Monday, November 25, 2024

ഗാസ മുതല്‍ യുക്രെയ്ന്‍ വരെ; ആഗോളതലത്തില്‍ നൂറിലധികം സംഘര്‍ഷ മേഖലകള്‍

അധിനിവേശങ്ങളും ഏറ്റുമുട്ടലുകളും ആക്രമണങ്ങളും ലോക വാര്‍ത്തകളില്‍ നിറയുകയാണ്. ഗാസ മുതല്‍ യുക്രെയ്ന്‍ വരെ ലോകമെമ്പാടും സജീവമായ 120-ലധികം സംഘര്‍ഷങ്ങളാണ് നിലനില്‍ക്കുന്നത്. ഇതിനിടെ മാനുഷ്യാവകാശങ്ങള്‍ പാടെ അവഗണിക്കപ്പെടുകയും ചെയ്യപ്പെടുന്നു.

യുദ്ധ മേഖലയിലെ സാധാരണക്കാര്‍, തടവുകാര്‍, പരുക്കേറ്റ സൈനികര്‍ എന്നിവരുടെ സംരക്ഷണം ലോകമെമ്പാടുമുള്ള സംഘര്‍ഷ മേഖലകളില്‍ നിസാരമായി അവഗണിക്കപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നത്. യുദ്ധ മേഖലകളില്‍ സാധാരണക്കാര്‍ നേരിടുന്നത് വലിയ ദുരിതങ്ങളെന്ന് ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസും ചൂണ്ടിക്കാട്ടുന്നു. യുദ്ധ മുഖങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ ആധുനിക സാഹചര്യത്തില്‍ പാടെ അവഗണിക്കപ്പെടുന്നു എന്നാണ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നത്.

ഗാസ, യുക്രെയ്ന്‍, സിറിയ, മ്യാന്‍മര്‍ തുടങ്ങിയ മേഖലകളിലെ സംഘര്‍ഷങ്ങള്‍ ജനീവ കണ്‍വെന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളെ പാടെ അവഗണിക്കുന്നതാണെന്നാണ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ സായുധ പോരാട്ടങ്ങളില്‍ നിന്നും ഇരകളെ സംരക്ഷിക്കുന്ന നിലയില്‍ ശക്തമായ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കപ്പെടണം. മരണങ്ങളെ ന്യായീകരിക്കുന്ന ആഗോള സാഹചര്യത്തില്‍ നിന്നും ജീവനുകള്‍ സംരക്ഷിക്കപ്പെടുക എന്ന നിലയിലേക്ക് ആശയങ്ങള്‍ മാറേണ്ടതുണ്ടെന്നും റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാറിക് ചൂണ്ടിക്കാട്ടുന്നു.

കറുത്ത കാലഘട്ടങ്ങളിലും മനുഷ്യന്റെ മഹത്വം കാത്തുസൂക്ഷിക്കപ്പെടണം. മനുഷ്യ ജീവനുകള്‍ സംരക്ഷിക്കപ്പെടണം. ഇതിനായി സൈനിക വിഭാഗങ്ങളും സായുധ സംഘടനകളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണം. എല്ലാ യുദ്ധങ്ങള്‍ക്കും പരിധിയുണ്ടെന്ന വലിയ സന്ദേശമാണ് ആധുനിക യുദ്ധങ്ങള്‍ തെളിയിക്കുന്നത്. യുദ്ധങ്ങള്‍ക്ക് ഒരു നിയമാവലി എന്നത്തേക്കാളും ഇന്നത്തെ ലോകം ആവശ്യപ്പെടുന്നു.

സാങ്കേതിക വിദ്യയുള്‍പ്പെടെ വലിയ വളര്‍ച്ച നേടിയ ഇക്കാലത്ത് സംഘര്‍ഷങ്ങള്‍ ഇരുപതാം നൂറ്റാണ്ടിനേക്കാള്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകളും നഗരവത്കരണവും വലിയ വളര്‍ച്ച നേടി. തീവ്രവാദികളെന്ന് മുദ്രകുത്തി ആസുത്രിതമായ കൂട്ടകൊലകള്‍ പോലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

യുദ്ധ മുഖങ്ങളില്‍ ആശുപത്രികളും സ്‌കൂളുകളും ആംബുലന്‍സുകളും ആക്രമിക്കപ്പെടുന്നു. ദുരിതാശ്വാസ പ്രവര്‍ത്തകരും സാധാരണക്കാരും കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും സംവിധാനങ്ങള്‍ ഇടപെടാതിരിക്കുന്ന സാഹചര്യത്തില്‍ ആക്രമങ്ങള്‍ക്ക് അത് ഇന്ധനം പകരുന്നു. സംഘര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ നീളുന്ന നിലയിലേക്കും ഇത് വഴിതുറക്കുന്നു.

 

 

Latest News