Friday, January 31, 2025

മാസങ്ങളോളം നീണ്ട ആസൂത്രണം, ഓണ്‍ലൈന്‍ ഡയറിയില്‍ പദ്ധതിയുടെ വിശദീകരണം! കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത പതിനെട്ടുകാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു

ബഫല്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ 10 കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത വെള്ളക്കാരനെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പുകളില്‍ നിന്നാണ് ഇതിനു മുമ്പും ഇതേ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും അതിനായുള്ള മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയായിരുന്നെന്നും വിവരം ലഭിച്ചത്.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനേയും കാറില്‍ നിന്ന് വെടിയുതിര്‍ക്കുന്നത് പ്രാക്ടീസ് ചെയ്യുന്നതിനെക്കുറിച്ചും മാര്‍ച്ചില്‍ തന്റെ വീട്ടില്‍ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയതിനെക്കുറിച്ചുമെല്ലാം നവംബര്‍ മാസത്തില്‍ ഇയാള്‍ എഴുതിയിരുന്നു. ആ കുറിപ്പുകള്‍ അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റിന്റെ കൈകൊണ്ട് വരച്ച ഭൂപടങ്ങള്‍ ഉള്‍പ്പെടെ അവിടെ കണക്കാക്കിയ കറുത്തവരുടെ എണ്ണം വരെ പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കല്‍ താന്‍ അവിടെ ചെന്നപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു കറുത്ത സെക്യൂരിറ്റി ഗാര്‍ഡ് താന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച കാര്യവും അതില്‍ വിവരിച്ചിരുന്നു. ശനിയാഴ്ച നടന്ന വെടിവെപ്പില്‍ മരിച്ചവരില്‍ ഒരു കറുത്ത വര്‍ഗക്കാരനായ സെക്യൂരിറ്റി ജീവനക്കാരനും ഉള്‍പ്പെടുന്നു.

വെള്ളക്കാരല്ലാത്ത, ക്രിസ്ത്യാനികളല്ലാത്ത എല്ലാ ആളുകളെയും ഭയപ്പെടുത്താനും അങ്ങനെ അവര്‍ രാജ്യം വിട്ടുപോകാനും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ജെന്‍ഡ്രണ്‍ എഴുതിയതായി കരുതപ്പെടുന്ന 180 പേജുള്ള ഒരു രേഖയും കണ്ടെത്തിയിട്ടുണ്ട്. രേഖയുടെ ആധികാരികത സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചു.

ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വയലന്‍സിലെ റിസര്‍ച്ച് ഫെലോ ആയ മാര്‍ക്ക്-ആന്ദ്രെ അര്‍ജന്റീനോ ആണ് ഓണ്‍ലൈന്‍ മെറ്റീരിയലുകളുടെ പകര്‍പ്പുകള്‍ മാധ്യമങ്ങളുമായി പങ്കിട്ടത്. ആക്രമണത്തിന് മുമ്പ് അയാള്‍ ഡയറി കുറിപ്പുകളുടെ ഒരു ട്രാന്‍സ്‌ക്രിപ്റ്റ് പരസ്യമായി പോസ്റ്റ് ചെയ്തിരുന്നു.

ബഫലോയിലെ ടോപ്സ് ഫ്രണ്ട്ലി മാര്‍ക്കറ്റില്‍ AR-15 സ്‌റ്റൈല്‍ റൈഫിള്‍ ഉപയോഗിച്ച് 18 കാരനായ പെയ്ടണ്‍ ജെന്‍ഡ്രോണ്‍ വെടിയുതിര്‍ത്ത സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ചാറ്റ് പ്ലാറ്റ്ഫോമായ ഡിസ്‌കോര്‍ഡില്‍ നിന്ന് ഇയാളുടെ ഡയറി കണ്ടെത്തിയത്. താന്‍ നടത്തിയ ആക്രമണം ഇയാള്‍ ഹെല്‍മറ്റ് ക്യാമറ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ ലൈവ് സ്ട്രീം ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു. ഇയാളുടെ റൈഫിളില്‍ പോലും വംശീയഅധിക്ഷേപം പ്രകടിപ്പിച്ചിരുന്നതായി വീഡിയോയില്‍ ദൃശ്യമാണ്. ജെന്‍ഡ്രോണിന്റെ കൂടുതല്‍ ഓണ്‍ലൈന്‍ പോസ്റ്റിംഗുകള്‍ കണ്ടെത്താനും അവലോകനം ചെയ്യാനും നിരവധി അന്വേഷകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

