ഫോട്ടോ ജേർണലിസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആദ്യ മാഗസിനുകളിലൊന്നായ ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചത് 1936 നവംബർ 23 നാണ്. ന്യൂയോർക്ക് സിറ്റിയിൽനിന്നു പ്രസിദ്ധീകരിച്ച മാഗസിൻ ആഴ്ചപ്പതിപ്പായിരുന്നു. ആദ്യപതിപ്പിന്റെ വില 10 സെന്റായിരുന്നു. ടൈം മാഗസിന്റെ പബ്ലിഷറായ ഹെൻറി ലൂസ് തന്നെയാണ് ലൈഫ് മാഗസിനും ആരംഭിച്ചത്. നഷ്ടത്തിലായതിനാൽ ഇടക്കാലത്ത് നിർത്തലാക്കിയ മാഗസിൻ 1972 ൽ പ്രത്യേക പതിപ്പുകളായി പുറത്തിറങ്ങി. 1978 ൽ കുറഞ്ഞ വിലയിൽ മാസികയായി തുടർപ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും 2000 ൽ വീണ്ടും അത് നിർത്തലാക്കി.
ഫ്രഞ്ച് ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ബ്ലെയ്സ് പാസ്കൽ ഒരു നിഗൂഢ ദർശനം അനുഭവിക്കുകയും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തത് 1654 നവംബർ 23 നാണ്. ആദ്യത്തെ റിസ്റ്റ് വാച്ച്, ആദ്യത്തെ ബസ് റൂട്ട്, ആദ്യത്തെ പ്രവർത്തനക്ഷമമായ കണക്കുകൂട്ടൽ യന്ത്രം, മറ്റ് കണ്ടുപിടുത്തങ്ങൾ എന്നിവയുടെ സ്രഷ്ടാവ് പിന്നീട് തന്റെ ജീവിതം ദൈവശാസ്ത്രത്തിലേക്കു തിരിച്ചുവിട്ടു.
1976 നവംബർ 23 നാണ് ആദ്യമായി ഒരാൾ ഒരു ശ്വസനോപകരണത്തിന്റെ സഹായമില്ലാതെ കടലിനടിയിൽ 100 മീറ്റർ ആഴത്തിൽ ഫ്രീ ഡൈവിംഗ് ചെയ്തത്. ഫ്രഞ്ച് ഡൈവറായ ജാക്വസ് മയോളാണ് ഇറ്റലിയിലെ എൽബ ദ്വീപിനടുത്തുള്ള സമുദ്രത്തിലാണ് ചരിത്രത്തിലിടം നേടിയ ഈ ഡൈവിംഗ് നടത്തിയത്. കടലിന്റെ നൂറു മീറ്ററോളം താഴ്ചയിലെത്തിയ അദ്ദേഹം മൂന്നു മിനിറ്റും 40 സെക്കന്റും കഴിഞ്ഞാണ് തിരികെയെത്തിയത്. ശ്വസനോപകരണങ്ങളില്ലാതിരുന്നതിനാൽ ഒറ്റശ്വാസത്തിലായിരുന്നു ഡൈവിംഗ്. 20 വർഷത്തോളം നീണ്ട കഠിനപരിശ്രമത്തിന്റെ ഫലമായിരുന്നു ഡൈവ് നേട്ടം. പിന്നീട് 1983 ൽ അദ്ദേഹം 105 മീറ്റർ ആഴത്തിലെത്തി തന്റെ തന്നെ റെക്കോർഡ് ഭേദിച്ചു. പിന്നീട് പലരും ഈ റെക്കോർഡുകൾ മറികടന്നു.
1996 നവംബർ 23 നാണ് എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 767 സീരീസിൽപെട്ട വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടത്. അഡിസ് അബയിൽനിന്ന് നെയ്റോബിയിലേക്കു പോകുകയായിരുന്ന വിമാനമാണ് എത്യോപ്യക്കാരായ മൂന്നുപേർ ചേർന്ന് ഹൈജാക്ക് ചെയ്തത്. ഓസ്ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടുന്നവരായിരുന്നു അവർ. ലാന്റ് ചെയ്യിക്കാൻ കഴിയാതെ വന്നതോടെ ഇന്ധനം തീർന്ന വിമാനം കൊമോറോസ് ദ്വീപുകൾക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ വീഴുകയും ഹൈജാക്ക് ചെയ്തവരും വിമാനജീവനക്കാരും യാത്രികരും ഉൾപ്പെടെ 125 പേർ കൊല്ലപ്പെടുകയും ചെയ്തു. 50 പേരാണ് അപകടത്തെ അതിജീവിച്ചത്.