Thursday, December 5, 2024

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 2

എൽ സാൽവഡോറിലെ ഗവൺമെന്റും ഇടതുപക്ഷ ഗറില്ലകളുടെ കൂട്ടായ്മയായ ഫറബുണ്ടോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ടും (FMLN) തമ്മിൽ നടന്ന പന്ത്രണ്ടു വർഷത്തെ ആഭ്യന്തരയുദ്ധമായിരുന്നു എൽ സാൽവദോർ ആഭ്യന്തരയുദ്ധം. ഫിദൽ കാസ്‌ട്രോയുടെ ക്യൂബൻ ഭരണകൂടത്തിന്റെയും സോവിയറ്റ് യൂണിയന്റെയും പിന്തുണയുള്ള ഗ്രൂപ്പുകൾ 1979 ഒക്‌ടോബർ 15 ന് നടന്ന ഒരു അട്ടിമറിയെ തുടർന്ന് അട്ടിമറിവിരുദ്ധ പ്രക്ഷോഭകരെ സർക്കാർ കൊലപ്പെടുത്തിയത് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കമായാണ് പരക്കെ കാണുന്നത്. എൽ സാൽവഡോറിൽ മൂന്ന് അമേരിക്കൻ കന്യാസ്ത്രീകളും ഒരു വിശ്വാസിയും ഡെത്ത് സ്ക്വാഡുകളാൽ കൊല്ലപ്പെട്ടത് 1980 ഡിസംബർ രണ്ടിനായിരുന്നു. 1980 കളിൽ നിരവധി കത്തോലിക്ക വൈദികരുൾപ്പെടെ 70,000 ഓളം സാൽവഡോറക്കാർ തീവ്രവാദികൾ ആഭ്യന്തരയുദ്ധം നിമിത്തം മരിച്ചതായി കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, 1992 ജനുവരി 16 ന് മെക്സിക്കോ സിറ്റിയിൽ ചാപ്പുൾടെപെക് സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ യുദ്ധം ഔപചാരികമായി അവസാനിച്ചില്ല.

1971 ഡിസംബർ രണ്ടിനാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിലവിൽവന്നത്. 1950 കളിൽ എണ്ണനിക്ഷേപം കണ്ടെത്തുന്നതുവരെ യു. എ. ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടിരുന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. 1968 ൽ ബ്രിട്ടീഷുകാർ അറേബ്യയിൽനിന്നുള്ള പിൻവാങ്ങൽ പ്രഖ്യാപിച്ചതോടെയാണ് അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സയ്യിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ അറേബ്യൻ എമിറേറ്റുകൾക്കിടയിൽ സഖ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അതനുസരിച്ച 1971 ൽ ആറ് സ്റ്റേറ്റുകളിലെ ഭരണാധികാരികൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപിച്ചുകൊണ്ടുള്ള ഉടമ്പടിയിൽ ഒപ്പുവച്ചു. അബുദാബി, ദുബായ്, ഷാർജ, ഉം അൽ കുവൈൻ, ഫുജൈറ, അജ്മാൻ എന്നിവയായിരുന്നു ആറ് സ്റ്റേറ്റുകൾ. തൊട്ടടുത്ത വർഷം റാസ് അൽ ഖൈമ, ഫെഡറേഷനിലെ ഏഴാമത്തെ അംഗമായി ചേർന്നു. നിലവിൽ ഏഴ് അംഗങ്ങളാണ് യു. എ. ഇ. യിലുള്ളത്.

മനുഷ്യശരീരത്തിൽ ആദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചത് 1982 ഡിസംബർ രണ്ടിനായിരുന്നു. അമേരിക്കൻ സർജനായ വില്യം ഡിവ്രിസാണ് ആദ്യമായി മനുഷ്യശരീരത്തിൽ കൃത്രിമഹൃദയം പരീക്ഷിച്ചത്. സിയാറ്റിലിലെ ദന്തരോഗ വിദഗ്ദ്ധനായിരുന്ന ഡോ. ബാർണി ക്ലാർക്കിന്റെ ശരീരത്തിലായിരുന്നു പരീക്ഷണം. 61 വയസ്സുകാരനായിരുന്ന അദ്ദേഹം ഹൃദ്രോഗബാധിതനായിരുന്നു. കൃത്രിമഹൃദയവുമായി ബാർണി ജീവിച്ചത് 112 ദിവസങ്ങളാണ്. ജാർവിക് 7 എന്ന കൃത്രിമഹൃദയമായിരുന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നത്. റോബർട്ട് കെ. ജാർവിക് എന്നയാളാണ് ഈ കൃത്രിമഹൃദയം വികസിപ്പിച്ചത്. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാകാനിരിക്കുന്ന ആളുകൾക്ക് താൽകാലികമായി ഉപയോഗിക്കാവുന്ന ഉപകരണമെന്ന നിലയിലാണ് ജാർവിക്-7 രൂപകൽപന ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വാതകദുരന്തം നടന്നത് 1984 ഡിസംബർ രണ്ടിനായിരുന്നു. അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിൽനിന്നും പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിന് ആളുകളാണ് അന്ന് മരണമടഞ്ഞത്. ഫാക്ടറിയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിനിടെ മീഥൈൽ എസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറിയതുമൂലമുണ്ടായ രാസപ്രവർത്തനഫലമായാണ് വിഷവാതക ചോർച്ചയുണ്ടായത്. കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഭോപ്പാൽജനത അന്ന് രാത്രി തെരുവുകളിലിറങ്ങി. നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ശവപ്പറമ്പായി മാറിയിരുന്നു. 3,787 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, പതിനായിരത്തിലധികം ആളുകൾ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News