മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. കാരണം വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത ഈ സമയത്ത് കൂടുതലാണ്. ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. മഴക്കാലത്ത് യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാന്‍ ഓര്‍ക്കാം…
വേഗം പരമാവധി കുറയ്ക്കുക
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കല്‍ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററില്‍ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.
ഹെഡ് ലൈറ്റ് ലോ ബീമില്‍ ഓണാക്കി വാഹനം ഓടിക്കുക
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ ലോ ബീമില്‍ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
ടയറുകള്‍ ശ്രദ്ധിക്കുക
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോള്‍ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈന്‍മെന്റും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമര്‍ദ്ദം നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും വേണം.
മുന്‍കരുതല്‍ നല്ലതാണ്
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്ര വേണ്ട
അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക
മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം. അത്യാവശ്യമല്ലെങ്കില്‍ യാത്ര ഒഴിവാക്കുകയും ചെയ്യാം.