Sunday, November 24, 2024

അയോധ്യയിലെ രാമക്ഷേത്രത്തില്‍ 12 അടി ഉയരവും എട്ടടി വീതിയുമുള്ള സ്വര്‍ണ വാതില്‍ സ്ഥാപിച്ചു; മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണ വാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്.

രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 22ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന ദിവസം സംസ്ഥാനത്തുടനീളം മദ്യവില്‍പന ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തുകയും ചെയ്തിരുന്നു. ജനുവരി 14 ന് അയോധ്യയില്‍ ശുചിത്വ ക്യാംപെയ്ന്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയവരും മറ്റ് നിരവധി പ്രമുഖ വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബോളിവുഡ് സെലിബ്രിറ്റികള്‍, ക്രിക്കറ്റ് താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി 7,000 പേര് ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയില്‍ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകള്‍ നടക്കും. മറ്റ് പ്രധാന ചടങ്ങുകള്‍ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ പ്രതിഷ്ഠാ ദിവസം നടക്കും. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയില്‍ ഏകദേശം 3,000 വിവിഐപികളും 4,000 തീര്‍ത്ഥാടകരും ഉണ്ട്.

 

Latest News