Monday, November 25, 2024

ചരിത്രം രചിച്ച് അയോധ്യയിലെ രാമക്ഷേത്രം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ കര്‍മ്മം ഇന്നാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12.20 ഓട് കൂടിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 12.30 നുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഒരുമണിവരെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നീണ്ട് നില്‍ക്കും. പരിപാടിയില്‍ പങ്കെടുക്കാനായി വിശിഷ്ട വ്യക്തിത്വങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞു. രാജ്യം മുഴുവന്‍ ചര്‍ച്ചാ വിഷയമായ രാമക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കൂടുതലറിയാം…

ചരിത്രത്തിന്റെ നാള്‍ വഴികള്‍

ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന്റെ ഉത്ഭവം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്, അയോധ്യയിലെ സ്ഥലവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ വേരൂന്നിയതാണ്. ഇത് രാമന്റെ ജന്മസ്ഥലമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുകയും മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നു.

1980-കളില്‍ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) രാഷ്ട്രീയ സ്വയംസേവക് സംഘവും (ആര്‍എസ്എസ്) ഉള്‍പ്പെടെ വിവിധ വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയണമെന്ന് വാദിക്കുന്ന പ്രചാരണങ്ങള്‍ ആരംഭിച്ചതോടെയാണ് വിഷയം ശക്തി പ്രാപിച്ചത്. 1990 സെപ്റ്റംബര്‍ 25 ന് ഗുജറാത്തിലെ സോമനാഥില്‍ നിന്ന് ആരംഭിച്ച ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രാമരഥയാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമായി ഉയര്‍ന്നു.

1992 ഡിസംബര്‍ 6-ന് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കര്‍സേവകരുടെ (ഹിന്ദു സന്നദ്ധപ്രവര്‍ത്തകര്‍) ഒരു വലിയ സംഘം ഒത്തുകൂടിയതോടെ സ്ഥിതി വഷളായി. വര്‍ദ്ധിച്ചുവരുന്ന വികാരങ്ങള്‍ക്കും തീക്ഷ്ണതയ്ക്കും ഇടയില്‍, സ്ഥിതിഗതികള്‍ അസ്ഥിരമായി. രാഷ്ട്രീയ നേതാക്കളും നിയമപാലകരും പരിഹാരം ഉറപ്പു നല്‍കിയിട്ടും ജനക്കൂട്ടം സുരക്ഷാ വലയം ലംഘിച്ച് ബാബറി മസ്ജിദ് തകര്‍ത്തു. അത് ഇന്ത്യയിലുടനീളം ഹിന്ദു, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ വ്യാപകമായ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാവുകയും ചെയ്തു.

പിന്നീട്, അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ 2019-ല്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു, തര്‍ക്കഭൂമി രാമക്ഷേത്ര ട്രസ്റ്റിന് ഏകകണ്ഠമായി കൈമാറുകയും സുന്നി വഖഫ് ബോര്‍ഡിന് അനുയോജ്യമായ 5 ഏക്കര്‍ ഭൂമി നല്‍കുമെന്നും വിധിച്ചു. തുടര്‍ന്നാണ് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്.

ക്ഷേത്ര നിര്‍മ്മിതിയുടെ പ്രത്യേകതകള്‍

പരമ്പരാഗത നാഗര്‍ ശൈലിയിലാണ് ക്ഷേത്ര മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 380 അടിയാണ് (കിഴക്ക് പടിഞ്ഞാറന്‍ ദിശയില്‍) ക്ഷേത്രത്തിന്റെ നീളം. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. 392 തൂണുകളും 44 വാതിലുകളുമുണ്ട്. പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്. 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള മതില്‍ ക്ഷേത്രത്തിന്റെ ചുറ്റുമായി നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്ര വളപ്പില്‍ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളുണ്ട്. സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവരെയാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്ക് ഭാഗം അന്നപൂര്‍ണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവുമാണ് ഉള്ളത്. പുരാതനകാലത്തുള്ള ചരിത്രപ്രസിദ്ധമായ കിണറും (സീതാ കൂപ്പ്) ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ അടിത്തറ 14 മീറ്റര്‍ കനമുള്ള റോളര്‍-കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കൃത്രിമ പാറയുടെ രൂപം നല്‍കുന്നു. ക്ഷേത്ര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്‌നി സുരക്ഷാ ജലവിതരണം, വൈദ്യുത നിലയം എന്നിവയെല്ലാമുണ്ട്.

25,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന പില്‍ഗ്രിംസ് ഫെസിലിറ്റി സെന്ററും ക്ഷേത്രത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ, ലോക്കര്‍ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

എന്താണ് പ്രാണപ്രതിഷ്ഠ?

ഹിന്ദു, ജൈന മതവിശ്വാസികള്‍ക്കിടയിലെ ആചാരമാണ് പ്രാണപ്രതിഷ്ഠ. വിവിധ പരിപാടികളും പൂജകളും ഉള്‍പ്പെടെ മണിക്കൂറുകള്‍ എടുത്ത് നടത്തുന്ന ചടങ്ങില്‍ 84 സെക്കന്‍ഡ് മാത്രമാണ് പ്രാണപ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം.

ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് ശ്രീരാമന്‍ ജനിച്ചതെന്നാണ് ഹിന്ദുവിശ്വാസം. ഇതിനാലാണ് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞുള്ള സമയം പ്രാണപ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തത്. അമ്പലത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്റെ മിഴികള്‍ തുറക്കുന്ന ചടങ്ങുകൂടിയാണ് ഇത്. മന്ത്രങ്ങളും പൂജകള്‍ക്കും ശേഷം വിഗ്രഹത്തിന്റെ മിഴികള്‍ തുറക്കുകയും ഇതില്‍ ആരാധനമൂര്‍ത്തിയുടെ ചൈതന്യം ആവാഹിക്കുമെന്നുമാണ് വിശ്വാസം. മന്ത്രങ്ങള്‍ ജപിച്ചും ആ വിഗ്രഹത്തെ അഭിഷേകം ചെയ്തുമാണ് ചടങ്ങ് നടക്കുന്നത്.

 

 

Latest News