Thursday, January 23, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 23

1565 ജനുവരി 23 നാണ് തളിക്കോട്ട യുദ്ധം ആരംഭിച്ചത്. ബീജാപ്പൂർ, അഹമ്മദ്നഗർ, ഗോൽക്കൊണ്ട, ബീദർ, എന്നിവിടങ്ങളിലെ സുൽത്താൻമാരുടെ സംയുക്ത സൈന്യവും വിജയനഗര സൈന്യവും തമ്മിൽ കൃഷ്ണാനദിയുടെ തെക്കുഭാഗത്തായി തളിക്കോട്ടയ്ക്കുസമീപം നടന്ന യുദ്ധമാണിത്. സുൽത്താന്മാർ ഒറ്റക്കെട്ടായി ബീജാപ്പൂരിലെ സമതലത്ത് സന്ധിച്ച് 1564 അവസാനത്തോടുകൂടി തെക്കോട്ടുള്ള നീക്കം ആരംഭിച്ചു. ശത്രുവിന്റെ ശക്തി മനസ്സിലാക്കിയ വിജയനഗര സാമ്രാജ്യം വിപുലമായ സൈന്യത്തെ സജ്ജീകരിച്ചു. ഇവരുടെ മുന്നേറ്റത്തെ സുൽത്താന്മാരുടെ സേനയ്ക്ക് തടഞ്ഞുനിർത്താനായില്ല. പരാജയം സംഭവിക്കുമെന്ന ഘട്ടമെത്തിയപ്പോൾ വിജയനഗര സേനയിൽ എൺപതിനായിരത്തോളം ഭടന്മാരുടെ നേതൃത്വം വഹിച്ചിരുന്ന രണ്ട് സേനാനായകന്മാരെ അവർ വശത്താക്കി. അവർ കൂറുമാറിയതോടെ വിജയനഗരസാമ്രാജ്യം യുദ്ധത്തിൽ പരാജയപ്പെട്ടു.

ഇന്ത്യയുടെ പ്രതിരോധമന്ത്രി ആയിരുന്ന വി. കെ. കൃഷ്ണമേനോൻ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് 1957 ജനുവരി 23 നായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായിരുന്നു അത്. ഏഴ് മണിക്കൂറും 48 മിനിറ്റുമാണ് അന്ന് കാശ്മീർ വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പ്രസംഗിച്ചത്. അതോടെ വി. കെ. കൃഷ്ണമേനോൻ ‘ഹീറോ ഓഫ് കാശ്മീർ’ എന്ന് രാജ്യാന്തരവേദിയിൽ അറിയപ്പെട്ടുതുടങ്ങി. യു. എൻ. പൊതുസഭയിൽ പ്രസംഗകർക്ക് തടസ്സമില്ലാതെ എത്രസമയം വേണമെങ്കിലും സംസാരിക്കാവുന്ന ഫിലിബസ്റ്ററിംഗ് എന്ന സമ്പ്രദായം ഉപയോഗപ്പെടുത്തിയാണ് കൃഷ്ണമേനോൻ കശ്മീരിനെ സംബന്ധിച്ച ചരിത്രപ്രസിദ്ധമായ ഈ പ്രസംഗം നടത്തിയത്.

മനുഷ്യർ ആദ്യമായി ചലഞ്ചർ ഡീപ്പിലെത്തിയത് 1960 ജനുവരി 23 നായിരുന്നു. പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ അടിത്തട്ടാണ് മരിയാനാ ട്രഞ്ചിലുള്ള ചലഞ്ചർ ഡീപ്പ്. സ്വിസ് ഗവേഷകനായ ആഗസ്ത് പിക്കാർ നിർമിച്ച, സമുദ്രാന്തർമർദത്തെ അതിജീവിക്കുന്ന, ട്രിയസ്റ്റ എന്ന പര്യവേഷണ വാഹനത്തിലായിരുന്നു യാത്ര. ആഗസ്റ്റ് പിക്കാറിന്റെ മകൻ ജാക്സ് പിക്കാർ, അമേരിക്കൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷ് എന്നിവരാണ് ഈ വാഹനത്തിൽ ആദ്യമായി ചലഞ്ചർ ഡീപ്പിലെത്തിയത്. 4.48 മണിക്കൂർ കൊണ്ട് അവർ 10,911.84 മീറ്റർ ആഴത്തിലെത്തി ചരിത്രമെഴുതി. ചെളിയിളകി കാഴ്ച മറഞ്ഞതോടെ അവർ മടങ്ങുകയായിരുന്നു. ആ ഒമ്പതു മണിക്കൂർ യാത്ര മരിയാന ട്രഞ്ചിലെ ഒട്ടേറെ നിഗൂഢതകളാണ് ലോകത്തിന് വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News