Sunday, November 24, 2024

ബഹുഭാര്യത്വം: നിന്ദ്യമായ ആചാരത്തിനെതിരെ ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ പോരാടുന്നു

തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭര്‍ത്താവ് മറ്റൊരു ഭാര്യയെ സ്വീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 28 കാരിയായ ഒരു മുസ്ലീം യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വ സമ്പ്രദായത്തെ ലോക ശ്രദ്ധയില്‍പ്പെടുത്തി.

ദ്വിഭാര്യത്വത്തിന്റെയോ ബഹുഭാര്യത്വത്തിന്റെയോ പഴഞ്ചന്‍ ആചാരങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഡല്‍ഹി ഹൈക്കോടതിയോട് അവര്‍ ആവശ്യപ്പെടുന്നു.

കോടതി രേഖകള്‍ അനുസരിച്ച്, 2019 ജനുവരിയില്‍ ഈ യുവതി ഷൂബ് ഖാന്‍ എന്നയാളെ വിവാഹം കഴിച്ചു. അടുത്ത വര്‍ഷം നവംബറില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞും ജനിച്ചു. ഗാര്‍ഹിക പീഡനം, ക്രൂരത, പീഡനം, സ്ത്രീധന ആവശ്യങ്ങള്‍ എന്നിവ ഭര്‍ത്താവിനെതിരെ ഈ യുവതി ആരോപിക്കുന്നു. ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചുവെന്നും മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അയാള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അവള്‍ പറയുന്നു. സമാനമായ ആരോപണങ്ങള്‍ അവള്‍ക്കെതിരെ ഭര്‍ത്താവും ആരോപിക്കുന്നു.

‘ഇത്തരത്തില്‍ ഭാര്യയുടെ അനുവാദമില്ലാതെ തന്നെ മറ്റൊരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധവും, ശരിയത്ത് വിരുദ്ധവും, നിയമവിരുദ്ധവും, ഏകപക്ഷീയവും, പരുഷവും, മനുഷ്യത്വരഹിതവും, പ്രാകൃതവുമാണെന്നും മുസ്ലീം സ്ത്രീകളുടെ ദുരവസ്ഥ തടയാന്‍ ഈ ആചാരം നിയന്ത്രിക്കേണ്ടതുണ്ടെന്നും യുവതി കോടതിയില്‍ വാദിച്ചു.

ഈ കേസിനെക്കുറിച്ച് കോടതി പരാമര്‍ശിക്കുമ്പോള്‍, മുസ്ലിംകള്‍ക്കും ചില ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കുമിടയില്‍ ഒഴികെ ഇന്ത്യയില്‍ നിയമവിരുദ്ധമായ പ്രസ്തുത ആചാരത്തെക്കുറിച്ചുള്ള ചര്‍ച്ച വിവിധ കോണുകളില്‍ ഉയര്‍ന്നു കഴിഞ്ഞു.

പ്യൂ റിസര്‍ച്ച് സെന്ററിന്റെ 2019 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോള ജനസംഖ്യയുടെ ഏകദേശം 2% ബഹുഭാര്യത്വ കുടുംബങ്ങളിലാണ് താമസിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ തുര്‍ക്കി, ടുണീഷ്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും ഈ ആചാരം നിരോധിച്ചിരിക്കുന്നു. കൂടാതെ ഇത് അനുവദനീയമായ മിക്ക രാജ്യങ്ങളിലും ഇവ നല്ലരീതിയില്‍ നിയന്ത്രിക്കപ്പെടുന്നു. യുഎന്‍ ഈ സമ്പ്രദായത്തെ ‘സ്ത്രീകളോടുള്ള അസ്വീകാര്യമായ വിവേചനം’ എന്ന് വിശേഷിപ്പിക്കുകയും അത് ‘തീര്‍ച്ചയായും നിര്‍ത്തലാക്കണമെന്ന്’ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയില്‍, വിഷയം രാഷ്ട്രീയ ചൂടുള്ള വിഷയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയവാദിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഒരു യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു – വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ ഇനി അവരുടെ മതനിയമത്തിന് വിധേയമാകില്ല എന്ന ഒരു വിവാദ നിയമനിര്‍മ്മാണമാണ്. എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരു പൊതു നിയമം.

രാജ്യം മതപരമായി വളരെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഒരു സമയത്ത്, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏതൊരു പരിഷ്‌കാരവും ഭൂരിപക്ഷം മുസ്ലിംകളും ഇസ്ലാമിനെതിരായ കടന്നാക്രമണമായി കണക്കാക്കും.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഇസ്ലാമിന്റെ പണ്ഡിതനുമായ എസ് വൈ ഖുറേഷി പറയുന്നു, ‘ഇന്ത്യയില്‍ എല്ലാ മുസ്ലീങ്ങള്‍ക്കും നാല് ഭാര്യമാരുണ്ടെന്നതാണ് പൊതുധാരണ’ അവര്‍ക്ക് ധാരാളം കുട്ടികളുണ്ട്, ഇത് ഒടുവില്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളെക്കാള്‍ കൂടുതലാകാന്‍ ഇടയാക്കും എന്നൊക്കെയാണ്. പക്ഷേ അത് ശരിയല്ല’.

