ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയും അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കും ചെയ്യാൻ പറ്റിയ വളരെ പ്രയോജനകരമായ ഒരു വ്യായാമമുണ്ട്. ദിവസേനയുള്ള വ്യായാമം എന്ന നിലയിൽ സ്റ്റെയർ ക്ലൈമ്പിങ് അല്ലെങ്കിൽ പടികൾ കയറുന്നത് വളരെ ഉചിതമാണെന്ന് പഠനങ്ങൾ പറയുന്നു. നിരപ്പായ പാതയിലൂടെ നടക്കുന്നതിനേക്കാൾ ഇത് കൂടുതൽ ഫലപ്രദമാണെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
“പടികൾ കയറുന്നത് വേഗത്തിൽ ഫിറ്റ്നെസ്സിൽ എത്തിച്ചേരാൻ സഹായിക്കുകയും ശരീരത്തിലെ കലോറി വേഗം തീർക്കാനും സഹായിക്കുന്നു” – ഇന്റർനാഷണൽ സ്കൈറണ്ണിംഗ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റെ ലോറി വാൻ ഹൂട്ടൻ പങ്കുവയ്ക്കുന്നു. “ഞാൻ എത്ര കലോറി കത്തിക്കും എന്നതാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത്” – വാൻ ഹൂട്ടൻ കൂട്ടിച്ചേർത്തു.
ഫിറ്റ്നെസ്സിനെ മുൻനിർത്തിക്കൊണ്ടുതന്നെ 2,000 മീറ്ററനു മുകളിൽ (ഏകദേശം 6,500 അടി) പർവതാരോഹണവും അല്ലെങ്കിൽ സ്റ്റെയർ ക്ലൈംബിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ് പോലുള്ള മത്സരങ്ങളും ഇപ്പോൾ ലോകത്തിന്റെ പലയിടത്തും നടത്തുന്നുണ്ട്.
ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് ഒരു ശുഭവാർത്തയാണ് ഈ പടികയറ്റം. കാരണം, പരന്ന പാതയിലൂടെ നടക്കുന്നതിനെക്കാൾ 20 മടങ്ങ് കൂടുതൽ കലോറി, കോണിപ്പടി കയറുമ്പോൾ കത്തിക്കുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. പടികൾ ഇറങ്ങുമ്പോൾപ്പോലും ഏകദേശം അഞ്ചിരട്ടി കലോറിയാണ് ശരീരത്തിൽ ഉപയോഗിക്കപ്പെടുന്നത്. ശരീരത്തിന്റെ ഇറക്കം മന്ദഗതിയിലാക്കാൻ പേശികൾ പ്രവർത്തിക്കുന്നു.
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം.
മിലാൻ സർവകലാശാലയിലെ ഫിസിയോളജിസ്റ്റും ബയോമെക്കാനിസ്റ്റുമായ ഡോ. ആൽബെർട്ടോ മിനെറ്റി, സ്റ്റെയർ ക്ലൈംബിംഗ് ഉൾപ്പെടെ, മനുഷ്യന്റെ ചലനത്തെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്.
“എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒരു വ്യായാമമാണിത്. കാരണം, എല്ലായിടത്തും സ്റ്റെപ്പുകൾ ധാരാളമായുണ്ട്. അതോടൊപ്പം ജിമ്മിൽ പോകാൻ നാം പണം കൊടുക്കണം. സ്റ്റെപ്പുകൾ കയറിയിറങ്ങുന്നത് തികച്ചും സൗജന്യമാണല്ലോ. നിരപ്പായ പാതയിലൂടെ നടക്കുന്നതിനെക്കാൾ, പടികൾ കയറുമ്പോൾ 20 മടങ്ങ് കലോറിയാണ് ചിലവാക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും ഫലപ്രദമായ മറ്റൊരു മാർഗമില്ല” – മിനെറ്റി പറയുന്നു. നമുക്കു ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളിലെ മിക്ക സ്റ്റെയറുകളിലും ഹാൻഡ്റെയിലുകൾ ലഭ്യമാണ്. അതിനാൽത്തന്നെ ഇത് സുരക്ഷിതവുമാണ്.
പടികൾ എല്ലായിടത്തുമുണ്ട്
സ്റ്റെയർ ക്ലൈംബിംഗ് ഒരു ഒളിമ്പിക് കായിക ഇനമായിരുന്നെങ്കിൽ, സുസി വാൽഷാം ഇന്ന് നിരവധി സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയേനെ. നൂറിലധികം അന്താരാഷ്ട്ര സ്റ്റെയർ റേസ് മത്സരങ്ങളിൽ കിരീടങ്ങൾ വാങ്ങിക്കൂട്ടിയ അവർ അച്ചടക്കത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയുമാണ്.
ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ അവർ പത്തു മത്സരങ്ങളിൽ വിജയിച്ചു. സിംഗപ്പൂരിൽ താമസിക്കുമ്പോൾ, വാൽഷാം അവരുടെ 29 നില കെട്ടിടത്തിൽ തുടർച്ചയായി 37 തവണയാണ് കയറിയത്. കാപ്പിയോ, വെള്ളമോ കുടിക്കാനുള്ള ചെറിയ ഇടവേളകളോടെ മുകളിൽ എത്തിയതിനുശേഷം ഓരോ തവണയും അവരുടെ ലിഫ്റ്റ് താഴെ എത്താൻ നാലുമണിക്കൂറിലധികം സമയമെടുത്തു. 3,200 മീറ്റർ (10,500 അടി) ലംബമായ ദൂരം അവർ പിന്നിട്ടു. അഞ്ചു തവണ ഓസ്ട്രേലിയൻ താരം ഈഫൽ ടവർ കയറിയിറങ്ങി.
പതിവ് വ്യായാമം എന്ന നിലയിൽ പടികൾ കയറുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
“പ്രായമാകുമ്പോൾ പലരും ഓടാൻ പാടുപെടുന്നു. ഓട്ടത്തിന്റെ ആഘാതം സന്ധികളിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതിനുള്ള പരിഹാരമാണ് ഈ പടികയറ്റം” – വാൽഷാം പറയുന്നു.
തുടക്കക്കാർക്കും പൊതുജനങ്ങൾക്കും പ്രവേശിക്കാൻ എളുപ്പമുള്ള കായികവിനോദമാണ് സ്റ്റെയർ ക്ലൈംബിംഗ്. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ പേശികളെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. എസ്കലേറ്ററുകൾക്കുപകരം പടികൾ ഉപയോഗിക്കുന്നത് വ്യായാമം ചെയ്യാനുള്ള നല്ലൊരു മാർഗമാണ്.