ന കുര്‍ദിഷ്-ഇറാന്‍ യുവതിയെ 74 തവണ ചാട്ടവാറിനടിക്കാനുള്ള ശിക്ഷയ്ക്ക് വിധേയയാക്കിയതായി ഇറാനിയന്‍ മനുഷ്യാവകാശ സംഘടനയായ ഹെന്‍ഗാവിന്റെ പ്രവര്‍ത്തകര്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക ഭരണകൂടത്തിന്റെ ഹിജാബ് നിയമത്തിന്റെ തുറന്ന വിമര്‍ശക കൂടിയാണ് ഹെഷ്മതി.

ചാട്ടവാറടി നടക്കേണ്ട കോടതിയില്‍ പ്രവേശിച്ചപ്പോഴും താന്‍ ഹിജാബ് അഴിച്ചുമാറ്റിയതായി ഹെഷ്മതി പറഞ്ഞു. ‘പ്രശ്‌നം ഒഴിവാക്കാന്‍’ ശിരോവസ്ത്രം ധരിക്കാന്‍ തന്റെ വക്കീലും കോടതിയിലെ ഒരു ജീവനക്കാരനും ഉപദേശിച്ചെങ്കിലും താന്‍ വഴങ്ങിയില്ല എന്ന് ഹെഷ്മതി പറഞ്ഞു.

ചാട്ടവാറടി നടത്തുന്ന ഉദ്യോഗസ്ഥനും ഹിജാബ് ധരിക്കാന്‍ പറഞ്ഞു. ധരിക്കാതിരുന്നാല്‍ ചാട്ടവാറടി കഠിനമാക്കുമെന്നും ശിക്ഷയില്‍ അടിയുടെ എണ്ണം കൂട്ടുമെന്നും ഭീഷണിപ്പെടുത്തിയിട്ടും അവള്‍ വിസമ്മതിച്ചു. ”ഞാന്‍ എന്റെ നിലപാട് പാലിച്ചു, ഹിജാബ് ധരിച്ചില്ല,” ഹെഷ്മതി പറഞ്ഞു. ഒടുവില്‍, രണ്ട് സ്ത്രീകള്‍ വന്ന് ബലമായി അവളുടെ തലയില്‍ ഒരു സ്‌കാര്‍ഫ് ഇട്ടു. സ്‌കാര്‍ഫ് അവള്‍ ഊരാതിരിക്കാന്‍ അവളുടെ കൈകള്‍ ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ കഴിഞ്ഞ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ ശിരോവസ്ത്രം അഴിച്ചുമാറ്റിയെന്നും ഹെഷ്മതി കൂട്ടിച്ചേര്‍ത്തു.

ശിക്ഷ നടപ്പാക്കിയ മുറി പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു മധ്യകാല പീഡന മുറിയോട് സാമ്യമുള്ളതായിരുന്നുവെന്ന് ഹെഷ്മതി പറഞ്ഞു. ഹിജാബ് ധരിക്കാതെയുള്ള തന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് ഹെഷ്മതിയെ ആദ്യം അറസ്റ്റ് ചെയ്യുകയും അവളുടെ ഫോണും ലാപ്ടോപ്പും കണ്ടുകെട്ടുകയും ചെയ്തുവെന്ന് ഹെഷ്മതിയുടെ അഭിഭാഷകന്‍ മസിയാര്‍ തതായ് പറഞ്ഞു. ഭരണകൂടത്തിനെതിരായ പ്രചരണം, മതപരമായ ഹിജാബ് ധരിക്കാതെ തെരുവിലിറങ്ങിയത്, പൊതു നന്മയ്ക്ക് ഹാനികരം, അശ്ലീല ഉള്ളടക്കം നിര്‍മ്മിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി തവണ ഇറാനിയന്‍ ജുഡീഷ്യറി ഹേഷ്മതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചാട്ടവാറടിയ്ക്ക് കാരണമായി. ഹെഷ്മതി ദിവസങ്ങളോളം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.

ഇറാന്‍ ജുഡീഷ്യറിയുമായി ബന്ധമുള്ള മിസാന്‍ വാര്‍ത്താ ഏജന്‍സി, ഹെഷ്മതിയെ 74 തവണ ചാട്ടവാറടിച്ചതായി സ്ഥിരീകരിച്ചു. ഇറാനിലെ മാതൃദിനത്തിലാണ് ഹെഷ്മതിയുടെ ചാട്ടവാറടി നടന്നതെന്നതും ശ്രദ്ധേയം. അടുത്തിടെ മറ്റൊരു കേസില്‍, ഹിജാബ് ധരിക്കാത്ത ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതിന് ഒരു സ്ത്രീയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതായി ഇറാനിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.

ഹിജാബ് നിയമം ശക്തമാക്കി ഇറാന്‍

മഹ്സ അമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 2022-ല്‍ ഇറാനില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഹിജാബ് നിയമങ്ങളില്‍ താല്‍ക്കാലികമായി ഇളവ് വരുത്തിയെങ്കിലും, ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കെതിരെ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവരുടെ നടപടി കൂടുതല്‍ കര്‍ശനമാക്കി പുതുക്കുകയാണ് ചെയ്തത്.

കുര്‍ദിഷ്-ഇറാന്‍ വനിതയായ അമിനിയെ 2022 സെപ്റ്റംബര്‍ പകുതിയോടെ ടെഹ്റാനില്‍ വെച്ച് സദാചാര പോലീസ് ഉദ്യോഗസ്ഥര്‍ ഹിജാബ് തെറ്റായി ധരിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ അമിനി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അമിനിയുടെ മരണം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

 

Latest News