Monday, April 21, 2025

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 01

സഹാറ മരുഭൂമിയിലെ ടുവാരെഗ് ജനതയെ സേവിക്കുന്നതിനിടെ 1916 ഡിസംബർ ഒന്നിന് ഫാ. ചാൾസ് ഡി ഫൂക്കോൾഡ് രക്തസാക്ഷിയായി. എൽ മദനി ആഗ് സോബയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഗോത്ര റൈഡർമാർ ഡി ഫൂക്കോൾഡിനെ അദ്ദേഹത്തിന്റെ ആശ്രമത്തിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, രണ്ട് ഫ്രഞ്ച് ക്യാമൽ കോർപ്സ് സൈനികർ ഇടപെട്ടു. 15 വയസ്സുള്ള ഒരു കൊള്ളക്കാരൻ ഡി ഫൂക്കോൾഡിന്റെ തലയിൽ വെടിവച്ച് തൽക്ഷണം അദ്ദേഹത്തെ കൊന്നു. സൈനികരും വെടിയേറ്റു മരിച്ചു.

അന്റാർട്ടിക് ഉടമ്പടി ഒപ്പുവച്ചത് 1959 ഡിസംബർ ഒന്നിനായിരുന്നു. പന്ത്രണ്ട് രാജ്യങ്ങളിലെ പ്രതിനിധികൾ അമേരിക്കയിലെ വാഷിംഗ്ടണിൽവച്ചാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. അന്റാർട്ടിക്കയിൽ വിവിധ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരുന്ന രാജ്യങ്ങളായിരുന്നു അവ. അന്റാർട്ടിക്കയെ സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കൂ എന്നതായിരുന്നു ഉടമ്പടിയുടെ പ്രധാന ഉള്ളടക്കം. ശാസ്ത്രീയനിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും അതുവരെയുണ്ടായിരുന്ന സ്വാതന്ത്ര്യവും സഹകരണവും തുടരുമെന്നതും ശാസ്ത്രീയമായ കണ്ടെത്തലുകൾ പരസ്പരം കൈമാറ്റം ചെയ്യുമെന്നതും ഉടമ്പടിയിലുണ്ടായിരുന്നു. 1961 ൽ നിലവിൽ വന്ന ഉടമ്പടിയിൽ നിലവിൽ 54 അംഗങ്ങളാണ് ഉള്ളത്.

ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നാഗാലാന്റ് നിലവിൽ വന്നത് 1963 ഡിസംബർ ഒന്നിനാണ്. 1957 ലാണ് പ്രത്യേക സംസ്ഥാനം വേണം എന്ന ആവശ്യമുന്നയിച്ച് നാഗാലാന്റിലെ നേതാക്കൾ ചർച്ച നടത്തിയത്. തുടർന്ന് 1962 ൽ നാഗാലാന്റ് സംസ്ഥാന നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ 1963 ൽ കൊഹിമ തലസ്ഥാനമായി നാഗാലാന്റ് എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്താണ് നാഗാലാന്റിന്റെ സ്ഥാനം. ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവയാണ് അയൽസംസ്ഥാനങ്ങൾ. മ്യാന്മറുമായി രാജ്യാന്തര അതിർത്തിയും സംസ്ഥാനം പങ്കിടുന്നു.

1965 ഡിസംബർ ഒന്നിനാണ് ഇന്ത്യൻ അതിർത്തി രക്ഷാസേന സ്ഥാപിക്കപ്പെട്ടത്. അതുവരെ ഇന്ത്യ – പാക് അതിർത്തിയിൽ കാവലുണ്ടായിരുന്നത് സായുധ പൊലീസ് ബറ്റാലിയനായിരുന്നു. 1965 ഏപ്രിൽ ഒൻപതിന് പാക്കിസ്ഥാൻ സേന കച്ചിലെ സർദാർ പോസ്റ്റ് ഉൾപ്പെടെയുള്ള മൂന്നിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ വേണ്ട പ്രതിരോധം തീർക്കാൻ സായുധസേനയ്ക്കു കഴിയാതെവന്ന സാഹചര്യത്തിലാണ് അതിർത്തിരക്ഷയ്ക്കായി പരിശീലനം സിദ്ധിച്ച പ്രത്യേക സേന വേണമെന്ന തീരുമാനം രാജ്യമെടുത്തത്. അതുപ്രകാരം ആ വർഷം ഡിസംബർ ഒന്നിന് ബി. എസ്. എഫ്. നിലവിൽവന്നു. കെ. എഫ്. രുസ്താംജി ആയിരുന്നു ആദ്യ ചീഫ്. ആരംഭത്തിൽ 25 ബറ്റാലിയനുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യ – പാക് അതിർത്തി സംരക്ഷിക്കുകയായിരുന്നു ഉത്തരവാദിത്വം. പിന്നീട് പഞ്ചാബ്, ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികൾ തുടങ്ങിയവയുടെ സംരക്ഷണവും ബി. എസ്. എഫിനു നൽകി. നിലവിൽ 192 ബറ്റാലിയനുകളാണ് ബി. എസ്. എഫിനുള്ളത്.

Latest News