Sunday, November 24, 2024

സീരിയലുകൾ വികലമാക്കുന്ന കാഴ്ചപ്പാടുകൾ

ഡോ സെമിച്ചൻ ജോസഫ്

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരിശീലനപരിപാടിയുടെ ഭാഗമായാണ് ആ സർക്കാർ വിദ്യാലയത്തിൽ എത്തിയത്. അവർ 62 പേരുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ സ്വകാര്യചാനൽ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്യുന്ന മൂന്ന് സീരിയലുകളെക്കുറിച്ച് സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു. അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം അവർക്ക് സുപരിചിതമായിരുന്നു. ആ മൂന്ന് സീരിയലുകളിൽ ഏതെങ്കിലും മുടങ്ങാതെ കാണുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ അധ്യാപകരെയും പരിശീലകനെയും അതിശയപ്പെടുത്തിക്കൊണ്ട് കൈപൊക്കിയത് 41 പേരാണ്. റീലുകളും വെബ് സീരീസുകളുമൊക്കെ അരങ്ങ് തകർക്കുന്ന കാലത്ത് ഇതിലെന്താണ് ഇത്ര കുഴപ്പം എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. ഇനി പറയാനുള്ളത് അവരോടാണ്.

കുട്ടികളുടെ പഠനനിലവാരത്തെ/ സമയത്തെ ദോഷകരമായി ഈ പ്രൈം ടൈം സീരിയലുകൾ ബാധിക്കുന്നു എന്നു മാത്രമല്ല, വളർച്ചയുടെ അതിനിർണ്ണായക പ്രായത്തിൽ, യാഥാർഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത, ടെലിവിഷൻ സീരിയലുകൾ തീർക്കുന്ന ഭ്രമലോകം നമ്മുടെ കൗമാരക്കാരുടെ ചിന്തകളിൽ, മാനസിക ഘടനകളിൽ ഏല്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. മാതാപിതാക്കളും ഗ്രാൻഡ് പേരൻസും ശ്രദ്ധിക്കുക. ശിഥിലമായ കുടുംബ ബന്ധങ്ങളും അമ്മായിയമ്മ – മരുമകൾ പോരും സാമാന്യയുക്തിക്കു നിരക്കാത്ത കഥാസന്ദർഭങ്ങളും ചേർന്നു സ്രഷ്ടിക്കുന്ന കാല്പനികലോകം അവരുടെ കുടുംബ/ജീവിതസങ്കല്പങ്ങളെ മാത്രമല്ല കാഴ്ചപ്പാടുകളെയും വികലമാക്കുന്നു.

മധ്യവര്‍ഗജീവിതത്തിന്റെ വര്‍ണ്ണപ്പൊലിമയും ധാരാളിത്തവും ആകര്‍ഷകമായി അവതരിപ്പിക്കുന്നതുവഴി നിരന്തരമായ ഭ്രമിപ്പിക്കലിന്റെയും പ്രലോഭിപ്പിക്കലിന്റെയും ഒരു ലോകം തന്നെ അവ നമുക്കുമുന്നിൽ തുറന്നുവയ്ക്കുന്നു.

തുടക്കത്തിൽ സൂചിപ്പിച്ച 41 പത്താം ക്ലാസുകാരുമായി വിശദമായി സംസാരിച്ചപ്പോൾ മനസ്സിലായ വസ്തുത, അവരാരും തന്നെ സീരിയലുകൾ ആഗ്രഹിച്ചു കാണുന്നതല്ല. അവർക്കുമുന്നിൽ വേറെ ഓപ്ഷനുകൾ ഇല്ലായിരുന്നു എന്നതാണ് വാസ്തവം.

പ്രിയ മാതാപിതാക്കളെ, മുത്തശ്ശിമുത്തച്ഛന്മാരെ, കുഞ്ഞുങ്ങളുടെ നന്മയെ കരുതി പലതും ഉപേക്ഷിക്കുന്നവരും നിരവധി ത്യാഗങ്ങൾ സഹിക്കുന്നവരുമായ നിങ്ങൾ, നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഈ ‘സായാഹ്ന സീരിയൽ’ വേളകൾ ഒന്നു പുനഃക്രമീകരണം നടത്തിയാൽ അത് പുതിയ തലമുറയോടു ചെയ്യുന്ന വലിയ കരുതലായിരിക്കും.

ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

തുടരും…

Latest News