ഇന്ത്യയിലെ മുസ്ലീം പുരുഷന്മാര്‍ക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാന്‍ അനുവാദമുണ്ട്, ബഹുഭാര്യത്വത്തിനുള്ള അനുമതി ഖുറാനില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ഇത് ‘കര്‍ശനമായ വ്യവസ്ഥകളിലും നിയന്ത്രണങ്ങളിലും’ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അദ്ദേഹം പറയുന്നു.

ഒരു പുരുഷന് രണ്ടാമത്തേയോ മൂന്നാമത്തേയോ നാലാമത്തെയോ ഭാര്യയെ സ്വീകരിക്കാമെന്നും എല്ലാവരേയും ഒരുപോലെ പരിഗണിക്കാവൂ എന്നും ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ തുല്യമായി സ്‌നേഹിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

7-ാം നൂറ്റാണ്ടില്‍ അറേബ്യയിലെ ഗോത്രവര്‍ഗ യുദ്ധത്തിനിടയില്‍ ധാരാളം പുരുഷന്മാര്‍ ചെറുപ്പത്തില്‍ മരിക്കുകയും അന്ന് ബഹുഭാര്യത്വം വിധവകളെയും അനാഥരെയും സഹായിക്കാനുമായിരുന്നുവെന്നും ഖുറേഷി പറയുന്നു. ‘അല്ലെങ്കില്‍, ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ ഈ സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുകയും അതിനെ നിന്ദിക്കുകയും ചെയ്യുന്നു.’

എന്നാല്‍ ഇന്ന് ഇന്ത്യയില്‍ യുദ്ധമില്ലെന്നും ബഹുഭാര്യത്വം – ‘സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ’ ആചാരമായതിനാല്‍ അവ നിരോധിക്കണമെന്നും സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക സാകിയ സോമനെപ്പോലുള്ള വിമര്‍ശകര്‍ പറയുന്നു.

മുംബൈ ആസ്ഥാനമായുള്ള ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്റെ (ബിഎംഎംഎ – ഇന്ത്യന്‍ മുസ്ലിം വിമന്‍സ് മൂവ്മെന്റ്) സ്ഥാപകയായ സോമന്‍, ബഹുഭാര്യത്വം അനീതിയാണെന്നും ധാര്‍മ്മികമായും സാമൂഹികമായും നിയമപരമായും അനുവദനീയമാക്കുന്നത് തെറ്റാണെന്നും പറയുന്നു.

‘ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ വേണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? സമൂഹം കാലത്തിനൊത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത് ഒരു സ്ത്രീയുടെ അന്തസ്സിനും മനുഷ്യാവകാശത്തിനും എതിരായ കടുത്ത ലംഘനമാണ്.’ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

2017-ല്‍, ബഹുഭാര്യത്വ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 289 സ്ത്രീകളില്‍ BMMA സര്‍വേ നടത്തുകയും അവരുടെ ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. 50 കേസുകള്‍ വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് അവര്‍ പുറത്തുവിട്ടു.

‘അവര്‍ അത്തരം സാഹചര്യങ്ങളില്‍ കുടുങ്ങിയതായി ഞങ്ങള്‍ കണ്ടെത്തി, എല്ലാവര്‍ക്കും ഇത് ഒരു ആഘാതകരമായ അനുഭവമായിരുന്നു, കൂടാതെ പലര്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ സോമന്‍ പറയുന്നു.

ഇസ്ലാമിലെ തല്‍ക്ഷണ വിവാഹമോചനം എന്ന വിവാദപരമായ സമ്പ്രദായത്തിനെതിരെ മുമ്പ് വ്യാപകമായ പ്രചാരണം നടത്തിയ BMMA, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹുഭാര്യത്വം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2019-ല്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തങ്ങളുടെ മതത്തിലുള്ള ഇടപെടലാണെന്ന യാഥാസ്ഥിതിക മുസ്ലിംകളില്‍ നിന്നുള്ള ആക്ഷേപത്തിന് അത് കാരണമായി.

മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം ‘അപൂര്‍വവും പ്രശ്നമല്ലാത്തതും’ ആണെന്ന് അവര്‍ പറയുന്നു, ‘ന്യൂനപക്ഷ സമുദായത്തോട് ആജ്ഞാപിക്കാനുള്ള ഭൂരിപക്ഷ അജണ്ട’ ബിജെപി പിന്തുടരുകയാണെന്നും അവര്‍ ആരോപിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല ആദിവാസി സമൂഹങ്ങള്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ട്, ആരും അവരെ ലക്ഷ്യമിടുന്നില്ല, പിന്നെ എന്തിനാണ് നിങ്ങള്‍ ഞങ്ങളെ ലക്ഷ്യമിടുന്നത്? ഇത് ഇസ്ലാമോഫോബിയയുടെ ഭാഗമാണ്. ബഹുഭാര്യത്വ നിരോധനത്തെക്കുറിച്ചുള്ള ഈ സംസാരമെല്ലാം, സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും അവരുടെ വ്യക്തിപരമായ മതനിയമങ്ങളിലെ ഇടപെടലാണെന്നും അവര്‍ പറയുന്നു. രാജ്യം മതപരമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത്, ബിജെപി സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധികളില്‍ മുസ്ലീങ്ങള്‍ക്ക് സംശയമുണ്ടെന്ന് സോമന്‍ സമ്മതിക്കുന്നു.

എന്നാല്‍ ബഹുഭാര്യത്വം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ഒരു ആചാരമാണെന്നും അത് പാടേ ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സ്ത്രീസമൂഹം.

Latest News