Sunday, November 24, 2024

ഹമാസ് ഭീകരര്‍ അഞ്ച് ഇസ്രായേല്‍ വനിതാ സൈനികര്‍ക്കു നേരെ നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ പുറത്ത്

ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ അഞ്ച് ഇസ്രായേല്‍ വനിതാ സൈനികര്‍ക്കു നേരെ നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബന്ദികളാക്കപ്പെട്ടവരുടെയും കാണാതായവരുടേയും കുടുംബങ്ങളുടെ സംഘടനയാണ് അസുഖകരമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹമാസ് ഭീകരരുടെ ശരീരത്ത് ഘടിപ്പിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വനിതാ സൈനികരെ കൈകെട്ടി മതിലില്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നത് കാണാം.

സ്ത്രീകളില്‍ ചിലരുടെ മുഖത്തുനിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ട്. ഗാസ മുനമ്പിന് പുറത്തുള്ള നഹല്‍ ഓസ് ബേസില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്രായേല്‍ സൈനികരായ സ്ത്രീകളാണിവര്‍. ലിറി അല്‍ബാഗ്, കരീന അരിയേവ്, അഗം ബെര്‍ഗര്‍, ഡാനിയേല ഗില്‍ബോവ, നാമ ലെവി എന്നീ വനിതാ സൈനികരാണ് ഹമാസിന്റെ പിടിയിലകപ്പെട്ടത്. തോക്കുധാരികള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘ഗര്‍ഭിണിയാകാന്‍ കഴിയുന്ന പെണ്‍കുട്ടികള്‍ ഇതാ’ എന്നാണ് തോക്കുധാരികളില്‍ ഒരാള്‍ പയുന്നത്. ‘നിങ്ങള്‍ വളരെ സുന്ദരികളാണ്’ എന്ന് മറ്റൊരാള്‍ സൈനികരോട് പറയുന്നു.

നഹാല്‍ ഓസ് ബേസിലെ ബോംബ് ഷെല്‍ട്ടറിനുള്ളില്‍ എടുത്ത വീഡിയോയില്‍, പരിക്കേറ്റ വനിതാ സൈനികരെ ഭീകരര്‍ പരിശോധിക്കുന്നത് കാണാം. പുരുഷന്മാര്‍ അവരെ ‘നായ്ക്കള്‍’ എന്ന് വിളിക്കുന്നു, ഫോട്ടോകള്‍ക്ക് പോസ് ചെയ്യാന്‍ ആജ്ഞാപിക്കുന്നു. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താന്‍ ഭീകരരോട് ഒരു സ്ത്രീ അപേക്ഷിക്കുന്നു. ഗാസ്സയില്‍ തനിക്ക് സുഹൃത്തുക്കളുണ്ടെന്ന് മറ്റൊരാള്‍ തോക്കുധാരികളോട് പറയുന്നു. തോക്കുധാരികള്‍ അവരോട് ആക്രോശിക്കുകയും ഹമാസ് സൈനികരുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

തോക്കുധാരികള്‍ ഒരു നിമിഷം പ്രാര്‍ത്ഥിക്കാന്‍ വേണ്ടി പീഡനം നിര്‍ത്തുന്നുണ്ട്. തുടര്‍ന്ന് സ്ത്രീകളെ ഒരു കാറിന്റെ പുറകിലേക്ക് വലിച്ചു കയറ്റുന്നു. ബക്ഗ്രൗണ്ടില്‍ വെടിയൊച്ച കേള്‍ക്കാം. ചില സ്ത്രീകള്‍ വാഹനത്തില്‍ കയറാന്‍ പാടുപെട്ട് മുടന്തി നടക്കുന്നു. ഒടുവില്‍ സ്ത്രീകളെയും കൊണ്ട് വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ അഞ്ച് സ്ത്രീകളെക്കുറിച്ച് ഏഴ് മാസമായി വിവരമൊന്നുമില്ല. ഹമാസിന്റെ പക്കല്‍ ശേഷിക്കുന്ന ബന്ദികളില്‍ ഇവരുണ്ടോയെന്ന് അറിയില്ല.

ദൃശ്യങ്ങള്‍ കണ്ട് താന്‍ ഭയന്നുപോയെന്നും ബന്ദികളാക്കിയവരെ നാട്ടിലെത്തിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും വീഡിയോ പുറത്തുവന്നതിന് ശേഷം ഒരു പ്രസ്താവനയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ‘ഹമാസ് ഭീകരരുടെ ക്രൂരത, ഇത്തരത്തിലുള്ള ക്രൂരത ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഹമാസിനെ ഇല്ലാതാക്കുന്നത് വരെ എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാന്‍ ദൃഢനിശ്ചയം ചെയ്യുന്നു’. അദ്ദേഹം എക്സില്‍ എഴുതി.

Latest News