ജപ്പാനിലെ ഫുജി അഗ്നിപർവതത്തിൽ അവസാനമായി സ്ഫോടനമുണ്ടായത് 1707 ഡിസംബർ 16 നായിരുന്നു. 100 കിലോമീറ്റർ അകലെയുള്ള ഈദോ പട്ടണത്തിലുൾപ്പെടെ ചാരവും പൊടിപടലങ്ങളും ചിതറിത്തെറിച്ചു. രാജ്യതലസ്ഥാനമായ ടോക്കിയോയുടെ കേന്ദ്രഭാഗമായിരുന്നു ഈദോ പട്ടണം. ചാരവും പൊടിപടലങ്ങളും മൂടിയത് പ്രദേശത്തെ കൃഷിയെ സാരമായി ബാധിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ പട്ടിണിമരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പ്രദേശത്ത് 8.6 മാഗ്നിറ്റ്യൂഡിലുണ്ടായ ഭൂമികുലുക്കമാണ് പർവതം പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും അടുത്ത കാരണമായി കണക്കാക്കപ്പെടുന്നത്. 1707 നുശേഷം സ്ഫോടനത്തിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെങ്കിലും 3776 മീറ്റർ ഉയരമുള്ള ജപ്പാനിലെ ഏറ്റവും വലിയ ഈ പർവതത്തെ ഇപ്പോഴും ആക്ടീവ് അഗ്നിപർവതമായാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.
1773 ഡിസംബർ 16 നാണ് ബോസ്റ്റൺ ടീ പാർട്ടി നടന്നത്. മസാച്യുസെറ്റ് നിവാസികൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ പ്രതിഷേധമായിരുന്നു ഇത്. അമേരിക്കൻ വിപ്ലവത്തിന്റെ മുഖ്യകാരണമായി കരുതപ്പെടുന്നതും ഈ സംഭവമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചായയ്ക്കുമേൽ ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് മൂന്ന് കപ്പലുകളിലുണ്ടായിരുന്ന 342 കണ്ടെയ്നർ തേയില ബോസ്റ്റൺ തുറമുഖത്തുവച്ച് മൊഹോക് ഇന്ത്യൻസിന്റെ വേഷത്തിലെത്തിയ അമേരിക്കൻ ദേശസ്നേഹികൾ നശിപ്പിക്കുകയായിരുന്നു. 1765 ലെ സ്റ്റാമ്പ് ആക്ടും 1767 ലെ ടൗൺ ഷെഡ് ആക്ടും ബിൽ അവതരിപ്പിക്കാതെ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയതാണ് മറ്റൊരു കാരണം. ഇതോടെ കോളനികളിൽ തേയിലയുടെ വിൽപന 3,20,000 പൗണ്ടിൽനിന്നും 520 പൗണ്ടായി മാറി. സ്ത്രീകളുടെ സാന്നിധ്യം ഈ പ്രതിഷേധത്തെ വ്യത്യസ്തമാക്കി. കോളനികളിലെ ബ്രിട്ടീഷ് നയങ്ങൾക്കെതിരെയുള്ള വനിതകളുടെ ആദ്യ പ്രതികരണങ്ങളിലൊന്നായി ഈ സംഭവം കരുതപ്പെടുന്നു.
ബംഗ്ലാദേശിനെ മോചിപ്പിക്കാൻ ഇന്ത്യ പാക്കിസ്ഥാനുമായി നടത്തിയ യുദ്ധം അവസാനിച്ചത് 1971 ഡിസംബർ 16 നായിരുന്നു. അന്നുമുതൽ വിജയദിവസമായാണ് ഇന്ത്യ ഈ ദിനം ആചരിക്കുന്നത്. ഇന്ത്യൻ സായുധസേന ഓപ്പറേഷൻ വിജയ് എന്നപേരിൽ നടത്തിയ ദൗത്യം പൂർത്തിയായ ദിവസവും കൂടിയാണിത്. 13 ദിവസങ്ങൾ നീണ്ട യുദ്ധം അവസാനിച്ചതോടെ കിഴക്കൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്രരാഷ്ട്രമായി മാറി. 93000 പാക്കിസ്ഥാൻ പട്ടാളക്കാരെ കീഴടക്കിയാണ് ഇന്ത്യ അന്ന് ലോകഭൂപടത്തിൽ പുതിയൊരു രാജ്യത്തിന്റെ അതിർത്തി വരച്ചുചേർത്തത്.