Saturday, February 22, 2025

ഇന്ന് ലോക മാതൃഭാഷാദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകതകൾ

മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിലലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോക മാതൃഭാഷാദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു ദിനമാണ് ലോക മാതൃഭാഷാദിനം എന്ന് പറയാം.

1999 നവംബര്‍ 17 നാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത്. 2000 ത്തിലെ യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഇത് ശരിവയ്ക്കുകയും ലോക മാതൃഭാഷാദിനം ലോകം ആചരിക്കുകയും ചെയ്തു.

ഫെബ്രുവരി 21 തിരഞ്ഞെടുക്കാന്‍ കാരണം

1952 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാർഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍; അതായത് ഇന്നത്തെ ബംഗ്ലാദേശ്ശില്‍ കൂടുതലും. അവരാണ് തങ്ങളുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.

മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആരംഭിച്ച പ്രക്ഷോഭത്തെ വെടിയുണ്ടകള്‍ കൊണ്ടാണ് ഭരണകര്‍ത്താക്കള്‍ നേരിട്ടത്. 1952 ഫെബ്രുവരി 21 നും പിറ്റേന്നുമായി പലവട്ടം വെടിവയ്പ്പ് നടന്നു. നിരവധിപേര്‍ ഇതില്‍ കൊല്ലപ്പെട്ടു. മാതൃഭാഷയ്ക്കുവേണ്ടി ധീരമരണം വരിച്ചവരുടെ ഓര്‍മ്മയ്ക്കായാണ് മാതൃഭാഷാദിനമായി ഫെബ്രുവരി 21 ആചരിക്കുന്നത്.

ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷകളെ സംരക്ഷിക്കണം എന്ന് 2007 ല്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം നല്‍കുകയും 2008 ല്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഭാഷാവര്‍ഷമായി ആചരിക്കുകയും ചെയ്തു.

മലയാള മഹിമ

ഇന്ന് ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. 2013 ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനപ്രകാരം മലയാളഭാഷ ക്ലാസിക് ഭാഷയായും അംഗീകരിക്കപ്പെട്ടു. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാരഭാഷ മലയാളമാണ്. ലോകത്ത് മൂന്നരക്കോടിയിലധികം ആളുകള്‍ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കുന്നത്. 2018 ജൂണ്‍ മുതല്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിയമം കേരളത്തിലുണ്ട്.

ഇതൊക്കെയാണെങ്കിലും മലയാളം ഉള്‍പ്പെടെ ലോകത്തിലെ ആയിരക്കണക്കിന് ഭാഷകള്‍ നിലനില്‍പ്പിന് പ്രയാസപ്പെടുകയാണ്. ശ്രേഷ്ഠപദവി നേടിയിട്ടും, സ്വന്തമായി മലയാളം സര്‍വകലാശാല ഉണ്ടായിട്ടും മലയാളത്തിന് പൂര്‍ണ്ണമായ അംഗീകാരം പല ഔദ്യോഗിക സ്ഥലങ്ങളിലും കിട്ടുന്നില്ല.

മാറുന്ന ലോകക്രമത്തില്‍ വലിയ പ്രതിസന്ധിയും അസ്ഥിത്വപ്രശ്‌നവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കാലാനുസൃതമായിട്ടുള്ള ഇടപെടലുകളും നടപടികളും ഉണ്ടായാല്‍മാത്രമേ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News