1931 ഫെബ്രുവരി 27 നാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ചന്ദ്രശേഖർ ആസാദ് കൊല്ലപ്പെടുന്നത്. സമരമുഖത്ത് യുവാക്കളെ ഒരുമിച്ചുചേർത്ത് സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ ആളായിരുന്നു ആസാദ്. ചന്ദ്രശേഖർ തിവാരി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. വളരെ ചെറിയ പ്രായത്തിൽതന്നെ അദ്ദേഹം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. പതിനഞ്ചാം വയസ്സിൽ ഗാന്ധിജിയോടൊപ്പം നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാൽ ബനാറസിൽവച്ച് അറസ്റ്റിലായപ്പോൾ, പൊലീസ് സ്റ്റേഷനിൽ സ്വന്തം പേരായി അദ്ദേഹം നൽകിയത് സ്വാതന്ത്ര്യം എന്ന് അർഥമുള്ള ‘ആസാദ്’ എന്ന വാക്കാണ്. അങ്ങനെയാണ് ചന്ദ്രശേഖർ ആസാദ് എന്നപേരിൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയത്. ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തലാക്കിയപ്പോൾ, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവാധിഷ്ഠിത പ്രസ്ഥാനത്തിലേക്ക് ആസാദ് ചുവടുമാറി. നിരവധി സായുധ അക്രമണങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി മാറി. 1931 ഫെബ്രുവരി 27 ന് അലഹബാദിലുള്ള ആൽഫ്രഡ് പാർക്കിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഒരു കൂടിക്കാഴ്ചയ്ക്കെത്തിയ അദ്ദേഹത്തെ പൊലീസ് വളയുകയും തുടർന്നു നടന്ന ആക്രമണത്തിൽ ആസാദ് കൊല്ലപ്പെടുകയുമായിരുന്നു.
ഇന്ത്യയുടെ മനസ്സിൽ ഇന്നും ഒരു മുറിവായി അവശേഷിക്കുന്ന ഗുജറാത്ത് കലാപത്തിന്റെ ഏറ്റവും അടുത്ത കാരണമായി കരുതപ്പെടുന്ന ഗോധ്ര സംഭവം നടന്നത് 2002 ഫെബ്രുവരി 27 നാണ്. ഗോധ്ര സ്റ്റേഷനിലേക്ക് പ്രവേശിച്ച സബർമതി എക്സ്പ്രസിന്റെ എസ്-6 നമ്പർ കോച്ചിന് അക്രമികൾ തീവയ്ക്കുകയായിരുന്നു. 27 സ്ത്രീകളും പത്തു കുട്ടികളുമടക്കം 59 പേരാണ് അഗ്നിക്കിരയായി കൊല്ലപ്പെട്ടത്. അതിലേറെയും അയോധ്യയിൽ വച്ചുനടന്ന നൂറുദിന പൂർണാഹുതി മഹായജ്ഞത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ കർസേവകരായിരുന്നു. ഈ ട്രെയിനാക്രമണത്തെ തുടർന്നുണ്ടായ കലാപത്തിൽ, സർക്കാർ പുറത്തുവിട്ട കണക്കുകൾപ്രകാരം 1044 ആളുകൾ കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യൻ സൈനികനും വ്യോമസേനയിൽ പൈലറ്റുമായിരുന്ന അഭിനന്ദൻ വർധമാൻ, പാക്കിസ്ഥാന്റെ അമേരിക്കൻ നിർമ്മിത എഫ്-16 യുദ്ധവിമാനം വെടിവച്ചിട്ടത് ഫെബ്രുവരി 27 നായിരുന്നു; 2019 ൽ. പുൽവാമ ആക്രമണത്തിനു മറുപടിയായി ഇന്ത്യ, ബാലാകോട്ടെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ നിയന്ത്രണരേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിന്റെ ഭാഗമായാണ് അഭിനന്ദൻ വർധമാൻ പാക്ക് വിമാനം തകർത്തത്. അതിനു പിന്നാലെ ഇന്ത്യൻ വിമാനം ആക്രമിക്കപ്പെടുകയും, അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ തൊട്ടടുത്ത ദിവസം പാക്കിസ്ഥാൻ അദ്ദേഹത്തെ മോചിപ്പിച്ചു. 1999 ലെ കാർഗിൽ യുദ്ധത്തിനുശേഷം പാക്കിസ്ഥാൻ പിടിയിലാകുന്ന ആദ്യത്തെ ഇന്ത്യൻ സൈനികനാണ് അഭിനന്ദൻ വർധമാൻ. 2019 ൽ രാഷ്ട്രപതി അദ്ദേഹത്തിന് വീരചക്രം സമ്മാനിച്ചു. 20 വർഷങ്ങൾക്കുശേഷമാണ് ഒരു സൈനികന് വീരചക്ര ലഭിച്ചത്.