Monday, November 25, 2024

തന്റെ കുടുംബത്തില്‍ നിന്ന് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന നാലാമത്തെയാള്‍; മറിയം നവാസ് ഷെരീഫിനെക്കുറിച്ചറിയാം

പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മറിയം നവാസ് ഷെരീഫ്. മൂന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ പുത്രിയാണ് അവര്‍. പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതകൂടിയാണ് അമ്പതുകാരിയായ മറിയം. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള ആദ്യ ചവിട്ടുപടിയായാണ് ഈ പദവി കരുതപ്പെടുന്നത്.

മറിയം നവാസ് ഷെരീഫ്

തന്റെ കുടുംബത്തില്‍ നിന്ന് പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന നാലാമത്തെയാളാണ് മറിയം. പാകിസ്താനിലെ 241 മില്ല്യണ്‍ ജനസംഖ്യയില്‍ 53 ശതമാനവും ഉള്‍ക്കൊള്ളുന്നത് പഞ്ചാബിലാണ്. രാജ്യത്തിന്റെ 350 മില്ല്യണ്‍ ജിഡിപിയില്‍ 60 ശതമാനം സംഭാവന ചെയ്യുന്നത് പഞ്ചാബാണ്. മറിയത്തിന്റെ പിതാവ് നവാസ് ഷെരീഫും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫും പഞ്ചാബിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്.

മികച്ച പ്രാസംഗികയായ മറിയം ഇതിന് മുമ്പ് ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ല. 2024-ലെ പൊതു തിരഞ്ഞെടുപ്പിലാണ് അവര്‍ ആദ്യമായി മത്സരിച്ചത്. അവരുടെ പിതാവിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസിനെ പ്രതിനിധീകരിച്ചാണ് അവര്‍ മത്സരിച്ചത്. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ച കുറ്റത്തിന് മറിയവും പിതാവ് നവാസ് ഷെരീഫും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2017-ന് ശേഷമാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അവര്‍ പ്രവേശിച്ചത്.

2019 അവസാനത്തോടെ നവാസ് ഷെരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. തുടര്‍ന്ന് തന്റെ പാര്‍ട്ടിയെയും കുടുംബത്തെയും ലക്ഷ്യം വെച്ച ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെയും രാജ്യത്തെ ശക്തരായ സൈന്യത്തെയും ജുഡീഷ്യറിയെയും നേരിടാന്‍ മറിയം നവാസ് രാജ്യവ്യാപകമായ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.

എതിരാളികളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് അവര്‍ ഇരയായിട്ടുണ്ട്. യാഥാത്ഥിതിക മുസ്ലിം രാഷ്ട്രത്തിലെ വനിതാ നേതാവെന്ന നിലയിലും അവരെ എതിരാളികള്‍ ലക്ഷ്യമിട്ടിരുന്നു. ചൗധരി ഷുഗര്‍ മില്‍സ് കേസുമായി ബന്ധപ്പെട്ട് മറിയം നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ ജയില്‍ മുറിയിലും കുളിമുറിയിലും അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി അവര്‍ ആരോപിച്ചിരുന്നു. ”രണ്ടുതവണയാണ് ഞാന്‍ ജയിലില്‍ പോയിട്ടുള്ളത്. ഒരു സ്ത്രീയായ എന്നോട് ജയില്‍ എപ്രകാരമാണ് പെരുമാറിയത് എന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞാല്‍ അവര്‍ക്ക് മുഖം പുറത്ത് കാണിക്കാനുള്ള ധൈര്യമുണ്ടാകില്ല,” സര്‍ക്കാരിനെ ഉന്നമിട്ട് അവര്‍ പറഞ്ഞു.

1973ല്‍ ലാഹോറിലെ സമ്പന്നമായ വ്യവസായ കുടുംബത്തിലാണ് മറിയം നവാസിന്റെ ജനനം. സൈനിക ഉദ്യോഗസ്ഥനും പിതാവ് നവാസ് ഷെരീഫിന്റെ പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന സഫ്ദാര്‍ അവാനാണ് ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇരുവര്‍ക്കുമുള്ളത്.

മെഡിസിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ മറിയത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അവര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തന്റെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം രൂപവത്കരിക്കുന്നതില്‍ മറിയം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2013-ല്‍ തന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു യുവജനകാര്യ പരിപാടിക്കും മറിയം നേതൃത്വം നല്‍കിയിരുന്നു.

 

 

Latest News