ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണങ്ങളുടെ എണ്ണമറ്റ കഥകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അന്ന് ഹമാസ് ഭീകരര്‍ നൂറുകണക്കിന് ഇസ്രായേല്‍ക്കാരെ വിവേചനരഹിതമായി കൊലപ്പെടുത്തുകയും അംഗവൈകല്യം വരുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് നടന്ന ക്രൂരമായ അക്രമ സംഭവങ്ങളുടെ വിവരണങ്ങളോടൊപ്പം അതിജീവനത്തിന്റെയും ശക്തിയുടെയും കഥകളും ഉണ്ടായിരുന്നു. പലരും മരണത്തില്‍ നിന്നും ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. യാരിന്‍ ശ്രീക്കി എന്ന 23 കാരന് പറയാനുള്ളതും അതിജീവനത്തിന്റെ കഥയാണ്.
ഇസ്രായേലിലെ അണ്ടര്‍-69 കിലോഗ്രാം വിഭാഗം ജിയു-ജിറ്റ്സു താരമാണ് യാരിന്‍ ശ്രീക്കി. ലോക ചാമ്പ്യനായ അദ്ദേഹം മൂന്നാം തവണയാണ് ഗോള്‍ഡ് മെഡല്‍ നേടുന്നത്. പ്രശസ്തമായ അനേകം ചാമ്പ്യന്‍ഷിപ്പുകളിലും സമ്മാനം വാരിക്കൂട്ടിയിട്ടുമുണ്ട്.
‘അന്ന്, ഒക്ടോബര്‍ ഏഴിന് എനിക്ക് തുണയായത് എന്റെ കായിക പ്രേമം മാത്രമാണ്. ജിയു-ജിത്സു എന്റെ ജീവന് രക്ഷിച്ചു’. ശ്രീക്കി പറയുന്നു. ജിയു-ജിത്സുവിനായി ജീവിതം സമര്‍പ്പിച്ചിട്ടുള്ള ശ്രീക്കി, പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും സാധാരണ പോകാറില്ല. എന്നിരുന്നാലും, സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയെ തുടര്‍ന്ന്, അദ്ദേഹം കുറച്ചുകാലമായി കിടക്കയില്‍ ഒതുങ്ങിയിരുന്നു. സുഖം പ്രാപിച്ചപ്പോള്‍ അവന്റെ സഹോദരന്മാരായ ഇഡാനും ഷാരോണും അവനെ പുറത്തിറങ്ങാനും ശുദ്ധവായു ശ്വസിക്കാനും നിര്‍ബന്ധിച്ചു. അങ്ങനെയാണ് നോവ സംഗീതോത്സവത്തിന് ശ്രീക്കി പുറപ്പെട്ടത്.
ആക്രമണത്തിനിടയിലും ശാന്തത
വൈകിട്ട് 6:30 മണിയോടെ റോക്കറ്റുകളും ഡ്രോണുകളും പാര്‍ട്ടി ഗ്രൗണ്ടിലേയ്ക്ക് പെയ്തിറങ്ങി. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന പലരില്‍ നിന്നും വ്യത്യസ്തമായി, മദ്യത്തിന്റെയോ മറ്റ് ലഹരിവസ്തുക്കളുടെയോ സ്വാധീനത്തില്‍ ആയിരുന്നില്ലാത്തതിനാല്‍ ശ്രീകിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായി. ചുറ്റുമുള്ളവര്‍ക്കും ശ്രീകി സൂചന നല്കി.
ആള്‍ക്കൂട്ടത്തോടൊപ്പം പരിഭ്രാന്തിയില്‍ ഓടാതെ ഒരിടത്ത് മാറി നിന്ന് സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാനും എങ്ങനെ രക്ഷപെടാമെന്ന് ചിന്തിക്കാനും ശ്രീകി ശ്രമിച്ചു. തന്റെ കൂടെയുണ്ടായിരുന്നവരോടും അങ്ങനെ തന്നെ ചെയ്യാന്‍ ശ്രീകി പറഞ്ഞു. അങ്ങനെ ശ്രീകിയുടെ ജിയു-ജിറ്റ്സു പരിശീലനവും അച്ചടക്കവും തന്റെ സഹോദരങ്ങളുടെയും സുഹൃത്തിന്റെയും ജീവന് രക്ഷിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി.
പാര്‍ട്ടിയില്‍ അവര്‍ക്ക് ചുറ്റും ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പരിഭ്രാന്തരായി ഓടുകയും ഹമാസ് ഭീകരര്‍ അവരെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയുമാണ് ചെയ്തത്. പ്രദേശം കുറച്ച് നിശബ്ദമായപ്പോള്‍ ശ്രീകിയും സംഘവും അവരുടെ കാറുകളിലേക്ക് നീങ്ങി. ഏകദേശം 40 കിലോമീറ്റര്‍ ദൂരെയുള്ള കിബ്ബട്ട്സ് സെലിമിലേക്ക് അവര്‍ സഞ്ചരിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ തന്നെ സഹായിച്ചത് ശാന്തതയും ക്ഷമയുമാണെന്ന് ശ്രീകി പറയുന്നു. അത് താന്‍ ആര്‍ജ്ജിച്ചത് തന്റെ ഗെയിം പ്രാക്ടീസില്‍ നിന്നാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു.
തന്റെ ഭാഗ്യം സ്പോര്‍ട്സ് മാത്രമാണെന്നും അങ്ങനെയാണ് തനിക്ക് ജീവന് നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഒരു കായികതാരമെന്ന നിലയില്‍ തന്റെ ചുറ്റുപാടുകളാല്‍ സ്വാധീനിക്കപ്പെടാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാനും സമ്മര്‍ദത്തിന് കീഴില്‍ ശരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചതിനാല്‍, കൂട്ടക്കൊല നടന്ന് ഏകദേശം ആറാഴ്ച കഴിഞ്ഞ് ശ്രീകി പരിശീലനത്തിലേക്ക് മടങ്ങി. തിരിച്ചു വരവിനുശേഷമുള്ള ആദ്യത്തെ മത്സരം തന്നെ ജയിച്ചപ്പോള്‍ ഹമാസ് ആക്രമണത്തിനിടെ ജീവന് നഷ്ടമായ സുഹൃത്തുക്കള്‍ക്കായി അദ്ദേഹം ആ നേട്ടം സമര്‍പ്പിക്കുകയും ചെയ്തു.