Friday, February 28, 2025

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 28

സി വി രാമന് നൊബേൽ പുരസ്കാരം ലഭിക്കാൻ കാരണമായ രാമൻ ഇഫക്ടിനെ സംബന്ധിച്ച പ്രബന്ധം അദ്ദേഹം സമർപ്പിച്ചത് 1928 ഫെബ്രുവരി 28 നായിരുന്നു. ശാസ്ത്രമേഖലയിൽ നൊബേൽ പുരസ്ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര വെങ്കട്ടരാമൻ എന്ന സി വി രാമൻ. 1921 ൽ യൂറോപ്പിൽനിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ച രാമൻ തുടങ്ങിവച്ച പ്രകാശപഠനത്തിന്റെ തുടർച്ചയാണ് അദ്ദേഹവും ശിഷ്യൻമാരും ചേർന്നു കണ്ടെത്തിയ ‘രാമൻപ്രഭാവം.’ ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ്ണ കിരണങ്ങളെ സുതാര്യമായ പദാർഥങ്ങളിൽകൂടി കടത്തിവിട്ടാൽ പ്രകീർണനം മൂലം ആ നിറത്തിൽനിന്നും വ്യത്യസ്തമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നുവെന്നും പ്രകീർണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽകൂടി കടത്തിവിട്ടാൽ വർണ്ണരാജിയിൽ പുതിയ ചില രേഖകൾ പ്രത്യക്ഷപ്പെടുന്നുവെന്നും അദ്ദേഹം കണ്ടെത്തി. ഈ പുതിയ രേഖകളെ ‘രാമൻ രേഖകൾ’ എന്നും ഈ വർണ്ണരാജിയെ ‘രാമൻ വർണ്ണരാജി’ എന്നും വിളിക്കുന്നു. ദ്രാവകങ്ങളിൽ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഭാസമാണ് ‘രാമൻ പ്രഭാവം’ അഥവാ ‘രാമൻ വിസരണം.’ പ്രകാശരശ്മികൾക്ക് ദ്രാവക തന്മാത്രകളിലുണ്ടാകുന്ന രാമൻ വിസരണത്തിന്റെ ഫലമായാണ് കടലിന് നീലനിറമുണ്ടാകുന്നത് എന്ന് വിശദീകരിക്കപ്പെട്ടു. രാമൻ തന്റെ ഗവേഷണപ്രബന്ധം സമർപ്പിച്ച ഫ്രെബ്രുവരി 28 ഇന്ത്യയിൽ ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നു. ഇന്ത്യയിൽ ഒരു സിവിലിയനു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ഭാരതരത്ന കരസ്ഥമാക്കിയ ശാസ്ത്രജ്ഞൻ കൂടിയാണ് സി വി രാമൻ.

നൂറ്റിയാറ് മില്യൺ കാഴ്ചക്കാരെ ഒരേ സമയം ടെലിവിഷനുമുന്നിൽ പിടിച്ചിരുത്തി മാഷ് എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പര അവസാനിച്ചത് 1983 ഫെബ്രുവരി 28 നാണ്. ഗുഡ്ബൈ, ഫെയർവെൽ, ആമേൻ എന്നായിരുന്നു അവസാന എപ്പിസോഡിന്റെ പേര്. മാഷ് പരമ്പരയുടെ പതിനൊന്നാമത്തെ സീസണിലെ പതിനാറാമത്തെ എപ്പിസോഡായിരുന്നു അത്. 2010 വരെ ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം കണ്ട ടെലിവിഷൻ പരിപാടി എന്ന റെക്കോർഡ് ഈ എപ്പിസോഡിനായിരുന്നു. ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഒരു ടെലിവിഷൻ പരമ്പരയുടെ അവസാന എപ്പിസോഡ് എന്ന റെക്കോർഡ് ഇപ്പോഴും മാഷിന്റെ ഫൈനൽ എപ്പിസോഡിനു തന്നെയാണ്. 1970 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രത്തെ ആധാരമാക്കിയാണ് ടെലിവിഷൻ പരമ്പരയും തയ്യാറാക്കിയത്. റോബർട്ട് ആൾട്ട്മാനായിരുന്നു സംവിധായകൻ.

2013 ഫെബ്രുവരി 28 നാണ് വത്തിക്കാൻ ഭരണാധികാരിയും കത്തോലിക്കാ സഭയുടെ തലവനുമായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പാസ്ഥാനം രാജിവച്ചത്. വളരെ അപൂർവമായി മാത്രമാണ് മാർപാപ്പമാർ സ്ഥാനമൊഴിയാറുള്ളത്. 1415 ൽ സ്ഥാനമൊഴിഞ്ഞ പോപ്പ് ഗ്രിഗറി പന്ത്രണ്ടാമനുശേഷം സ്ഥാനമൊഴിയുന്ന ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. എൺപത്തെട്ടാം വയസ്സിൽ പോപ്പ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി 2005 ലാണ് അദ്ദേഹം മാർപാപ്പയാകുന്നത്. എട്ടു വർഷങ്ങൾ അദ്ദേഹം ആ സ്ഥാനത്തിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നങ്ങളാൽ രാജിവച്ച് പോപ്പ് എമിരിറ്റസ് എന്ന ടൈറ്റിൽ സ്വീകരിച്ചു. ഫ്രാൻസിസ് പാപ്പ ചുമതലയേൽക്കുന്നതുവരെ മാർപാപ്പാസ്ഥാനം ഒഴിഞ്ഞുകിടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News