Sunday, November 24, 2024

‘നോ പറയാം’ ലഹരിയോട്; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങള്‍, ശാസ്ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂര്‍ണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയില്‍ വേരൂന്നിയതാണ് ഈ വര്‍ഷത്തെ ലോക ലഹരി വിരുദ്ധ ദിനം.

ഈ വര്‍ഷത്തെ പ്രമേയം

ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം ‘ദി എവിഡന്‍സ് ഈസ് ക്‌ളിയര്‍; ഇന്‍വെസ്റ്റ് ഇന്‍ പ്രിവെന്‍ഷന്‍’ എന്നതാണ് പ്രതിരോധത്തിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുന്നതിനായി സമൂഹത്തോടും നയങ്ങള്‍ രൂപീകരിക്കുന്നവരോടും ആഹ്വാനം ചെയ്യുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ജൂണ്‍ 12 മുതല്‍ ജൂണ്‍ 26 വരെ രാജ്യത്തുടനീളം ”നശ മുക്ത ഭാരത് പഖ്വാഡ” ആചരിക്കും.

എന്താണ് അനധികൃത മയക്കുമരുന്ന് കടത്ത്?

മയക്കുമരുന്ന് നിരോധന നിയമങ്ങള്‍ക്ക് വിധേയമായ വസ്തുക്കളുടെ കൃഷി, നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നിവ ഉള്‍പ്പെടുന്ന അനധികൃത വ്യാപാരമാണ് മയക്കുമരുന്ന് കടത്ത് എന്ന് പറയുന്നത്.

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ചരിത്രം

1987 ഡിസംബര്‍ 7 ലെ 42/112 എന്ന പ്രമേയത്തിലൂടെ യുഎന്‍ ജനറല്‍ അസംബ്ലിയാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

എന്താണ് ഈ ദിവസത്തിന്റെ പ്രാധാന്യം?

എല്ലാ പ്രായത്തിലുമുള്ള വ്യക്തികള്‍ക്കുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് ലോകം മുഴുവനും ഈ ദിനം ആചരിക്കുന്നു. അന്നേദിവസം മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെയും മുതിര്‍ന്നവരെയും ബോധവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മയക്കുമരുന്ന് ദുരുപയോഗം നമ്മെ എങ്ങനെ ബാധിക്കും?

ആദ്യം മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാം. നിയമവിരുദ്ധമായ മരുന്നുകളോ കുറിപ്പടി മരുന്നുകളോ ഉദ്ദേശിക്കാത്ത ആവശ്യങ്ങള്‍ക്കായി കഴിക്കുന്ന പ്രക്രിയയായി ഇതിനെ കണക്കാക്കം. മരുന്നുകളുടെ അമിതമായ ഉപയോഗവും ലഹരി ദുരുപയോഗത്തിന്റെ പട്ടികയില്‍ വരുന്നു.

ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍:

ഹൃദ്രോഗങ്ങള്‍
സ്‌ട്രോക്ക്
ശ്വാസകോശ അര്‍ബുദം
എച്ച്‌ഐവി
കരള്‍/വൃക്ക രോഗം
ഓറല്‍ ക്യാന്‍സര്‍
രക്താര്‍ബുദം
ശരീരഭാരം കുറയുന്നത്

മാനസികാരോഗ്യത്തില്‍ ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍:

വിഷാദം
പഠനത്തില്‍ /ഓര്‍മ്മ പ്രശ്നങ്ങള്‍
ഉറക്കമില്ലായ്മ
അക്രമാസക്തമായ പെരുമാറ്റം
വ്യാമോഹങ്ങള്‍
ഭ്രമാത്മകത
ആശയക്കുഴപ്പം
മാനസിക പ്രശ്നങ്ങള്‍

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്‍ഡ് റിഡക്ഷന്‍ (NAPDDR) സ്‌കീം:

നശ മുക്ത് ഭാരത് അഭിയാന്‍ (NMBA) ഇപ്പോള്‍ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഇതിന് കീഴില്‍ 8000-ലധികം യുവജന വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സമൂഹത്തില്‍ വലിയ പ്രവര്‍ത്തനം നടത്തുന്നു.

ഇതുവരെ, 3.38 കോടി യുവാക്കളും 2.28 കോടി സ്ത്രീകളും ഉള്‍പ്പെടെ 10.72 കോടിയിലധികം ആളുകളിലേക്ക് എന്‍എംബിഎ എത്തിയിട്ടുണ്ട്. 3.28 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അഭിയാനില്‍ പങ്കെടുത്തിട്ടുണ്ട്.

342 ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് (IRCAs) കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ഈ ഐആര്‍സിഎകള്‍ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിന് മാത്രമല്ല, പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്ടിക്കല്‍, പ്രചോദനാത്മക കൗണ്‍സിലിങ്, പരിചരണത്തിന് ശേഷം സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്നീ സേവനങ്ങളും നല്‍കുന്നു.

ലോക ലഹരിവിരുദ്ധ ദിനം എങ്ങനെ ആചരിക്കാം?

മാനസികവും ശാരീരികവുമായ ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിങ്ങളുടെ അടുത്തുള്ള ആളുകളെ ബോധവല്‍ക്കരിക്കുക.

ലഭ്യമായ ചികിത്സകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പങ്കിടുകയും ചെയ്യുക.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുക.

പ്രാദേശിക സ്‌കൂളുകളിലും സംഘടനകളിലും മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുക.

 

Latest News