Sunday, November 24, 2024

അപ്രതീക്ഷിത അപകടത്തില്‍ കൈയ്യും കാലും നഷ്ടമായിട്ടും തളര്‍ന്നില്ല; അതിജീവനത്തിന്റെ അടയാളമായ സി. സെറിന്‍ വിട പറഞ്ഞു

സി.എം.സി. സന്യാസിനീസമൂഹത്തിലെ തൃശൂര്‍ നിര്‍മല പ്രൊവിന്‍സിലെ അംഗമായ സി. സെറിന്‍ 2003 മാര്‍ച്ച് 19-ന് ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്സ്പ്രസില്‍ യാത്രചെയ്യവെയാണ് മോഷ്ടാക്കള്‍ സിസ്റ്ററിനെയും മറ്റൊരു സ്ത്രീയെയും ഓടുന്ന ട്രെയിനില്‍നിന്നും തള്ളി താഴെയിട്ടത്. ആ സംഭവത്തെതുടര്‍ന്ന് ഒരു കൈയും കാലും സിസ്റ്ററിനു നഷ്ട്ടപ്പെട്ടു. എങ്കിലും തന്റെ പോരാട്ടം തുടര്‍ന്നു. തുടര്‍ന്ന് അതിജീവനത്തിന്റെ 21 വര്‍ഷങ്ങള്‍. അതും അവസാനിപ്പിച്ച് നിസ്റ്റര്‍ ഇപ്പോള്‍ ഈ ലോകത്തില്‍നിന്നും വിടവാങ്ങിയിരിക്കുന്നു.

തൃശ്ശൂര്‍ വിമല കോളേജിലെ ബോട്ടണി വിഭാഗം അധ്യാപികയായിരുന്ന സി. ഷെറിന്‍, 2003 മാര്‍ച്ച് 19-ന് തന്റെ ഗവേഷണപ്രബന്ധം സമര്‍പ്പിക്കാനായി തിരുവനന്തപുരത്തേക്കു നടത്തിയ യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാത്രി 9.50-ന് തൃശ്ശൂരില്‍നിന്നു ട്രെയിന്‍ പുറപ്പെട്ടയുടനെ രണ്ട് യുവാക്കള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി. യാത്രക്കാരികള്‍ ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആ യുവാക്കള്‍ അവിടെയുള്ള സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയും ഒരു സ്ത്രീയുടെ മാല പൊട്ടിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സി. സെറിനെയും മറ്റൊരു യാത്രക്കാരിയെയും ഓടുന്ന ട്രെയിനില്‍നിന്നും തള്ളി താഴെയിട്ടത്. പുതുക്കാട് തറയിലക്കാട് റെയില്‍വേ ഗേറ്റിനടത്തുവച്ചായിരുന്നു സംഭവം.

വളരെ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സിസ്റ്ററിന്റെ മുന്‍പില്‍ രക്ഷകനായി അവതരിച്ചത് അപരിചിതനായ ഏതോ ഒരു മനുഷ്യനായിരുന്നു. ആ രക്ഷയുടെ കരങ്ങള്‍ സിസ്റ്ററിന് ജീവിതത്തില്‍ മറക്കാന്‍ കഴിയുമായിരുന്നില്ല. അത് തനിക്ക് ലഭിച്ച ദൈവാനുഗ്രഹമായി സിസ്റ്റര്‍ കരുതുന്നു. ദൈവം നല്‍കിയ ആ അനുഗ്രഹത്തിനുപകരമായി, തന്നെ ട്രെയിനില്‍നിന്നും തള്ളിയിട്ടവരോട് പൂര്‍ണ്ണമായും സിസ്റ്റര്‍ ക്ഷമിച്ചു; അവര്‍ക്കെതിരെയുള്ള കേസില്‍നിന്നും പിന്മാറി.

