1065 ഡിസംബർ 28 നാണ് ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിനിസ്റ്റർ ആബിയുടെ നിർമാണം പൂർത്തിയായത്. പരമ്പരാഗതമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണം നടക്കുന്നത് ഇവിടെയാണ്. രാജകീയ വിവാഹങ്ങളും രാജകുടുംബത്തിൽപെട്ടവരുടെ മരണാനന്തര ശുശ്രൂഷകളും ഇവിടെവച്ചു തന്നെയാണ് നടക്കാറുള്ളത്. 1042 ൽ എഡ്വാർഡ് ദി കൺഫെസർ ആണ് ഈ ആശ്രമത്തിന്റെ പണികൾ ആരംഭിച്ചത്. ഏകദേശം 10 വർഷത്തിനുശേഷം അദ്ദേഹത്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ആബിയുടെ നിർമാണം പൂർത്തിയായി. അതിനുശേഷം എഡ്വേർഡ് രാജാവിന്റെ പിൻഗാമിയായ ഹരോൾഡ് രണ്ടാമന്റെ കിരീടധാരണം നടന്നിരുന്നുവെങ്കിലും ഈ ആബിയിൽ നടന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ കിരീടധാരണം വില്യം ദി കോൺക്വററിന്റേതാണ്. 1245 ൽ ഹെൻറി മൂന്നാമൻ ഗോഥിക് ശൈലിയിൽ ഇന്ന് കാണുന്ന രീതിയിൽ ഈ ആശ്രമം പുനർനിർമിച്ചു.
ലൂമിയർ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ലൂയീസ് ലൂമിയറും അഗസ്റ്റെ ലൂമിയറും കണ്ടെത്തിയ സിനിമാറ്റോഗ്രാഫ് എന്ന ഉപകരണം പൊതുജനങ്ങൾക്കുമുമ്പിൽ ആദ്യമായി പ്രദർശിപ്പിച്ചത് 1895 ഡിസംബർ 28 നായിരുന്നു. ഫ്രാൻസിലെ ഗ്രാന്റ് കഫേയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. ക്യാമറയായും പ്രൊജക്ടറായും ഉപയോഗിക്കാവുന്ന ആദ്യത്തെ മോഷൻ പിക്ചർ ഉപകരണങ്ങളിലൊന്നാണിത്. ചെറിയ കാലയളവിനുള്ളിൽ യൂറോപ്പിലും അമേരിക്കയിലും ഈ ഉപകരണം ഉപയോഗിക്കപ്പെട്ടു. ആദ്യകാലഘട്ടത്തിൽ ലൂമിയർ സാങ്കേതികവിദ്യ യൂറോപ്യൻ നിലവാരമായി മാറി. റഷ്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ വിദൂര സിനിമാശാലകളുടെ സ്ഥാപക ഉപകരണമായും സിനിമാറ്റോഗ്രാഫ് മാറി.
1885 ഡിസംബർ 28 നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടത്. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂം, ദാദാഭായ് നവറോജി, ദിൻഷോ വാച്ച എന്നിവർ ചേർന്നാണ് ഇത് ആരംഭിച്ചത്. രാജ്യത്തിന്റെ ഭരണത്തിൽ കൂടുതൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അന്നത്തെ വൈസ്രോയിയായിരുന്ന ഡഫ്രിൻ പ്രഭുവിന്റെ അനുമതിയോടെയാണ് കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടത്തിയത്. രൂപീകരിക്കപ്പെട്ട ദിവസം തന്നെ ബോംബെയിൽ വച്ചായിരുന്നു ആദ്യ സമ്മേളനം. പൂനെയിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ കോളറ പടർന്നുപിടിച്ചതിനാലാണ് സമ്മേളനവേദി ബോംബെയിലേക്കു മാറ്റിയത്. വുമേഷ് ചന്ദ്ര ബാനർജിയായിരുന്നു ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ. ഇന്ത്യയിലെ എല്ലാ പ്രവിശ്യകളെയും പ്രതിനിധീകരിച്ച് 72 പേരാണ് ആദ്യ സെഷനിൽ പങ്കെടുത്തത്. പിന്നീട് പൂർണ്ണസ്വരാജ് അഥവാ സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി മാറി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതിൽ നിർണ്ണായകപങ്കു വഹിച്ച പ്രസ്ഥാനമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്.