തമ്മില്‍ ഒരതിര്‍ത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ്, ഇറാനും ഇസ്രയേലും. രണ്ടായിരം കിലോമീറ്ററില്‍ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങള്‍. സത്യത്തില്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു പ്രകോപനത്തിനും സാധ്യത ഇല്ലാത്തതാണ്. പിന്നെ എങ്ങനെയാണ് യുദ്ധ ഭീതിയിലേക്ക് എത്തിയിലേക്ക് കാര്യങ്ങള്‍ എത്തിയത്? എന്താണ് യഥാര്‍ത്ഥത്തില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്‌നം? എല്ലാറ്റിന്റെയും തുടക്കം ഒരു വ്യോമാക്രമണത്തിലൂടെയായിരുന്നു.
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് അനെക്‌സിന് നേരെ വ്യോമാക്രമണം നടക്കുന്നു. പലസ്തീനീയന്‍ ഇസ്ലാമിക് ജിഹാദും, ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഉന്നതരും തമ്മില്‍ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആരോപിച്ചു. മിന്നലാക്രമണത്തില്‍ ഐ ആര്‍ ജി സി യുടെ ഖുദ്‌സ് കമാണ്ടര്‍ മുഹമ്മദ് റെസ സഹെദിയും, സീനിയര്‍ കമാണ്ടര്‍ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ‘ചെയ്ത കുറ്റത്തിന്, ഇസ്രേയലിന് ശിക്ഷ പ്രതീക്ഷിക്കാം’ എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ പ്രതികരണം പിന്നാലെ വന്നു. ഏപ്രില്‍ പത്താം തീയതി ഇതേ ഭീഷണി ഖാംനഇ ആവര്‍ത്തിച്ചപ്പോള്‍, തൊട്ടടുത്ത ദിവസം തന്നെ, ‘അടിക്ക് അടി’ എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.
പിന്നെ തുടര്‍ച്ചയായ ഭീഷണികള്‍ പല കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായി. ഇറാനും ഇസ്രയേലിനും ഇടയില്‍ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനിടെ ഇന്നലെ ഹോര്‍മുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. അതിന് പിന്നാലെ, ഇസ്രായേലിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. ചുരുക്കത്തില്‍ മധ്യപൂര്‍വേഷ്യ ഒരു യുദ്ധത്തെ മുഖാമുഖം കണ്ട് നില്‍ക്കുകയാണ്. യുദ്ധത്തിന് മുതിര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനു നേര്‍ക്കുണ്ടാകുന്ന ഏതൊരു പ്രകോപനവും അവസാനിക്കുക തുറന്ന പോരിലേക്കാവും.