തോല്‍ക്കാന്‍ തയ്യാറാകാതെ

മൂന്നുവര്‍ഷത്തോളം തുടര്‍ച്ചയായ ചികിത്സകള്‍ക്കുശേഷമാണ് സി. സെറിന്റെ ഇടതുകൈ, കൈമുട്ടിനു മുകളില്‍വച്ച് മുറിച്ചുമാറ്റിയത്; പിന്നീട് കാലും മുറിച്ചുമാറ്റി. ഒരു കാലും ഒരു കൈയും നഷ്ടമായപ്പോഴും തോറ്റുപിന്മാറാന്‍ സിസ്റ്റര്‍ തയ്യാറല്ലായിരുന്നു. നീണ്ട ചികിത്സയ്ക്കൊടുവില്‍ സിസ്റ്റര്‍, വൈവയ്ക്ക് ഹാജരായി ഡോക്ടറേറ്റും നേടി. പ്രതിസന്ധികളില്‍ ഒരിക്കല്‍പ്പോലും സിസ്റ്റര്‍ തന്റെ ആത്മബലം കൈവിട്ടില്ല. 2015-ല്‍ വിരമിക്കുന്നതുവരെ വിമല കോളേജില്‍ സിസ്റ്റര്‍ തന്റെ അധ്യാപനജോലി തുടര്‍ന്നു.

കൃത്രിമക്കാല്‍ ഘടിപ്പിച്ച് മൂന്നാംനിലയിലുള്ള ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലേക്കു നടന്നുകയറി. താഴത്തെ നിലയില്‍ പഠിപ്പിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ അതിനു സമ്മതിച്ചില്ല. കൃത്രിമക്കാലില്‍ ഓരോ ദിവസവും അവര്‍ നടന്നുകയറിയത് അനേകരുടെ മനസില്‍ അതിജീവനത്തിന്റെ ആള്‍രൂപമായിട്ടായിരുന്നു.

വിട്ടുവീഴ്ചയില്ലാതെ, വ്യക്തിജീവിതത്തിലും ആത്മീയജീവിതത്തിലും

തൃശ്ശൂര്‍ അതിരൂപതയിലെ കുണ്ടന്നൂര്‍ ഇടവകയിലെ മേയ്ക്കാട്ടുകുളം കുടുംബത്തില്‍ 1958-ല്‍ സി. സെറിന്‍ ജനിച്ചു. 1979-ലാണ് മഠത്തില്‍ ചേര്‍ന്നത്. 1982-ല്‍ ആദ്യവ്രതവും 1990-ല്‍ നിത്യവ്രതവും സ്വീകരിച്ചു. അധ്യാപനജോലി തിരഞ്ഞെടുത്ത സിസ്റ്റര്‍, ബോട്ടണി വിഭാഗത്തിലാണ് തന്റെ സേവനം ആരംഭിച്ചത്. ഇതിനിടയില്‍ എം.എസ്.സി., എം.ഫില്‍, പി.എച്ച്.ഡി. എല്ലാം സിസ്റ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു.

ചേറൂര്‍ സെന്റ് സേവ്യേഴ്‌സ് മഠാംഗമായിരുന്നു സിസ്റ്റര്‍. ഇവിടെ കോണ്‍വെന്റിന്റെ മുകളിലത്തെ നിലയിലാണ് ചാപ്പല്‍. അപകടശേഷവും ദിവസവും മുടക്കംകൂടാതെ സിസ്റ്റര്‍ ചാപ്പലില്‍ പോയിരുന്നു.

