Thursday, October 10, 2024

ചരിത്രത്തിൽ ഈ ദിനം – ഒക്ടോബർ പത്ത്

ഇന്ന് ഒക്ടോബർ പത്ത്. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് വ്യത്യസ്തങ്ങളായ സംഭവങ്ങൾ കൂട്ടിച്ചേർത്താണ്. അവയിൽ പ്രസക്തമായ ചില സംഭവങ്ങളെക്കുറിച്ച് വായിച്ചറിയാം.

നെപ്ട്യൂണിന്റെ 13 ഉപഗ്രഹങ്ങളിൽ ഏറ്റവും വലിപ്പമേറിയ ഉപഗ്രഹമായ ടൈരടൺ കണ്ടെത്തിയത് 1846 ഒക്ടോബർ പത്തിനായിരുന്നു. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ലാസെലാണ് ഈ ഉപഗ്രഹം കണ്ടെത്തിയത്. നെപ്ട്യൂൺ കണ്ടെത്തി വെറും 17 ദിവസങ്ങൾമാത്രം പിന്നിട്ടപ്പോഴേക്കും അതിന്റെ ഉപഗ്രഹവും വാനനിരീക്ഷകരുടെ കണ്ണിൽപ്പെടുകയായിരുന്നു. നെപ്ട്യൂണിന്റെ ഭ്രമണദിശയ്ക്കു നേർവിപരീതമായാണ് ടൈ്രടൺ ഭ്രമണം ചെയ്യുന്നത്. വിപരീതദിശയിൽ ഒരു ഗ്രഹത്തെ ഭ്രമണംചെയ്യുന്ന സൗരയൂഥത്തിലെ ഏക ചന്ദ്രനാണ് ഇത്. 2,700 കിലോമീറ്ററാണ് ടൈരടന്റെ വ്യാസം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അതുപോലെതന്നെ, 1970 ഒക്ടോബർ പത്തിനാണ് ഫിജി ഒരു സ്വതന്ത്രരാഷ്ട്രമായി മാറിയത്. 96 വർഷത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കുശേഷമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. 1874 ഒക്ടോബർ പത്തിനാണ് ഫിജി ബ്രിട്ടീഷുകാരുടെ ഭരണത്തിൻകീഴിലായത്. ഫിജിയുടെ രാജാവ് ബ്രിട്ടീഷുകാരുമായി ചെയ്ത സന്ധിയുടെ ഫലമായിരുന്നു ബ്രിട്ടീഷ് അധിനിവേശം. 1965-ൽ ചേർന്ന കോൺസ്റ്റിറ്റ്യൂഷണൽ കോൺഫറൻസിനുശേഷം സ്വാതന്ത്ര്യത്തിനുള്ള ശ്രമങ്ങൾ വേഗത്തിലായി. 1967-ൽ രാതു കമിസെസെ മാര മുഖ്യമന്ത്രിയായികൊണ്ട് ഒരു മന്ത്രിസഭ രൂപപ്പെട്ടു. തുടർന്ന് ഫിജിയുടെ സ്വയംഭരണാധികാരം അംഗീകരിച്ച് ബ്രിട്ടൻ, അധീശത്വം അവസാനിപ്പിച്ച് രാജ്യത്തുനിന്ന് പിന്മാറി.

രണ്ടാം ഹൂഗ്ലി പാലം എന്നറിയപ്പെടുന്ന വിദ്യാസാഗർ സേതു, യാത്രയ്ക്കായി തുറന്നുകൊടുത്തത് 1992 ഒക്ടോബർ പത്തിനായിരുന്നു. ഹൗറ പാലത്തിനുശേഷം ഹൂഗ്ലീ നദിക്കു കുറുകെ പണിതിരിക്കുന്ന രണ്ടാമത്തെ പാലമാണിത്. 2,700 അടി നീളമുള്ള പാലത്തിന്റെ വീതി 115 അടിയാണ്. 1972 മെയ് 20-ന് ഇന്ദിരാഗാന്ധി തറക്കല്ലിട്ട പ്രൊജക്ടിന്റെ നിർമ്മാണം 1979 ജൂലൈ മൂന്നിനാണ് ആരംഭിച്ചത്. ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷനാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രണ്ടു പില്ലറുകളിൽ ഘടിപ്പിച്ചിരിക്കുന്ന കേബിളുകളാണ് പാലത്തെ താങ്ങിനിർത്തുന്നുത്. കേബിളുകൾ ഉപയോഗിച്ച് പണിതിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമാണിത്. ഒരു ദിവസം എൺപത്തി അയ്യായിരത്തോളം വാഹനങ്ങളെ വഹിക്കാൻ ശേഷിയുണ്ട് ഇതിന്. വിദ്യാഭ്യാസ പരിഷ്കർത്താവായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ സ്മരണാർഥമാണ് പാലത്തിന് ‘വിദ്യാസാഗർ സേതു’ എന്ന പേര് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News