മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണയെ മാറ്റിമറിച്ച ഫോസിൽ കണ്ടെത്തിയിട്ട് അൻപതു വർഷങ്ങൾ പൂർത്തിയായി. അമേരിക്കൻ പാലിയന്റോളജിസ്റ്റ് ഡോൺ ജോഹാൻസണും ബിരുദവിദ്യാർഥി ടോം ഗ്രേയും 1974 നവംബർ 24 ന് എത്യോപ്യയിൽ നടത്തിയ കണ്ടെത്തലിൽ മനുഷ്യപരിണാമത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു തെളിഞ്ഞത്.
3.2 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പുരാതന ഹോമിനിനുകൾക്ക് രണ്ട് അടിയിൽ നിവർന്നുനിൽക്കാൻ കഴിഞ്ഞുവെന്നതിന് തെളിവ് നൽകാൻ ഈ കണ്ടുപിടിത്തത്തിനും ലൂസിക്കും സാധിച്ചു. ലൂസിക്ക് കുരങ്ങുകളുടെയും മനുഷ്യരെയും പോലെയുള്ള സ്വഭാവസവിശേഷതകളുടെ മിശ്രിതമുണ്ടായിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട ശാസ്ത്രീയഗവേഷണത്തിനും സംവാദത്തിനും ഈ കണ്ടെത്തൽ ഊർജം പകരുകയും മനുഷ്യ ഉത്ഭവത്തോടുള്ള വിശാലമായ പൊതു ആകർഷണം ജ്വലിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ ലൂസിയെക്കാൾ ഇരട്ടി പഴക്കമുള്ള ഹോമിനിൻ ഫോസിലുകൾ ഉണ്ടെങ്കിലും, അവർ ഒരു പാലിയോ ആന്ത്രോപോളജിക്കൽ റോക്ക് സ്റ്റാറായി തുടരുന്നു. ഒരേ വ്യക്തിയിൽനിന്നുള്ള 47 അസ്ഥികൾകൊണ്ടു നിർമിച്ച ലൂസി എന്ന അസ്ഥികൂടം കണ്ടെത്തുമ്പോൾ അറിയപ്പെടുന്ന ഏറ്റവും പഴക്കമേറിയതും ആദ്യകാല മനുഷ്യപൂർവീകരുടെ ഏറ്റവും പൂർണ്ണവുമായ അസ്ഥികൂടമായിരുന്നു അത്.
“അസ്ഥികളുടെ അതിലോലമായ സ്വഭാവവും ഹ്രസ്വമായ ഉയരവും കാരണം ആ അസ്ഥികൂടം ഒരുപക്ഷേ, ഒരു സ്ത്രീയുടേതായിരിക്കുമെന്നു ഞങ്ങൾക്കു തോന്നി. പിന്നീട് ഈ കണ്ടുപിടിത്തത്തിനുശേഷം പെപ്പർസ് ലോൺലി ഹാർട്ട്സ് ക്ലബ് ബാൻഡ്, ലൂസി ഇൻ ദി സ്കൈ വിത്ത് ഡയമണ്ട്സ് എന്ന ആൽബം കേൾക്കുകയായിരുന്നു അവർ. അപ്പോൾ ക്യാമ്പ് അംഗങ്ങളിൽ ഒരാൾ എന്തുകൊണ്ട് അവളെ ലൂസി എന്ന് വിളിക്കുന്നില്ല എന്നു ചോദിച്ചു. ആകസ്മികമായി ആണെങ്കിലും ലൂസി എന്ന പേര് ഞങ്ങളിൽ തെളിഞ്ഞു നിന്നു” – ലൂസി എന്ന പേരിലേക്ക് എത്തിയതിനുപിന്നിലെ സത്യം ഡോൺ ജോഹാൻസൺ വെളിപ്പെടുത്തുന്നു.
ലൂസിയുടെ ജീവിവർഗം ആധുനിക മനുഷ്യസമൂഹവുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും മനുഷ്യന്റെ പരിണാമത്തിലെ സുപ്രധാന വഴിത്തിരിവായി അവ മാറുന്നുണ്ട്.