‘എനിക്ക് സി. സെറിനെ വര്‍ഷങ്ങളായി പരിചയമുണ്ട്. ആന്തരികമായും ബാഹ്യമായും വളരെ അച്ചടക്കവും കൃത്യതയുമുള്ള ജീവിതമാണ് സിസ്റ്റര്‍ നയിച്ചിരുന്നത്. കോണ്‍വെന്റിലെ സമയക്രമങ്ങള്‍ ഒരു അണുവിടപോലും സിസ്റ്റര്‍ തെറ്റിച്ചിരുന്നില്ല. അവസാനവര്‍ഷങ്ങളില്‍ വീല്‍ചെയറിലായിരുന്നു യാത്ര. ആരെങ്കിലും എന്തെങ്കിലും മറന്നാല്‍ അവരെ ഓര്‍മ്മിപ്പിക്കാനും നല്ല സ്വരത്തില്‍ സമൂഹപ്രാര്‍ഥനയില്‍ പങ്കുകൊള്ളാനും സിസ്റ്റര്‍ ശ്രദ്ധിച്ചിരുന്നു. അവസാനത്തെ ദിവസംവരെ പ്രാര്‍ഥനകള്‍ ചൊല്ലിയിരുന്നു’ – സെന്റ് സേവ്യേഴ്‌സ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ് മരിയ പറയുന്നു.

അവസാന ദിനങ്ങള്‍

ഒരാഴ്ച മുന്‍പാണ് നേരിയ പനിയെത്തുടര്‍ന്ന് സിസ്റ്ററിന്റെ ആരോഗ്യം കുറച്ച് മോശമാകാന്‍ തുടങ്ങിയത്. ചെറിയ ഒരു വീഴ്ചയെ തുടര്‍ന്ന് ലൂര്‍ദ് ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലുമെത്തിച്ചു. വലിയ പ്രശ്‌നങ്ങളില്ലാതിരുന്നതിനാല്‍ തിരിച്ച് കോണ്‍വെന്റിലേക്കു കൊണ്ടുപോന്നു. പതിവ് ജീവിതചര്യകളൊക്കെ സിസ്റ്റര്‍ തുടര്‍ന്നു.

മുറിവിട്ട് പുറത്തുപോകാതെ വിശ്രമിക്കാന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍ദേശിച്ചു. അങ്ങനെ ഭക്ഷണവും മറ്റും മുറിയില്‍ത്തന്നെ ആയി. ജൂണ്‍ 15 ശനിയാഴ്ച വീണതുകൊണ്ടുണ്ടായ ഭയം സിസ്റ്ററില്‍ പ്രകടമായിരുന്നു. ഉച്ചകഴിഞ്ഞപ്പോഴേക്കും ഓര്‍മ്മ പതിയെ നഷ്ടപ്പെടാന്‍ തുടങ്ങി. അങ്ങനെ ജൂണ്‍ 16 ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും രാത്രിയോടെ വീണ്ടും പനി തുടങ്ങി. മരുന്നുകള്‍ എടുത്തിട്ടൊന്നും പനി കുറഞ്ഞില്ല. പനി കൂടിക്കൊണ്ടിരുന്നു. ജൂണ്‍ 17 ന് സി. സെറിന്‍ ഈ ലോകത്ത് നിന്നും യാത്രയായി.

സിസ്റ്ററിന്റെ ഒരു സഹോദരന്‍ ഫാ. ഡേവിസ് മേയ്ക്കാട്ടുകുളം ആഫ്രിക്കയിലും സഹോദരി സിസ്റ്റര്‍ മെറി ടാന്‍സാനിയയിലും ശുശ്രൂഷ ചെയ്യുന്നു. മറ്റ് സഹോദരങ്ങള്‍: സൈമണ്‍, ജോര്‍ജ്, തോമസ്, പരേതരായ ഫ്രാന്‍സിസ്, ആന്റണി, വിന്‍സെന്റ് എന്നിവരാണ്. സിസ്റ്ററിന്റെ മൃതസംസ്‌കാരം ജൂണ്‍ 21 ന് കോലഴി സി.എം.സി. ഹോളിട്രിനിറ്റി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. സിസ്റ്ററിന്റെ സഹോദരന്‍ തോമസ് ഇപ്പോള്‍ ഒരു ഓപ്പറേഷന് വിധേയനായി അമല ആശുപത്രിയില്‍ ഐ സി യു വിലാണ്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

 

Latest News