Sunday, February 23, 2025

യുദ്ധം 500 ദിനങ്ങൾ പിന്നിടുമ്പോൾ ഇസ്രായേൽ സൈനികരുടെ മാനസികാരോഗ്യനില അപകടകരമാംവിധം ആശങ്കയിലേക്ക് 

2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ – ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ട് 500 ദിവസങ്ങൾ പിന്നിടുമ്പോൾ സൈനികരുടെ മാനസികാരോഗ്യത്തെക്കുറിച്ച്  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ലഭ്യമായി. പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പിൽനിന്നും ഐ ഡി എഫിൽ നിന്നും ലഭിച്ച അപ്‌ഡേറ്റ് ചെയ്ത ഡാറ്റ, സൈനികർ, റിസർവിസ്റ്റുകൾ, സുരക്ഷാസേനകൾ എന്നിവരെ യുദ്ധം എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു.

കണക്കുകൾപ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം 846 സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 15,000 പേർക്ക് പരിക്കേറ്റു. 8600 പേർക്ക് ശാരീരിക പരിക്കുകളും 7500 പേർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി റ്റി എസ് ഡി), ഉത്കണ്ഠ, വിഷാദം, ക്രമീകരണ വൈകല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മാനസിക ആഘാതവും ഉണ്ടായിട്ടുണ്ട്. മരണമടഞ്ഞവരിൽ 7 % സ്ത്രീകളും 93 % പുരുഷന്മാരുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരിക്കേറ്റവരിൽ 66% പേർ റിസർവ് സൈനികരും 17% പേർ സജീവ സൈനികരുമാണ്. അതോടൊപ്പം 10% പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. കൊല്ലപ്പെട്ടവരിൽ പകുതിയിലധികവും (51%) 18-29 വയസ്സ് പ്രായമുള്ളവരും 30% പേർ 30 നും 39 നും ഇടയിൽ പ്രായമുള്ളവരുമാണ്.

യുദ്ധത്തിന്റെ തീവ്രതയ്ക്ക് അടിവരയിടുന്ന ശ്രദ്ധേയമായ ഒരു സ്ഥിതിവിവരക്കണക്ക് ഇതാണ്: 1500 സൈനികർക്ക് രണ്ടുതവണ പരിക്കേറ്റു. എങ്കിലും പരിക്കുകൾ അവഗണിച്ച് അവർ യുദ്ധമുഖത്തേക്കു മടങ്ങി. പോരാട്ടത്തിന്റെ തുടക്കത്തിൽ ചിലർക്ക് ശാരീരികമായി പരിക്കേറ്റു. അവർക്ക് ചികിത്സ നൽകി, അവർ വീണ്ടും മുൻനിരയിലേക്കു മടങ്ങി. എന്നാൽ വീണ്ടും പരിക്കേറ്റു. മാനസിക ആഘാതം അനുഭവിച്ച മറ്റുള്ളവർ, കൂടുതൽ വൈകാരിക ക്ലേശങ്ങൾ സഹിച്ചുകൊണ്ട് പോരാട്ടത്തിൽ വീണ്ടും ചേരാൻ തീരുമാനിച്ചു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു സംസ്ഥാന കൺട്രോളറുടെ റിപ്പോർട്ട്, വരാനിരിക്കുന്ന ഒരു ദേശീയ മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. “യുദ്ധത്തിന്റെ ഫലമായി കുറഞ്ഞത് മൂന്ന് ദശലക്ഷമെങ്കിലും ഇസ്രായേലികളിൽ വിഷാദം, ഉത്കണ്ഠ, പി റ്റി എസ് ഡി എന്നിവയുടെ ലക്ഷണങ്ങൾ വികസിപ്പിച്ചേക്കാം” എന്ന് കണക്കാക്കുന്നു.

ശാരീരികമായി പരിക്കേറ്റ സൈനികർ ശസ്ത്രക്രിയകളും ഫിസിയോ തെറാപ്പിയും ഉൾപ്പെടുന്ന ദീർഘകാല പുനരധിവാസം നേരിടുമ്പോൾ, മാനസിക ആഘാതമേറ്റവർ അതുപോലെതന്നെയുള്ള കാര്യങ്ങളെ അഭിമുഖീകരിക്കുന്നു. വരും വർഷങ്ങളിൽ യുദ്ധവുമായി ബന്ധപ്പെട്ട മാനസിക കേസുകളിൽ കുത്തനെ വർധനവുണ്ടാകുമെന്ന് മാനസികാരോഗ്യ വിദഗ്ധർ പ്രവചിക്കുന്നു. ഇത് ഇസ്രായേലിന്റെ ആരോഗ്യസംരക്ഷണ, ക്ഷേമസംവിധാനങ്ങൾക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്ന അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News