താലിബാന്‍ മന്ത്രാലയത്തിലെ പ്രിവന്‍ഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രൊമോഷന്‍ ഓഫ് വെര്‍ച്യു, ഇന്‍സ്‌പെക്ടര്‍മാര്‍ (സദാചാര പോലീസ്) അവരുടെ നീണ്ട വെള്ള ഗൗണുകളിലാണ് നഗരത്തില്‍ റോന്ത് ചുറ്റാറുള്ളത്. അഫ്ഗാനിസ്ഥാനില്‍, താലിബാന്‍ ഗ്രൂപ്പിന്റെ കടുത്ത വീക്ഷണങ്ങള്‍ക്കനുസൃതമായി ഒരു പുതിയ, കൂടുതല്‍ ‘ഇസ്ലാമിക’ ഐഡന്റിറ്റി രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ചിലസമയങ്ങളില്‍ അവര്‍ ഫുഡ് ഇന്‍സ്പക്ടര്‍മാരുടെ റോളും സ്വീകരിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാബൂളിലെ ഒരു ബഹുനില ഷോപ്പിംഗ് സെന്ററിലെ സന്ദര്‍ശന വേളയില്‍, ഉല്‍പ്പന്നങ്ങളുടെ കാലഹരണ തീയതി കഴിഞ്ഞോ എന്ന് താലിബാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കുകയും സ്ത്രീകളുടെ ശരീരം ഉള്‍ക്കൊള്ളുന്ന പരസ്യ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി കടയുടമകള്‍ പറയുന്നു.
ഏറ്റവും ഒടുവിലെ പരിശോധനയില്‍ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ, 25 വയസ്സുള്ള മുന്‍ മദ്രസാ വിദ്യാര്‍ത്ഥി മൗലവി മഹ്മൂദ് ഫാത്തിഹാണ് നേതൃത്വം നല്‍കിയത്. കടയുടമകളെയും കാഴ്ചക്കാരെയും അഭിസംബോധന ചെയ്തുകൊണ്ട്, പ്രാര്‍ത്ഥനയുടേയും താടി വളര്‍ത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഒരു പ്രഭാഷണം നടത്തി. താടി വയ്ക്കുന്നത് മുഹമ്മദ് നബിയുടെ മാതൃകയാണെന്നും അതിന് മറ്റ് ‘ഗുണങ്ങളും’ ഉണ്ടെന്ന് ഒരു ചിരിയോടെ കൂട്ടിച്ചേര്‍ത്തു. ‘ഈ പുരോഹിതന്മാര്‍ക്ക് രണ്ടോ മൂന്നോ ഭാര്യമാരുണ്ട്,’ അയാള്‍ തന്റെ സഹ ഇന്‍സ്‌പെക്ടര്‍മാരെ ചൂണ്ടിക്കാണിച്ച് പറഞ്ഞു.
മാളിലെ സ്റ്റെയറിലെ തൂണില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒട്ടിച്ചിരിക്കുന്ന ഒരു ചെറിയ പ്രിന്റൗട്ടില്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളുണ്ട് – ഒന്ന് നീല ബുര്‍ക്കയാണ്, മറ്റൊന്ന് സമാനമായ കറുത്ത വസ്ത്രമാണ്. ‘മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക മൂടുപടം പിന്തുടരണം, ഇതാണ് ശരിയത്തിന്റെ ഉത്തരവ്,’ എന്ന് അതില്‍ എഴുതിയിട്ടുമുണ്ട്.
‘ഹിജാബ് ധരിക്കുന്ന സ്ത്രീയും അല്ലാത്ത സ്ത്രീയും തമ്മില്‍ നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിയും,’ മൗലവി ഫാത്തിഹ് ബിബിസിയോട് പറഞ്ഞു. ‘ഒരു സ്ത്രീ യാതൊരു വിനയവും മൂടുപടവും ഇല്ലാതെ പൂര്‍ണ്ണമായും പരിധികള്‍ ലംഘിക്കുകയാണെങ്കില്‍, ഞങ്ങള്‍ അവളുടെ പുരുഷ രക്ഷാധികാരിയെ കണ്ടെത്തി തിരുത്താന്‍ ശ്രമിക്കും.’ അയാള്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കാന്‍ മന്ത്രാലയത്തിന് എന്ത് അവകാശമാണുള്ളത് എന്ന ചോദ്യത്തിന് മൗലവി ഫാത്തിഹ് മറുപടി നല്‍കിയതിങ്ങനെയാണ്.. ‘ഇത് മന്ത്രാലയത്തിന്റെ ഉത്തരവല്ല, ദൈവത്തിന്റെ കല്‍പ്പനയാണ്..സദാചാര അഴിമതിയുടെ യഥാര്‍ത്ഥ കാരണം മുഖമാണ് – മുഖം മറച്ചില്ലെങ്കില്‍ പിന്നെ ഹിജാബിന്റെ പ്രയോജനം എന്താണ്?’
വൈസ് ആന്‍ഡ് വെര്‍ച്യു ഇന്‍സ്‌പെക്ടര്‍മാര്‍ ബസുകളും പരിശോധിക്കാറുണ്ട്. അവിടെയും സ്ത്രീകള്‍ മുഖം മറയ്ക്കുന്നുണ്ടോയെന്നും പുരുഷന്മാരും സ്ത്രീകളും അടുത്തിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു.
സമൂഹത്തില്‍ നിന്ന് ധാര്‍മ്മിക അഴിമതി നീക്കം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈസ് ആന്‍ഡ് വെര്‍ച്യു ഇന്‍സ്‌പെക്ടര്‍മാര്‍ വാദിക്കുമ്പോള്‍ ‘എന്താണ് ധാര്‍മ്മിക അഴിമതി? സമൂഹത്തിന്റെ പകുതിയായ സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതോ?’ എന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.