Sunday, November 24, 2024

റഷ്യയില്‍ ഉക്രേനിയന്‍ തടവുകാര്‍ അനുഭവിക്കുന്നത് കഠിനമായ പീഡനം

റഷ്യയില്‍ ബന്ദികളാക്കിയ ആയിരക്കണക്കിന് ഉക്രേനിയക്കാര്‍ കഠിനമായ പീഡനങ്ങളും പട്ടിണിയും മാനസിക പീഡനവും നേരിടുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും കണ്ടെത്തിയ വിവരങ്ങളും മോചിതരായ തടവുകാരുടെ വെളിപ്പെടുത്തലുകളും അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം 2014 മുതല്‍ രൂക്ഷമാണ്. 2022-ല്‍ അത് രൂക്ഷമായി വര്‍ദ്ധിച്ചു. 2022-ന്റെ തുടക്കത്തില്‍ മാത്രം 14,000 ഉക്രേനിയന്‍ സൈനികരുടെയും സാധാരണക്കാരുടെയും ജീവന്‍ യുദ്ധം അപഹരിച്ചു. 2022 ഫെബ്രുവരി 24 നും 2024 ഫെബ്രുവരി 15 നും ഇടയില്‍ 10,000-ലധികം ഉക്രേനിയന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 20,000-ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു 2024 ഫെബ്രുവരിയില്‍ അവകാശപ്പെട്ടത് റഷ്യയുടെ സൈന്യം 444,000 ഉക്രേനിയന്‍ പോരാളികളെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്.

എന്നാല്‍, യുദ്ധത്തടവുകാരായി റഷ്യയില്‍ പിടിക്കപ്പെട്ട ഉക്രേനിയക്കാരുടെ എണ്ണം ഇപ്പോഴും അജ്ഞാതമാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രെയ്ന്‍ 3,300 സൈനികരെയും സാധാരണക്കാരെയും റഷ്യയില്‍ നിന്ന് വീണ്ടെടുത്തതായി ഉക്രേനിയന്‍ ഗവണ്‍മെന്റ് ബോഡിയായ പ്രിസണേഴ്സ് ഓഫ് വാര്‍ (CHTPOW) യുടെ കോര്‍ഡിനേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പറയുന്നു.

അക്കൂട്ടത്തിലുള്ള ഒരു മുന്‍ തടവുകാരനും മുന്‍ ഉക്രേനിയന്‍ നാഷണല്‍ ഗാര്‍ഡ് ഓഫീസറുമായ റോമന്‍ ഹോറിലിക് (40) റഷ്യന്‍ തടങ്കലില്‍ നിന്ന് ഉക്രെയ്‌നിലേക്ക് മടങ്ങിയെത്തിയതിനുശേഷം താന്‍ റഷ്യയില്‍ രണ്ട് വര്‍ഷത്തെ പീഡനം സഹിച്ചുവെന്ന് വെളിപ്പെടുത്തി. മോചിക്കപ്പെട്ട സമയത്തെ ഹോറിലിക്കിന്റെ ഫോട്ടോകള്‍, നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ തടവുകാരെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. കാരണം അദ്ദേഹത്തിന്റെ ശരീരം അത്രമേല്‍ ക്ഷീണിച്ചിരുന്നു.

2022 മെയ് മാസത്തില്‍ വിട്ടയച്ച 24 കാരിയായ മരിയാന ചെചെല്‍യുക്കിന്റെ കഥയാണ് മറ്റൊരു ഉദാഹരണം. മുമ്പ് ഉക്രേനിയന്‍ പോലീസില്‍ ഉദ്യോഗസ്ഥയായിരുന്ന ചെചെല്യുക്കിനെ ഉക്രേനിയന്‍ സായുധ സേനയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് റഷ്യന്‍ സൈന്യം ബന്ദിയാക്കിയത്. തന്നെ അവര്‍ നിരന്തരം മര്‍ദിക്കുകയും പട്ടിണി കിടത്തുകയും തണുപ്പ് കൊണ്ട് പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവള്‍ വെളിപ്പെടുത്തി.

