1847 മാർച്ച് മൂന്നിനാണ് സ്കോട്ടിഷ് അമേരിക്കൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രഹാംബെൽ ജനിച്ചത്. ടെലിഫോണിന്റെ കണ്ടെത്തലും ഫോണോഗ്രാഫിൽ നടത്തിയ പരീക്ഷണങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. ശബ്ദത്തെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രസ്തുത കണ്ടെത്തലുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ശാസ്ത്രലോകത്തിന് നിരവധി സംഭാവനകൾ നൽകിയ അദ്ദേഹം 1922 ലാണ് മരിച്ചത്.
1812 ലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് സ്കോട്ട് കീ എഴുതിയ ദി സ്റ്റാർ സ്പാങ്കിൾഡ് ബാനർ എന്ന പാട്ട് അമേരിക്കയുടെ ദേശീയ ഗാനമായി യു എസ് കോൺഗ്രസ് അംഗീകരിച്ചത് 1931 മാർച്ച് മൂന്നിനായിരുന്നു. ഒരു നൂറ്റാണ്ടോളം ആളുകൾ പാടിനടന്ന ആ ഗാനത്തിന്റെ ആദ്യത്തെ നാലു പാദങ്ങളാണ് അമേരിക്ക ദേശീയഗാനമായി സ്വീകരിച്ചത്. 27 മണിക്കൂർ നീണ്ട ബോംബാക്രമണത്തിനുശേഷം ബാൾട്ടിമോർ പിടിച്ചെടുത്ത് അമേരിക്കൻസേന അവിടെ പതാക ഉയർത്തിയതിന്റെ ചിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രാൻസിസ് സ്കോട്ട് തന്റെ കവിത രചിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരനാണ് ആ വരികളെ ഗാനമാക്കിയത്. 1929 ൽ കാർട്ടൂണിസ്റ്റായിരുന്ന റോബർട്ട് റിപ്ലി അമേരിക്കയ്ക്ക് ദേശീയഗാനം ഇല്ലാത്തതിനെക്കുറിച്ചു രചിച്ച ഒരു കാർട്ടൂണിനോടുള്ള പ്രതികരണമായി അമേരിക്കൻ കോൺഗ്രസിലെത്തിയ അഞ്ചു മില്യൻ പരാതികളാണ് ദേശീയഗാനം വേണമെന്ന ചിന്തയിലേക്ക് അമേരിക്കയെ നയിച്ചത്. അതിനെത്തുടർന്നാണ് 1931 ൽ അന്നത്തെ പ്രസിഡണ്ട് ഹെർബർട്ട് ഹൂവർ, ദി സ്റ്റാർ സ്പാങ്കിൾഡ് ബാനറിനെ അമേരിക്കയുടെ ദേശീയഗാനമായി അംഗീകരിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവയ്ക്കുന്നത്.
പ്രശസ്തമായ ടൈം മാസിക പ്രസിദ്ധീകരണം ആരംഭിച്ചത് 1923 മാർച്ച് മൂന്നിനാണ്. ഹെന്റി ലൂസ്, ബ്രിട്ടൻ ഹാഡെൻ എന്നീ രണ്ട് യുവ പത്രപ്രവർത്തകരാണ് ഈ മാഗസിന് തുടക്കമിട്ടത്. ന്യൂയോർക്കിലായിരുന്നു ആരംഭം. തിരക്കുള്ള വായനക്കാർക്കായി വാർത്തകൾ വളരെ ചുരുക്കത്തിൽ ലഭ്യമാക്കുക എന്ന ആശയത്തിൽ നിന്നാണ് ടൈം മാഗസിന്റെ പിറവി. തുടക്കത്തിൽ ഹാഡനായിരുന്നു മാസികയുടെ എഡിറ്റർ, ലൂസ് ബിസിനസ് മാനേജറും. വാർത്തകളെഴുതാൻ ടൈം മാസിക ഉപയോഗിച്ചിരുന്ന രീതിയാണ് പിന്നീട് പല മാധ്യമങ്ങളും കടം കൊണ്ടത്. വാർത്തകളെ ദേശീയം, അന്തർദേശീയം, ബിസിനസ്, കായികം തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതും ടൈം മാസികയാണ്.
അതിസാഹസികമായൊരു ദൗത്യം പൂർത്തിയാക്കി സ്റ്റീവ് ഫൊസെറ്റ് തന്റെ പേര് വ്യോമയാന ചരിത്രത്തിൽ എഴുതിച്ചേർത്തത് 2005 മാർച്ച് മൂന്നിനായിരുന്നു. പറന്നുയർന്ന ശേഷം, ഇന്ധനം നിറയ്ക്കാതെ, ഒറ്റയ്ക്ക് ഒരു വിമാനത്തിൽ ഭൂമിയെ വലംവച്ചാണ് അന്ന് ഫൊസെറ്റ് ചരിത്രം സൃഷ്ടിച്ചത്. അമേരിക്കയിലെ സാലിനയിൽനിന്ന് പറന്നുയർന്ന അദ്ദേഹം രണ്ടുദിവസങ്ങൾക്കും 17 മണിക്കൂറുകൾക്കുശേഷം അവിടെത്തന്നെ തിരിച്ചിറങ്ങി. ഒരാൾക്കുമാത്രം ഇരിക്കാവുന്ന ഗ്ലോബൽ ഫ്ളയർ എന്ന വിമാനത്തിലായിരുന്നു യാത്ര. ലോകം ചുറ്റാനെടുത്ത സമയം, ഇന്ധനം നിറയ്ക്കാതെയും നിർത്താതെയുമുള്ള യാത്ര, ഭൂമിയെ വലംവയ്ക്കാനായി സഞ്ചരിച്ച ദൂരം എന്നീ മൂന്നു കാര്യങ്ങളിൽ നിലവിലുണ്ടായിരുന്ന റെക്കോർഡുകളെ തകർത്താണ് അദ്ദേഹം തിരിച്ചിറങ്ങിയത്.