വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്കി സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് എത്തിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്. ഇതിന്റെ ഭാഗമായി അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ടൂറിസം-ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 30 ആണ്‍കുട്ടികളാണ് ഈ ക്ലാസ്സ് റൂമില്‍ ഉള്ളത്.
സ്ത്രീകള്‍ക്ക് താലിബാന് വിദ്യാഭ്യാസം നിഷേധിച്ചതിനാല്‍ ഈ മേഖലയിലും അവരുടെ സാന്നിദ്ധ്യം ഇല്ലെന്ന് തന്നെ പറയാം. പ്രായത്തിലും അനുഭവജ്ഞാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളാണ് ഈ പരിശീലന ക്ലാസ്സില്‍ എത്തുന്നത്. ടൂറിസത്തെപ്പറ്റി അവര്‍ക്ക് വേണ്ടത്ര അറിവില്ല. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ വിവിധ മുഖങ്ങളെ ആഗോളതലത്തില്‍ സ്വീകാര്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ താലിബാനും പിന്താങ്ങുന്നുണ്ട്.
അഫ്ഗാന്റെ സമ്പദ് വ്യവസ്ഥയാകെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. ദാരിദ്ര്യവും മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും അഫ്ഗാനിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചിട്ടില്ല. 2021ല്‍ 691 വിദേശ സഞ്ചാരികളാണ് അഫ്ഗാനിലേക്ക് എത്തിയിരുന്നത്. 2022ല്‍ അത് 2300 ആയി. കഴിഞ്ഞ വര്‍ഷം 7000 വിദേശ സഞ്ചാരികളാണ് അഫ്ഗാനിലേക്ക് എത്തിയത്. ചൈനയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര് അഫ്ഗാനിസ്ഥാന് സന്ദര്‍ശിക്കാനെത്തുന്നതെന്ന് അഫ്ഗാനിലെ ടൂറിസം ഡയറക്ട്രേറ്റ് മേധാവി മുഹമ്മദ് സെയ്ദ് പറഞ്ഞു.
”പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സന്ദര്‍ശകരില്‍ ചിലര്‍ എന്നോട് പറഞ്ഞു. അവിടെ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ചില ജപ്പാന് സഞ്ചാരികളും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്,” എന്ന് സെയ്ദ് പറഞ്ഞു.
ഇതൊക്കെയാണെങ്കിലും അഫ്ഗാനിലേക്കുള്ള യാത്രയ്ക്ക് അല്‍പ്പം ചെലവ് കൂടുതലാണ്. വിസ ലഭിക്കാനും അല്‍പ്പം പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താലിബാന് സര്‍ക്കാരിനെ ഇപ്പോഴും ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. പലരാജ്യങ്ങളിലേയും അഫ്ഗാന് എംബസികള്‍ അടച്ചുപൂട്ടിയ നിലയിലാണ്. അഫ്ഗാനിലെ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും സെയ്ദ് പറഞ്ഞു. അതിനായി മറ്റ് മന്ത്രാലയങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമായ കാബൂളിലാണ് അന്താരാഷ്ട്ര വിമാനങ്ങളില്‍ അധികവും എത്തുന്നത്. എന്നാല്‍ ചൈന, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഫ്ഗാനില്‍ നിന്നും നേരിട്ട് ഫ്ളൈറ്റുകള്‍ ഇല്ലാത്തത് വിനോദ സഞ്ചാര വിപണിയെ തളര്‍ത്തുന്നുണ്ട്. ഇവിടുത്തെ പ്രത്യേക സര്‍ക്കാരിനെയോ രാഷ്ട്രീയ നേതൃത്വത്തെയോ അംഗീകരിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന് സന്ദര്‍ശനത്തെ കാണരുതെന്ന് റോക്കി റോഡ് ട്രാവല്‍ സ്ഥാപകന്‍ ഷെയ്ന് ഹൊറാന് പറഞ്ഞു.
ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിരവധി സ്വപ്നങ്ങളുണ്ട്. അക്കൂട്ടത്തിലൊരാളാണ് മോഡല്‍ കൂടിയായ അഹമ്മദ് മസൂദ് തലാഷ്. അഫ്ഗാനിസ്ഥാനിലെ മനോഹരമായ സ്ഥലങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അറിയാന്‍ തലാഷിന് ആഗ്രഹമുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ സമീര്‍ അഹമ്മദ്സായി സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് ടൂറിസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് ഇദ്ദേഹം കരുതുന്നു.
‘അഫ്ഗാനിസ്ഥാന് വികസനമില്ലാത്ത ദരിദ്ര രാജ്യമാണെന്നാണ് എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ 5000 വര്‍ഷം പഴക്കമുള്ള ചരിത്രം ഉറങ്ങുന്ന രാജ്യമാണ് ഞങ്ങളുടേത്’ എന്ന് തലേഷ് പറഞ്ഞു.
രാജ്യം വിദേശ സന്ദര്‍ശകരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ അഫ്ഗാനിലെ ഒരേയൊരു പഞ്ചനക്ഷത്ര ഹോട്ടലായ ‘സെറീന’ വിദേശ വനിതകള്‍ക്കായി സ്പായും സലൂണും വീണ്ടും തുറന്നിരിക്കുകയാണ്. പാസ്പോര്‍ട്ട് ഹാജരാക്കി വിദേശ വനിതകള്‍ക്ക് ഈ സേവനം ആസ്വദിക്കാവുന്നതാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകള്‍ക്ക് ഈ സേവനം ലഭ്യമാകില്ല എന്നതാണ് വിരോധാഭാസം.