കഠിനമായ പീഡനങ്ങള്‍ നേരിടുന്ന തടവുകാര്‍

യുക്രേനിയന്‍ യുദ്ധത്തടവുകാര്‍ കഠിനമായ പീഡനങ്ങള്‍ സഹിക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, റഷ്യന്‍ സൈന്യം തടവുകാരെ അടിക്കുകയും വൈദ്യുതാഘാതം നല്‍കാന്‍ സ്റ്റണ്‍ ഗണ്ണുകള്‍ ഉപയോഗിക്കുകയും തടവുകാരെ ദീര്‍ഘനേരം വേദനാജനകമായ രീതിയില്‍ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ശൈത്യകാലത്ത് നഗ്‌നപാദരായി പുറത്തുകൂടെ നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ചില തടവുകാര്‍ക്ക് ദിവസം മുഴുവന്‍ അവരുടെ സെല്ലുകളില്‍ നിശ്ചലമായി നില്‍ക്കേണ്ടിവരും. റഷ്യന്‍ ദേശഭക്തിഗാനങ്ങളും ദേശീയഗാനവും പഠിക്കാനും പാടാനും റഷ്യന്‍ കവിതകളും പ്രചാരണങ്ങളും വായിക്കാനും തമാശകള്‍ പറയാനും മൃഗങ്ങളുടെ ശബ്ദം അനുകരിക്കാനും ഗാര്‍ഡുകള്‍ ഉക്രേനിയന്‍ തടവുകാരെ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില തടവുകാര്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ഉറങ്ങുന്നതിനും വിലക്കുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉച്ചഭാഷിണികളില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതമോ ശബ്ദമോ പലപ്പോഴും രാത്രിയില്‍ ഉള്‍പ്പെടെ ദീര്‍ഘനേരം മുഴക്കിയും തടവുകാരെ ഉപദ്രവിക്കും. പല തടവുകാരും ബലാത്സംഗം, നഗ്നരാക്കപ്പെടല്‍ എന്നിവയുള്‍പ്പെടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയരാകുന്നു.

ചിലപ്പോള്‍ അവര്‍ തങ്ങളെ കൊലപ്പെടുത്താന്‍ കൊണ്ടുപോകുന്നതായി ഭാവിക്കുമെന്നും കൈകളിലും മുഖത്തും അടയാളങ്ങളില്ലാത്ത രീതിയില്‍ തല്ലുമെന്നും അതിജീവിതര്‍ വെളിപ്പെടുത്തി. തടവുകാരെ ഒരിക്കലും പുറത്തുകൊണ്ടുപോകില്ലെന്നും 20 ലധികം പേരെ ഒരു ചെറിയ ബേസ്‌മെന്റ് ഷെല്‍ട്ടറിലാണ് താമസിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഉറങ്ങാനാവാതെ ഷിഫ്റ്റ് വച്ച് ഉറങ്ങേണ്ട അവസ്ഥ ഉണ്ടായെന്നും അവര്‍ പറഞ്ഞു.

നിരന്തരമായ അടിയും വിശപ്പും സഹിക്കേണ്ടി വന്നു. തടവുകാര്‍ക്ക് ഉരുളന്‍ കല്ലുകള്‍ കലര്‍ത്തിയ ബാര്‍ലി കഞ്ഞിയാണ് നല്‍കിയിരുന്നത്. പ്ലേറ്റുകളൊന്നും നല്‍കില്ല, സ്പൂണ്‍ മാത്രം. ഭക്ഷണം കഴിക്കാന്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. രാവിലെയും വൈകുന്നേരവും ഓരോ കഷണം റൊട്ടിയും ലഭിക്കും. ചോദ്യം ചെയ്യലിനിടെ തടവുകാരെ നിരന്തരം മര്‍ദിക്കും. മതിലിനോട് ചേര്‍ത്തു നിര്‍ത്തി പുറകിലും കാലിലുമെല്ലാം മതിയാവോളം അടിക്കും. ചെറുപ്പക്കാരായ ചിലരുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. മോചിക്കപ്പെട്ടതിനുശേഷം അവരില്‍ പകുതിയോളം പേര്‍ ആത്മഹത്യ ചെയ്തു.

അന്താരാഷ്ട്ര നിയമമനുസരിച്ച്, യുദ്ധത്തടവുകാര്‍ക്ക് മതിയായ താമസസൗകര്യം നല്‍കണം. ഓരോ ക്യാമ്പിലും, ഓരോ യുദ്ധത്തടവുകാരനും ഭക്ഷണവും സൗകര്യങ്ങളും നല്‍കണം. റഷ്യന്‍ അടിമത്തത്തില്‍ ഇത് സംഭവിക്കുന്നില്ല. ഓരോ തടവുകാരന്റെയും ഭാരത്തിന്റെ മൂന്നിലൊന്ന് തടവുകാലത്ത് നഷ്ടപ്പെടുന്നു. അവര്‍ക്ക് അടിയന്തര ശസ്ത്രക്രിയയോ ആശുപത്രിവാസമോ ആവശ്യമായി വരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് റഷ്യയ്ക്കു മേല്‍ ചുമത്തേണ്ട രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ആവശ്യകതയാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.

 

 

Latest News