പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന്റെ ഫലമായി അഫ്ഗാനിസ്ഥാനിലെ 10 കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തി, കഴിഞ്ഞ രണ്ടര വര്‍ഷമായി സാമ്പത്തിക, മാനുഷിക, കാലാവസ്ഥാ പ്രതിസന്ധികളാല്‍ വലയുന്ന രാജ്യത്ത് പോഷകാഹാരക്കുറവും ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.
പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായുള്ള ഒരു വാര്‍ഡില്‍, റോയ എന്ന യുവതി തന്റെ മകള്‍ക്ക് ഫോര്‍ട്ടിഫൈഡ് പാല്‍ നല്‍കുകയാണ്. ഒമ്പത് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ പോഷകാഹാരക്കുറവുമൂലം മൂന്ന് തവണ വിദൂര ബദഖ്ഷാന്‍ പ്രവിശ്യയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അവര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 10 ശതമാനം പോഷകാഹാരക്കുറവുള്ളവരും 45 ശതമാനം വളര്‍ച്ച മുരടിച്ചവരുമാണ്, അതായത്, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പോഷകാഹാരക്കുറവ് കാരണം അവര്‍ പ്രായത്തിനനുസരിച്ച് വളരുന്നില്ല. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ മുരടിപ്പ് നിരക്ക് അഫ്ഗാനിസ്ഥാനിലാണെന്ന് യുണിസെഫിന്റെ കമ്മ്യൂണിക്കേഷന്‍സ് മേധാവി ഡാനിയല്‍ ടിമ്മെ പറഞ്ഞു.
‘ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ പോഷകാഹാരക്കുറവ് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍, മുരടിപ്പിന്റെ അവസ്ഥ മാറ്റാനാവാത്തതായിത്തീരും. കൂടാതെ ഇത് ബാധിച്ച കുട്ടിക്ക് ഒരിക്കലും മാനസികമായും ശാരീരികമായും അതിന്റെ പൂര്‍ണ്ണ ശേഷിയിലേക്ക് വളരാന്‍ കഴിയില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഒരു കുട്ടിയുടെ മാത്രം ദുരന്തമല്ല. ഇത് രാജ്യത്തിന്റെ മുഴുവന്‍ വികസനത്തെയും ഗുരുതരവും പ്രതികൂലവുമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സഹായത്തിലുണ്ടായ ഇടിവും മെഡിക്കല്‍ പ്രൊഫഷണലുകള്‍ രാജ്യം വിടുന്നതും ദുര്‍ബലമായ ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ദുര്‍ബലമാക്കി. സ്ത്രീകളെയും കുട്ടികളെയുമാണ് ഈ അവസ്ഥ കൂടുതലായി ബാധിക്കുന്നതെന്ന് എന്‍ജിഒകള്‍ പറഞ്ഞു. ചൂടുള്ള കാലാവസ്ഥയില്‍, ജലജന്യ രോഗങ്ങള്‍ മൂലമുണ്ടാകുന്ന പോഷകാഹാരക്കുറവും ഇവിടെയുണ്ട്.
യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനിലെ 80 ശതമാനം ആളുകള്‍ക്കും ശുദ്ധജലം ലഭ്യമല്ല. അഫ്ഗാന്‍ ആരോഗ്യമേഖലയുടെ ദുര്‍ബ്ബലതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സമീപകാല റിപ്പോര്‍ട്ടില്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, സ്ത്രീകള്‍ക്ക് അവരുടെ സഞ്ചാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം പലതും ലഭ്യമല്ലാതായിത്തീരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. പോഷകാഹാരക്കുറവിനൊപ്പം സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെയും ഇക്കൂട്ടര്‍ നേരിടേണ്ടിയിരിക്കുന്നു.
ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുക, കുടുംബാസൂത്രണവും ആരോഗ്യ സംരക്ഷണ ഉപദേശങ്ങളും നല്‍കുക തുടങ്ങിയവയൊക്കെ സഹായസന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്താല്‍ മാത്രമേ ഈ ജനതയെ രക്ഷിക്കാനാവൂ.