രാജ്യത്തിന്റെ വിശാലമായ വനങ്ങളെ നശിപ്പിച്ചുകൊണ്ട് യുദ്ധം വലിയതോതിൽ പരിസ്ഥിതിനാശം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് പ്രകൃതിസൗന്ദര്യത്തിന്റെ കലവറയും യുക്രൈന്റെ ദേശീയോദ്യാനവുമായിരുന്ന സ്വിയാറ്റി ഹോറിയുടെ 12,000 ഹെക്ടറിന്റെ അഞ്ചിലൊന്നു ഭാഗവും തീപിടിത്തത്തിൽ നശിച്ചു.
റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ ദിവസവും ആയിരക്കണക്കിന് ഷെല്ലാക്രമണങ്ങൾ നടത്തുമ്പോൾ മനുഷ്യരെപ്പോലെതന്നെ ഭൂപ്രകൃതിക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. ഷെല്ലാക്രമണങ്ങൾ മൂലമുണ്ടാകുന്ന തീപിടിത്തം, മുഴുവൻ വനങ്ങളെയും നശിപ്പിച്ചു. സ്വിയാറ്റി ഹോറി ദേശീയോദ്യാനത്തിന്റെ ഡയറക്ടർ സെർഹി പ്രിമാചുക്, റഷ്യൻ യുദ്ധോപകരണങ്ങൾ വനപ്രദേശങ്ങളിൽ സുലഭമാണെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി.
മറഞ്ഞിരിക്കുന്ന കുഴിബോംബുകളും പൊട്ടാത്ത ഷെല്ലുകളും കാര്യമായ ഭീഷണി ഉയർത്തിക്കൊണ്ട് വനവൽക്കരണ പ്രവർത്തനങ്ങൾക്ക് അപകടകരമായി മാറിയിരിക്കുന്നു. 39-കാരനായ ഒലെക്‌സാണ്ടർ പോളോവിങ്കോ എന്ന റേഞ്ചറിന്, കഴിഞ്ഞ വർഷം കുഴിബോംബ് സ്‌ഫോടനത്തിൽ കാൽ നഷ്ടപ്പെട്ടു. ശേഷിക്കുന്ന പ്രദേശങ്ങൾ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമായി അപകടസാധ്യതകൾക്കിടയിലും വനപാലകർ വനങ്ങളിലേക്കു പോകുന്നു.
മാനുകൾ, പന്നികൾ, മരപ്പട്ടികൾ എന്നിവയുടെ ആവാസവ്യവസ്ഥകൾ നഷ്ടപ്പെടുന്നതിനോടൊപ്പം വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും സ്ഥിതി കൂടുതൽ മോശമായി. ലാൻഡ്‌മൈനുകൾ തീ കെടുത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ജീവജാലങ്ങളുടെ നിലനില്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് പരിസ്ഥിതിശാസ്ത്രജ്ഞനായ ഒലെഹ് ലിസ്റ്റോപാഡ് മുന്നറിയിപ്പ് നൽകുന്നു.
യുക്രൈനിലെ 10 ദശലക്ഷം ഹെക്ടർ വനത്തിന് കനത്ത നാശനഷ്ടമുണ്ടായതായി വിദഗ്ദ്ധർ കണക്കാക്കുന്നു. യുദ്ധത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കും. വരുംതലമുറകളിലേക്കും ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും ഇത് സാരമായി ബാധിക്കുമെന്നതിൽ തെല്ലും സംശയമില്ല.