Thursday, January 23, 2025

വർധിക്കുന്ന ആക്രമണങ്ങൾ: രോഷവും നിരാശയും വെളിപ്പെടുത്തി ചൈനയിലെ ജനങ്ങൾ

2024 അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു വർഷമായി നീളുന്ന ആക്രമണപരമ്പരകളിൽ അസ്വസ്ഥരാണ് ചൈനയിലെ ജനങ്ങൾ. 2019 മുതൽ 2023 വരെ, കുറ്റവാളികൾ കാൽനടക്കാരെയോ, അപരിചിതരെയോ ആക്രമിക്കുന്ന സംഭവങ്ങൾ വർഷത്തിൽ മൂന്നോ, അഞ്ചോ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം അത് 19 ആയി ഉയർന്നു. കൂടാതെ, നിരവധി ആക്രമണസംഭവങ്ങളിലും വൻ വർധനവാണ് ഈ വർഷം ഉണ്ടായത്.

2019 ൽ ഇത്തരം സംഭവങ്ങളിൽ മൂന്നുപേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023 ൽ 16 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024 ൽ 63 പേർ കൊല്ലപ്പെടുകയും 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ പ്രത്യേകിച്ചും രക്തരൂക്ഷിതമായിരുന്നു.

ആ മാസം 11 ന്, ജുഹായ് നഗരത്തിലെ ഒരു സ്റ്റേഡിയത്തിനു പുറത്ത് വ്യായാമം ചെയ്തിരുന്ന ആളുകൾക്കുനേരെ 62 കാരനായ ഒരാൾ കാർ ഇടിച്ചുകയറ്റുകയും 35 പേർ കൊല്ലപ്പെടുകയും ചെയ്തു. വിവാഹമോചന ഒത്തുതീർപ്പിൽ ഡ്രൈവർ അസന്തുഷ്ടനായിരുന്നതായി പൊലീസ് പറഞ്ഞു. ഈ ആഴ്ചയാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.

ദിവസങ്ങൾക്കുശേഷം, ചാങ്ഡെ നഗരത്തിൽ, ഒരു പ്രൈമറി സ്കൂളിനു പുറത്തുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടത്തിലേക്ക് ഒരാൾ വാഹനം ഓടിച്ചുകയറ്റുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാമ്പത്തിക നഷ്ടത്തിലും കുടുംബപ്രശ്നങ്ങളിലും അദ്ദേഹം രോഷാകുലനായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേ ആഴ്ച, പരീക്ഷയിൽ പരാജയപ്പെട്ടതിനുശേഷം ബിരുദം നേടാൻ കഴിയാത്ത 21 കാരൻ വുക്സി നഗരത്തിലെ തന്റെ കാമ്പസിൽ നടത്തിയ ആക്രമണത്തിൽ കുത്തേറ്റ് എട്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സെപ്റ്റംബറിൽ 37 കാരനായ ഒരാൾ ഷാങ്ഹായ് ഷോപ്പിംഗ് സെന്ററിലൂടെ ഓടുകയും പോകുമ്പോൾ ആളുകളെ കുത്തുകയും ചെയ്തു. ജൂണിൽ, നാല് അമേരിക്കൻ ഇൻസ്ട്രക്ടർമാരെ ഒരു പാർക്കിൽ 55 കാരനായ ഒരാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ജാപ്പനീസ് പൗരന്മാർക്കുനേരെ രണ്ട് വ്യത്യസ്ത ആക്രമണങ്ങൾ നടന്നു. അതിൽ ഒന്ന് പത്തു വയസ്സുള്ള ആൺകുട്ടിയെ സ്കൂളിനു പുറത്ത് കുത്തികൊലപ്പെടുത്തുന്നതായിരുന്നു.

‘സമൂഹത്തോടുള്ള അതൃപ്തി’ പ്രകടിപ്പിക്കുന്നതിനായി കുറ്റവാളികൾ പ്രധാനമായും സാധാരണക്കാരായ ആളുകളെ ലക്ഷ്യം വച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഒപ്പം ഈ പ്രവണത വർധിച്ചുവരികയാണെന്ന മുന്നറിയിപ്പും അവർ നൽകുന്നു. എന്നാൽ ഈ വർഷം നടന്ന ഇത്തരത്തിലുള്ള ആക്രമണങ്ങൾ ചൈനീസ് സമൂഹത്തെ ആശങ്കയുടെ നിഴലിലാക്കുകയാണ്. അവർ അതൃപ്തരും നിരാശരുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News