ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് അനവധി പ്രത്യേകതകൾ നിറഞ്ഞ സംഭവങ്ങളിലൂടെയാണ്.
ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞനായ റിച്ചാർഡ് ഹുക്കർ 46-ാം വയസ്സിൽ അന്തരിച്ചത് 1600 നവംബർ രണ്ടിനായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: ‘ദൈവത്തിന് എന്റെ ദൈനംദിന അപേക്ഷകളുണ്ട്. കാരണം, ഞാൻ എല്ലാ മനുഷ്യരുമായും സമാധാനത്തിലാണ്; ദൈവം എന്നോടും സമാധാനത്തിലാണ്. ഈ സാക്ഷ്യം മരണത്തെക്കുറിച്ചുള്ള ചിന്തകളെ സന്തോഷിപ്പിക്കുന്നു.”
1936 നവംബർ രണ്ടിനായിരുന്നു ബി. ബി. സി. ടെലിവിഷൻ സർവീസ് ആരംഭിച്ചത്. ലോകത്തിലെ ആദ്യ ദൈംനദിന ഹൈ-ഡെഫനിഷൻ ടെലിവിഷൻ സർവീസായിരുന്നു ബി. ബി. സി. ഇതിനു മുൻപ് ഒരു ജർമൻ കമ്പനി ടെലിവിഷൻ സേവനം ആരംഭിച്ചിരുന്നെങ്കിലും അത് ഹൈ-ഡെഫനിഷൻ ആയിരുന്നില്ല. അഡ്ലെ ഡിക്സൺ എന്ന ഗായിക, മാജിക് റേയ്സ് ഓഫ് ലൈറ്റ് എന്ന ഗാനം ആലപിക്കുന്ന ദൃശ്യങ്ങളോടെയാണ് അലക്സാണ്ട്ര പാലസിൽ നിന്ന് ബി. ബി. സി. ടി.വി. സംപ്രേഷണം ആരംഭിച്ചത്.
1988 നവംബർ രണ്ടിനാണ് മോറിസ് വോം എന്ന സോഫ്റ്റ് വെയറുകളുടെ സഹായമില്ലാതെ നിലനിൽക്കാനും സ്വന്തമായി വ്യാപിക്കാനും ശേഷിയുള്ള പ്രോഗ്രാം ഇന്റർനെറ്റിനെ നിശ്ചലമാക്കിയത്. മോറിസ് വോം പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്ന് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്ന അറുപതിനായിരം കമ്പ്യൂട്ടറുകളിൽ ആറായിരം കമ്പ്യൂട്ടറുകളും നിശ്ചലമായി. ഇന്റർനെറ്റ് നേരിട്ട ആദ്യ വോം ആക്രമണമായിരുന്നു അത്. മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ ഒരു കമ്പ്യൂട്ടറിൽനിന്നാണ് മോറിസ് വോം മറ്റ് കമ്പ്യൂട്ടറുകളിലേക്ക് എത്തിയത്. 23 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന റോബർട്ട് മോറിസ് എന്ന വിദ്യാർഥിയായിരുന്നു ഇതിനുപിന്നിൽ. അപകടരഹിതമായ ഒരു പരീക്ഷണം എന്ന നിലയിൽ മോറിസ് ചെയ്ത കാര്യം പ്രോഗ്രാമിംഗ് എറർ സംഭവിച്ചതുമൂലം വിനാശകാരിയായ കമ്പ്യൂട്ടർ വോം ആയി മാറുകയായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യർ സ്ഥിരതാമസം തുടങ്ങിയത് 2000 നവംബർ രണ്ടു മുതലാണ്. സോയൂസ് ‘ടി. എം. 31’ എന്ന റഷ്യൻ പേടകത്തിൽ മൂന്നു മനുഷ്യരാണ് നിലയത്തിലെത്തിയത്. ബിൽ ഷെപ്പേഡ് എന്ന അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു ‘എക്സപെഡിഷൻ 1’ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ കമാൻഡർ. 136 ദിവസമാണ് ആദ്യസഞ്ചാരികൾ നിലയത്തിൽ താമസിച്ചത്. റിഗിഡ്സെൻകോ, സെർജി കെ ക്രിക്കലേവ് എന്നീ റഷ്യൻ ബഹിരാകാശ സഞ്ചാരികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ജീവൻരക്ഷാ സംവിധാനങ്ങളും ആശയവിനിമയസങ്കേതങ്ങളും ഘടിപ്പിക്കുക എന്നതായിരുന്നു സംഘത്തിന്റെ ദൗത്യം.