Sunday, November 24, 2024

ഗാസയില്‍ മരണപ്പെട്ട 25,000 പേരില്‍ എഴുപത് ശതമാനം സ്ത്രീകളും കുട്ടികളും

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ഫലമായി, ഗാസയിലെ ജനസംഖ്യയുടെ ഏതാണ്ട് 85%, അതായത് 1.9 ദശലക്ഷത്തിലധികം ആളുകള്‍, ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഭയാനകമായ ജീവിത സാഹചര്യങ്ങള്‍ നേരിടുന്നുവെന്നും യുനിസെഫ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിച്ച വയറിളക്ക കേസുകളില്‍ ഞെട്ടിക്കുന്ന രീതിയില്‍ 4,000% വര്‍ദ്ധനവും ഉണ്ടായിരിക്കുന്നു. കുട്ടികളുടെ പോഷകാഹാരക്കുറവിലും അസുഖങ്ങളിലും ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ് സ്ഥിതി അതിവേഗം വഷളാക്കുന്നതാണെന്നും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത യുദ്ധബാധിത പ്രദേശങ്ങളിലെല്ലാം വളരെ പരിമിതമാണ്. പ്രത്യേകിച്ച് ഗാസയുടെ വടക്ക് ഭാഗത്ത്, 2,50,000 മുതല്‍ 3,00,000 വരെ ആളുകള്‍ക്ക് ശുദ്ധ ജലവും ആവശ്യത്തിന് ഭക്ഷണവും ലഭ്യമല്ല. ദിവസേന കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് തടയാന്‍ മാനുഷികമായ വെടിനിര്‍ത്തലിനായുള്ള അടിയന്തര ആവശ്യകത യൂണിസെഫ് വൈസ് ഡയറക്ടര്‍ ജനറല്‍ ഊന്നിപ്പറഞ്ഞു.

തീവ്രമായ ബോംബിംഗുകള്‍ നടക്കുന്നതിനാല്‍ സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും തടസ്സപ്പെടുന്നു. വിവിധ തരം നിയന്ത്രണങ്ങള്‍ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നു. യുണിസെഫിന് പ്രവേശനാനുവാദമുള്ള പ്രദേശങ്ങളില്‍, ഡീസാലിനേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, ശീതകാല വസ്ത്രങ്ങളും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കാനും ആവശ്യമായ സഹായം അടിയന്തിരമായി എത്തിക്കാനും ഗാസയില്‍ ബന്ദികളാക്കിയ രണ്ട് ഇസ്രായേലി കുട്ടികളുടെ സുരക്ഷിതവും നിരുപാധികവുമായ മോചനത്തിന് ഒരു മാനുഷിക വെടിനിര്‍ത്തലിന്റെ അടിയന്തരാവസ്ഥ യുണിസെഫ് ഊന്നിപ്പറഞ്ഞു. ഗാസയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കാന്‍ അന്താരാഷ്ട്ര നടപടിയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് യുനിസെഫ് വൈസ് ഡയറക്ടര്‍ ജനറല്‍ തന്റെ റിപ്പോര്‍ട്ട് ഉപസംഹരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

Latest News