ദുഖവും രോഷവും

‘വംശീയ കൊലപാതകങ്ങളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ എന്തിന് അനുവദിക്കുന്നു’ എന്നാണ് വെടിവയ്പില്‍ തന്റെ 86-കാരിയായ അമ്മ റൂത്ത് വിറ്റ്ഫീല്‍ഡിനെ നഷ്ടപ്പെട്ട മുന്‍ ബഫലോ ഫയര്‍ കമ്മീഷണര്‍ ഗാര്‍ണല്‍ വിറ്റ്ഫീല്‍ഡ് ജൂനിയര്‍ ചോദിക്കുന്നത്.

”ഞങ്ങള്‍ വെറുതെ ആരേയും വേദനിപ്പിക്കുന്നില്ല. ഞങ്ങള്‍ ആളുകളോട് മാന്യമായി പെരുമാറുന്നു, ഞങ്ങളുടെ ശത്രുക്കളെപ്പോലും ഞങ്ങള്‍ സ്‌നേഹിക്കുന്നു. എന്നിട്ടും ഞങ്ങളെ വേട്ടയാടുന്നതില്‍ ഞങ്ങള്‍ക്ക് ദേഷ്യമുണ്ട്, ”വിറ്റ്ഫീല്‍ഡ് സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി ബെന്‍ ക്രമ്പിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഈ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ ഞങ്ങള്‍ തിരഞ്ഞെടുക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ ഞങ്ങളെ സംരക്ഷിക്കാതിരിക്കാനും ഞങ്ങളെ തുല്യരായി കണക്കാക്കാതിരിക്കാനും പരമാവധി ശ്രമിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരക്കുട്ടിക്ക് കേക്ക് വാങ്ങാനെത്തിയ ആളും, പലചരക്ക് സാധനങ്ങള്‍ ആളുകളുടെ വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന ഒരു പള്ളി ഡീക്കനും സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ഗാര്‍ഡുമെല്ലാം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആരോണ്‍ സാള്‍ട്ടറിന് ആദരാഞ്ജലി അര്‍പ്പിച്ചു. സാള്‍ട്ടര്‍ ആക്രമണകാരിക്ക് നേരെ ആവര്‍ത്തിച്ച് വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് ഒരുതവണ അക്രമിയെ അടിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരെ രക്ഷിക്കാനാണ് സാള്‍ട്ടര്‍ തന്റെ ജീവന്‍ നല്‍കിയതെന്ന് ബൈഡന്‍ പറഞ്ഞു.

തന്റെ മകനും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനുമായ സയര്‍ ഗുഡ്മാന്‍, സംഭവ സമയം, പുറത്ത് ഒരു സാധനം വാങ്ങുന്നയാളെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു മനുഷ്യന്‍ മിലിട്ടറി വേഷത്തില്‍ കാറില്‍ നിന്ന് ഇറങ്ങി തോക്ക് ചൂണ്ടുന്നത് അവന്‍ കണ്ടതായി പിതാവ് സെനെറ്റ എവര്‍ഹാര്‍ട്ട് പറഞ്ഞു. തുടര്‍ന്ന് ഗുഡ്മാന്റെ കഴുത്തില്‍ വെടിയുണ്ട പതിക്കുകയായിരുന്നു. അവന്‍ ഉടന്‍ ഫോണില്‍ അമ്മയെ വിളിച്ച് തനിക്ക് വെടിയേറ്റതായി പറഞ്ഞു. 20 കാരനായ ഗുഡ്മാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

ആക്രമണത്തിനുശേഷം സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വച്ചുതന്നെ അക്രമി പോലീസിന് കീഴടങ്ങിയിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ച് ഫെഡറല്‍ അധികാരികള്‍ ആലോചിക്കുകയാണ്.

 

Latest News