30 വർഷത്തിലേറെയായി വിജനമായ ഒരു മെഡിറ്ററേനിയൻ ദ്വീപിൽ ജീവിച്ചിരുന്ന സന്യാസി അന്തരിച്ചു. ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിലെ പഴയ രണ്ടാം ലോകമഹായുദ്ധ അഭയകേന്ദ്രമായ ബുഡെല്ലി ദ്വീപിലെ ഏക താമസക്കാരനായി അറിയപ്പെട്ടിരുന്ന മൌറോ മൊറാൻഡിക്ക് എന്ന സന്യാസിയാണ് തന്റെ 85-ാം വയസ്സിൽ അന്തരിച്ചത്.
മാധ്യമങ്ങൾ റോബിൻസൺ ക്രൂസോ എന്ന വിളിപ്പേര് നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. തന്റെ ഏകാന്തജീവിതത്തിൽ അഭിമാനിച്ചിരുന്ന അദ്ദേഹം തിരികെ നഗരജീവിതത്തിലേക്ക് എത്തിയതിന്റെ മൂന്നാം വർഷമാണ് മരണത്തെ പുൽകിയത്. 1989 ൽ പോളിനേഷ്യയിലേക്ക് കപ്പൽ കയറാൻ ശ്രമിക്കുന്നതിനിടെ കപ്പൽ തകർന്നതിനെ തുടർന്നാണ് ഇദ്ദേഹം ബുഡെല്ലി ദ്വീപിൽ താമസിക്കാൻ നിർബന്ധിതനായത്.
അദ്ദേഹത്തിന്റെ ഭാഗ്യം എന്നതുപോലെ, ഈ സമയം ബുഡെല്ലിയുടെ മുൻ സന്യാസി കെയർ ടേക്കർ എന്ന പദവിയിൽനിന്നും വിരമിക്കാൻ പോകുകയായിരുന്നു. അതിനാൽ മൊറാൻഡി ആ ജോലി ഏറ്റെടുക്കുകയും മൂന്ന് പതിറ്റാണ്ടായി മനോഹരമായ ദ്വീപിൽ പവിഴം, ഗ്രാനൈറ്റ്, ഷെല്ലുകൾ എന്നിവ കൊണ്ട് നിർമിച്ച ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തു. 2021 ൽ ഇറ്റാലിയൻ ഭരണകൂടം ദ്വീപിനെ പ്രകൃതിദത്ത പാർക്കാക്കി മാറ്റിയപ്പോൾ ഇറ്റാലിയൻ അധികാരികൾ അദ്ദേഹത്തെ അവിടെനിന്ന് മാറ്റുകയും ചെയ്തു.
ദ്വീപിലെ തന്റെ 32 വർഷത്തെ കാലയളവിൽ, അദ്ദേഹം ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുകയും ദ്വീപിന്റെ ആവാസവ്യവസ്ഥയെക്കുറിച്ച് സഞ്ചാരികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഒരു കെയർ ടേക്കർ എന്ന നിലയിൽ വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
ബുഡെല്ലി ദ്വീപിൽനിന്ന് അദ്ദേഹത്തെ മാറ്റിയ ഇറ്റാലിയൻ ഭരണാധികാരികൾ ലാ മഡലീന എന്ന ദ്വീപസമൂഹത്തിലെ ഒരു അപ്പാർട്ട്മെന്റിലാണ് അദ്ദേഹത്തെ താമസിപ്പിച്ചത്. ദീർഘനാളത്തെ ഏകാന്തവാസത്തിനു ശേഷം മനുഷ്യരാൽ ചുറ്റപ്പെട്ടുള്ളതും തിരക്കേറിയതുമായ ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോൾ എല്ലാം ഒന്നേ എന്നതിൽനിന്ന് അദ്ദേഹത്തിന് തുടങ്ങേണ്ടിവന്നു.
“ഞാൻ സന്തുഷ്ടനാണ്. നല്ല ജീവിതം നയിക്കുന്നതിനും ദൈനംദിന സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നതിനുമുള്ള സന്തോഷം ഞാൻ വീണ്ടും കണ്ടെത്തി” – അദ്ദേഹം സി. എൻ. എന്നിനോടു പറഞ്ഞിരുന്നു.