Sunday, November 24, 2024

എന്താണ് ഇലക്ടറല്‍ ബോണ്ട്, എന്തിനാണ് ഇലക്ട്രല്‍ ബോണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം രാജ്യത്ത് ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ഇലക്ട്രല്‍ ബോണ്ട്. ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എസ്ബിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ സുതാര്യമായിരിക്കുകയാണ്. രാജ്യമെങ്ങും ചര്‍ച്ചയാകുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം…

എന്താണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി?

2017 ല്‍ അരുണ്‍ ജെയ്റ്റ്‌ലിയാണ് ധന ബില്ലിനൊപ്പം ഇലക്ടറല്‍ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. 2018 ജനുവരി 29ന് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് സ്‌കീം ചര്‍ച്ചയില്ലാതെ പാസാക്കി. ധന ബില്ലാക്കിയായിരുന്നു പദ്ധതി അവതരിപ്പിച്ചത്.

വിദേശത്തുനിന്ന് ഉള്‍പ്പെടെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്തത്. ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥാപനത്തിനും ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കാം. അതിനായി സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. നേരത്തെ, നിയമപ്രകാരം ഒരു വിദേശ കമ്പനിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയില്ലായിരുന്നു. അത് ഈ സ്‌കീം നിലവില്‍ വന്നശേഷം ഇല്ലാതായി.

ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ മൂല്യത്തിലാണ് ബോണ്ടുകളുള്ളത്. ഇതിന്റെ ഗുണിതങ്ങളായി എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്ന പ്രത്യേക ദിനങ്ങളിലായിരിക്കും ബോണ്ട് വിതരണം. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ഏതെങ്കിലും പത്ത് ദിവസങ്ങളായിരിക്കും ഇത്.

ഇലക്ടറല്‍ ബോണ്ടിന്റെ കാലാവധി പതിനഞ്ച് ദിവസത്തേക്ക് മാത്രമായിരിക്കും. ഓരോ സാമ്പത്തിക പാദത്തിന്റെയും ആദ്യ പതിനഞ്ച് ദിവസമാകും ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വര്‍ഷത്തില്‍ 30 ദിവസത്തെ അധിക കാലയളവ് സര്‍ക്കാര്‍ നല്‍കും.

ബോണ്ടുകളില്‍ ആരാണ് പങ്ക് നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. പാര്‍ട്ടികള്‍ക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ വഴി സംഭാവന ചെയ്യപ്പെട്ട തുക പിന്‍വലിക്കാം. ന്യൂഡല്‍ഹി, ഗാന്ധിനഗര്‍, ചണ്ഡിഗഡ്, ബെംഗളുരു, ഭോപാല്‍, മുംബൈ, ജയ്പൂര്‍, ലഖ്നൗ, ചെന്നൈ, കൊല്‍ക്കത്ത, ഗുവാഹതി തുടങ്ങിയ നഗരങ്ങളിലെ 29 എസ്ബിഐ ശാഖകള്‍ വഴി മാത്രമേ ബോണ്ട് വാങ്ങാന്‍ കഴിയൂ.

1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 29 എ വകുപ്പ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടികള്‍ക്ക് മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയൂ. അവസാനം നടന്ന പൊതു തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണം. സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് അതിനായി മാത്രം ഉള്ളതായിരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.

എന്തിനാണ് ഇലക്ടറല്‍ ബോണ്ട് ?

കള്ളപ്പണം തടയലാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി കള്ളപ്പണം ഉപയോഗിക്കുന്നത് ഇലക്ടറല്‍ ബോണ്ടുകള്‍ നിരീക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭാവന ചെയ്യുന്നവരുടെ ഐഡന്റിറ്റി സംരക്ഷിക്കുക എന്നൊരു ലക്ഷ്യവും ഇതിനുണ്ട്.

കമ്പനികള്‍ അവരുടെ വാര്‍ഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ അവരുടെ രാഷ്ട്രീയ സംഭാവനകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ലെന്ന് ഉറപ്പാക്കാന്‍ ധനകാര്യ ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. അങ്ങനെ, ഇന്ത്യന്‍, വിദേശ, ഷെല്‍ കമ്പനികള്‍ക്ക് പോലും ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ആരെയും അറിയിക്കാതെ തന്നെ ചെയ്യാമെന്നായി.

ഇത്തരത്തില്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരില്‍നിന്ന് പരിധിയില്ലാതെ പണം സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. 2018 മുതല്‍ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 57 ശതമാനവും നേടിയത് ബിജെപിയാണ്. രണ്ടാമത് കോണ്‍ഗ്രസും മൂന്നാമത് തൃണമൂല്‍ കോണ്‍ഗ്രസുമാണ്.

അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ബോണ്ടുകള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരിക്കുന്നു. വിവരങ്ങളിലുള്ള സുതാര്യത നഷ്ടപ്പെടുന്നതിലാണ് കമ്മീഷന്‍ ആശങ്ക അറിയിച്ചത്. പദ്ധതിയോട് എതിര്‍പ്പില്ലെങ്കിലും ലഭിക്കുന്ന സംഭാവനകള്‍ എത്രയെന്ന് കമ്മീഷന് അറിയാന്‍ കഴിയാത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.

 

Latest News