Sunday, November 24, 2024

താലിബാനില്‍ നിന്ന് രക്ഷനേടി, അഫ്ഗാനി സ്ത്രീകള്‍ക്കായി പോരാടുന്ന മാധ്യമപ്രവര്‍ത്തക സഹ്‌റ ജോയ

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിനു പിന്നാലെ 2021 ഓഗസ്റ്റില്‍ രാജ്യത്ത് നിന്ന് പുറപ്പെട്ട അവസാന വിമാനങ്ങളില്‍ ഒന്നിലാണ് സഹ്‌റ ജോയ സഹോദരങ്ങളോടൊപ്പം ലണ്ടനില്‍ അഭയം തേടിയത്. ലണ്ടനില്‍ സുരക്ഷിതമായ ജീവിതം നയിക്കുമ്പോഴും ഇപ്പോഴും അവിടെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് ചിന്തിക്കാതിരിക്കാന്‍ സഹ്‌റക്കാകില്ല. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് അനേകായിരം അഫ്ഗാനി സ്ത്രീകള്‍ താലിബാന്‍ ഭരണത്തില്‍ വീടുകളുടെ അകത്തളങ്ങളില്‍ ഇരിക്കുകയാണെന്നത് അവരെ വിഷമിപ്പിക്കുന്നു.

അവരുടെ കഥകള്‍ ലോകത്തെ അറിയിക്കേണ്ടത് തന്റെ കൂടി ബാധ്യതയാണെന്ന് സഹ്റ കരുതുന്നു. അതുകൊണ്ട് കൂടിയാണ് റുക്ഷാന മീഡിയ എന്ന വാര്‍ത്ത ഏജന്‍സിയുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാന്‍ സഹ്റ ജോയ തീരുമാനിച്ചത്. 2020 ല്‍ സഹ്റ ആരംഭിച്ച വാര്‍ത്താ ഏജന്‍സിയാണ് റുക്ഷാന മീഡിയ. താലിബാന്‍ ഭരണത്തിനു കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായി നടക്കുന്ന ക്രൂരമായ ആക്രമണത്തെ രേഖപ്പെടുത്തുന്ന നൂറുകണക്കിനു ജീവിത കഥകള്‍ ആ മാധ്യമത്തിലൂട സഹ്റ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. റിപ്പോട്ടര്‍മാരുടെ ഒരു ചെറുസംഘം അഫ്ഗാനില്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയാണ്.

‘ഓരോ ആഴ്ചയും സ്ഥിതി കൂടുതല്‍ നിരാശാജനകമാണ്. ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ ജോലിചെയ്യാനുള്ള അവസരമോ വീടിനു പുറത്ത് യാത്രചെയ്യാനുള്ള അവസരമോ അവര്‍ നിഷേധിക്കുന്നു. അവര്‍ സ്ത്രീകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്’. സഹ്റ വ്യക്തമാക്കുന്നു.

താലിബാന്റെ കീഴില്‍ മാധ്യമരംഗം തകര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകരെല്ലാം ലോകത്തിന്റെ പല ഭാഗത്തേക്കു ചിതറിപ്പോയി. എന്നാല്‍ തങ്ങളുടെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും ഇവര്‍ റിപ്പോര്‍ട്ട് ചെയ്ത്‌കൊണ്ടിരിക്കുന്നു. അനീതിക്കെതിരെ വെളിച്ചം വീശാനുള്ള ന്റെ വിശ്വാസത്തെക്കുറിച്ച് സഹ്റ വളരെ ആവേശത്തോടെയാണ് സംസാരിക്കുന്നത്. ഒപ്പം ദശലക്ഷക്കണക്കിനു സ്ത്രീകളും പെണ്‍കുട്ടികളും കഷ്ടപ്പെടുമ്പോള്‍ സുരക്ഷിതത്വം കണ്ടെത്തിയതിന്റെ സങ്കടവും കുറ്റബോധവും അവളുടെ വാക്കുകളിലുണ്ട്.

2021 ഓഗസ്റ്റില്‍ കുടുംബത്തെ അഫ്ഗാനില്‍ വിട്ട് പോരുമ്പോള്‍ അനുഭവിച്ച വേദനകളും അവരെ വേട്ടയാടുന്നുണ്ട്. ‘താലിബാന്‍ എന്റെ കുടുംബത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നടുവിലൂടെ വിഭജിച്ചു,’ സഹ്‌റയുടെ മാതാപിതാക്കളും മൂത്ത രണ്ട് സഹോദരങ്ങളും നിലവില്‍ പാകിസ്ഥാനിലാണുള്ളത്. റുക്ഷാന മീഡിയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട നിരന്തര ഭീഷണികള്‍ക്കൊടുവില്‍ കുടുംബം പാക്‌സിതാനിലേക്ക് കുടിയേറിയിരിക്കുകയാണ്. എന്നാല്‍ അഫ്ഗാനിലേക്ക് മടങ്ങേണ്ടി വരുമെന്ന ഭയം കുടുംബത്തിനുണ്ട്. യുകെയിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. കുടുംബം ഇപ്പോള്‍ ഫലപ്രദമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും താലിബാനുമായി ബന്ധമുള്ള ആളുകളുടെ ഭീഷണികള്‍ തുടരുകയാണെന്നും സഹ്റ പറയുന്നു.

തനിക്ക് വേണ്ടി അഫ്ഗാനില്‍ രഹസ്യമായി ജോലി ചെയ്യുന്നവരെയോര്‍ത്താണ് സഹ്‌റയുടെ ഉത്കണ്ഠകള്‍. ‘വലിയ അപകടത്തിലാണ് അവര്‍ ഈ ജോലി ചെയ്യുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കു മാത്രമേ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന് അവര്‍ വിശ്വസിക്കുന്നു. പിടിക്കപ്പെട്ടാല്‍ എനിക്കവരെ സഹായിക്കാന്‍ കഴിയുന്നതിന് പരിധികളുണ്ട്,’ സഹ്റ ചൂണ്ടിക്കാട്ടുന്നു.

‘റിപ്പോര്‍ട്ടിങ്ങുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അവിടെ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ കഥകള്‍ പുറം ലോകത്തെ അറിയിക്കാതെ ഒറ്റയ്ക്ക് കഷ്ടപ്പെടാന്‍ വിടാന്‍ എനിക്ക് കഴിയില്ല’. സഹ്റ വ്യക്തമാക്കുന്നു.

 

Latest News