Sunday, November 24, 2024

പാലസ്തീനില്‍ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി പതിനഞ്ചുകാരന്‍; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ‘ഗാസയുടെ ന്യൂട്ടണ്‍’

ഗാസയില്‍ ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള പോരാട്ടം തുടരുകയാണ്. ജനസംഖ്യയുടെ 80 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. പട്ടിണിയും അടിസ്ഥാന അവശ്യ സാധനങ്ങളുടെ കടുത്ത ദൗര്‍ലഭ്യവും നേരിടുകയാണ് ഗാസയിലെ ഓരോരുത്തരും. ഇപ്പോഴിതാ യുദ്ധം മൂലം തന്റെ കുടുംബത്തിനുണ്ടായ ദുരിതം കണ്ടറിഞ്ഞ് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് മാതൃകയാവുകയാണ് 15കാരനായ ഹുസാം അല്‍ അത്തര്‍.

രണ്ട് ഫാനുകളില്‍ നിന്നും ആവശ്യമായ വയറുകളും മറ്റു ഉപകരണങ്ങളും ഘടിപ്പിച്ചു. ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള ചെറിയ കാറ്റാടി യന്ത്രങ്ങളായി പ്രവര്‍ത്തിക്കാന്‍ ഫാനുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി സ്ഥാപിച്ചു. ഫാന്‍ കറങ്ങുന്നതിന് അനുസരിച്ച് വൈദ്യുതി ലഭിക്കാന്‍ തുടങ്ങി.

വടക്കന്‍ ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ട ഹുസാമും കുടുംബവും റഫയിലെ ടെന്റിലാണ് കഴിയുന്നത്. ഹുസാമിനെ ഇപ്പോള്‍ പ്രദേശവാസികള്‍ വിളിക്കുന്നത് ‘ഗാസയുടെ ന്യൂട്ടണ്‍’ എന്നാണ്.

‘ഞാനും ന്യൂട്ടനും തമ്മിലുള്ള സാമ്യം കൊണ്ടാണ് അവര്‍ എന്നെ ഗസ്സയുടെ ന്യൂട്ടണ്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ന്യൂട്ടണ്‍ ഒരു ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ആപ്പിള്‍ തലയില്‍ വീഴുകയും ഗുരുത്വാകര്‍ഷണം കണ്ടെത്തുകയും ചെയ്തു. ഞങ്ങള്‍ ഇവിടെ ഇരുട്ടിലും ദുരിതത്തിലുമാണ് കഴിയുന്നത്, റോക്കറ്റുകള്‍ ഞങ്ങളുടെ മേല്‍ പതിക്കുന്നു, അതിനാല്‍ ഞാന്‍ വെളിച്ചം സൃഷ്ടിക്കാന്‍ ആലോചിച്ചു. രാത്രിയിലെ പേടിപ്പിക്കുന്ന ഇരുട്ടാണ് ഈ പുതിയ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.’ -ഹുസാം പറഞ്ഞു.

 

Latest News