Monday, November 25, 2024

ഭീകരതകൾക്കിടയിലും സന്തോഷം കണ്ടെത്തുന്ന സുഡാനിലെ ജനങ്ങളെക്കുറിച്ച് പങ്കുവച്ച് ഒരു മലയാളി വൈദികൻ

ഭീകരമായ ആഭ്യന്തരയുദ്ധത്തിനു നടുവിലും സുഡാനിലെ ഒരുകൂട്ടം ക്രൈസ്തവജനത എങ്ങനെ സന്തോഷം കണ്ടെത്തുന്നുവെന്ന് പങ്കുവയ്ക്കുകയാണ് ഫാ. ജേക്കബ് തേലക്കാടൻ.

2023 ഏപ്രിൽ 15 മുതൽ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ നേതൃത്വത്തിൽ സൈന്യവും, വൈസ് പ്രസിഡന്റായ മുഹമ്മദ് ‘ഹെമെഡി’ ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (എഫ്.എ.ആർ) തമ്മിൽ സുഡാനിൽ സായുധ ഏറ്റുമുട്ടലുകൾ ആരംഭിച്ചു. സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ ഫാ. തേലേക്കാടൻ, ഖർത്തൂം നഗരത്തിലെ സെന്റ് ജോസഫ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ ഡയറക്ടറായിരുന്നു. ബോംബാക്രമണത്തെ തുടർന്ന് തനിക്കും കൂടെയുള്ളവർക്കും പരിശീലനകേന്ദ്രം വിട്ടുപോകേണ്ടിവന്നതായി അദ്ദേഹം ഓർമ്മിക്കുന്നു.

നിരവധി ആളുകൾ രാജ്യം വിട്ടുപോയിട്ടും ഇന്ത്യയിൽനിന്നുള്ള ഈ പുരോഹിതൻ കാർട്ടൂമിനടുത്തുള്ള ദാർ മറിയം എന്ന സ്ഥലത്ത് ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സന്യാസിനിമാരെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. യുദ്ധം ബാക്കിവച്ചത് മനുഷ്യരുടെ വൻതോതിലുള്ള പലായനവും ധാരാളം ഇരകളെയും സങ്കല്പിക്കാനാകാത്ത നാശനഷ്ടങ്ങളും മാനസികവും ശാരീരികവുമായ ആഘാതങ്ങളും കൂടാതെ, ഭയവും വിശപ്പും ദാഹവും ഏകാന്തതയും രോഗങ്ങളുമാണെന്നും ഈ വൈദികൻ സാക്ഷ്യപ്പെടുത്തുന്നു.

ദാർ മറിയം സമൂഹത്തിലെ ആളുകളുടെ ദൈനംദിന ജീവിതം സങ്കീർണ്ണമാണ്. നഗരത്തിൽനിന്നുള്ള നൂറുകണക്കിന് ആളുകൾ സിസ്റ്റർമാരുടെ വസതിയിൽ അഭയംപ്രാപിച്ചിട്ടുണ്ടെന്നും സലേഷ്യൻ സഹോദരിമാർ അവർക്ക് ലഭ്യമായ ഭക്ഷണവും വൈദ്യസഹായവും വാഗ്ദാനം ചെയ്യുന്നതായും ഫാ. തേലക്കാടൻ ചൂണ്ടിക്കാട്ടുന്നു. 43 ഡിഗ്രി ചൂടുള്ള ഈ പ്രദേശത്തിന് ആവശ്യമായ ജലലഭ്യതയും കുറവാണ്.

“ഞങ്ങളുടെ ദൈനംദിന ഭക്ഷണം മൈദ, കഞ്ഞി, പയർ, ഒരുതരം പാൻകേക്ക്, സോർഗം അല്ലെങ്കിൽ അരി, ഉള്ളിയും ഉരുളക്കിഴങ്ങും ഉൾപ്പെടെയുള്ള പച്ചക്കറികളല്ലാതെ ഏതെങ്കിലും തരത്തിലുള്ള പഴങ്ങളോ, മാംസമോ, മുട്ടയോ ഇല്ല” – പുരോഹിതൻ വിശദീകരിക്കുന്നു. എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ ബലഹീനരും പോഷകാഹാരക്കുറവുള്ളവരുമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

രാജ്യത്തിന്റെ തലസ്ഥാനമായ ഖാർത്തൂമിന്റെ സമീപത്തായതിനാൽ താമസസ്ഥലം സ്ഥിതിചെയ്യുന്ന നഗരം പലപ്പോഴും ഇരുപക്ഷത്തിന്റെയും ആക്രമണങ്ങൾക്കു വിധേയമാകുന്നു. കുറഞ്ഞത് മൂന്നു തവണയെങ്കിലും കെട്ടിടത്തിൽ ബോംബുകൾ പതിച്ചിട്ടുണ്ടെന്ന് അച്ചൻ ഓർമ്മിക്കുന്നു.

2023 ജൂൺ മാസത്തിൽ 300 പേരുണ്ടായിരുന്ന ദാർ മറിയത്തിൽ ഇപ്പോൾ 80 പേരാണ് അവശേഷിക്കുന്നത്. വലിയ ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കുമിടയിൽ ഫാ. ജേക്കബ് തേലക്കാടന്റെ സന്ദേശത്തിലെ അവസാന വാക്കുകൾ പ്രതീക്ഷ നൽകുന്നതും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കു മാതൃകയുമാണ്.

“ദാർ മറിയത്തിൽ, ദൈവവുമായുള്ള അടുപ്പത്തിന്റെ അനുഭവം ഞങ്ങൾക്ക് ശാന്തതയും സമാധാനവും നൽകുന്നു. പ്രത്യേകിച്ചും യുദ്ധത്തിന്റെ ഈ മാസങ്ങളിൽ കുട്ടികളും യുവാക്കളും ഉൾപ്പെടെ ചില ആളുകൾ ദൈവത്തോട് കൂടുതൽ അടുത്തു. അങ്ങനെ അവർ ദിവസവും രാവിലെ ദിവ്യബലിയിലും ജപമാലയിലും ആരാധനയിലും പങ്കെടുക്കുന്നു” – അദ്ദേഹം പറഞ്ഞു.

“അങ്ങനെ നിരവധി കഷ്ടപ്പാടുകൾക്കിടയിലും ഞങ്ങൾ ദാർ മറിയത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉല്ലാസത്തിന്റെയും അന്തരീക്ഷം സ്ഥാപിക്കുന്നു. സർവശക്തനായ ദൈവമേ, ദാർ മറിയത്തിൽ ഞങ്ങളോടു കാണിക്കുന്ന സ്നേഹത്തിനു വളരെ നന്ദി! അങ്ങയുടെ ഹിതവും മഹത്വവും എപ്പോഴും നിലനിൽക്കട്ടെ!”

Latest News